Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാഡിയെ പോലെ അച്ചുവിനേയും ഓർക്കണം

ഷാൻ ജോൺസൺ ഏറ്റവും അവസാനം മനോരമ ഓൺലൈന് നൽകിയ അഭിമുഖം

അവിചാരിതമായി പെയ്ത പെരുമഴയില്‍ ഒറ്റയ്ക്കായി പോയ കുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നിരിക്കണം ഷാന്‍. രംഗ ബോധമില്ലാത്ത കോമാളിയായി മരണം വീണ്ടും വീണ്ടും അവതരിച്ചപ്പോള്‍ ആറുമാസത്തെ ഇടവേളക്കിടെ ഷാനിന് നഷ്ടപ്പെട്ടത് സ്വന്തം പിതാവിനെയും സഹോദരനെയുമാണ്. ജോണ്‍സണ്‍ മാഷ് എന്നു മലയാളികള്‍ ആദരവോടെ വിളിക്കുന്ന ഷാനിന്‍റെ പിതാവിനു മുഖവരകളുടെ ആവശ്യമില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ മകന്‍ റെന്‍ ജോണ്‍സണെ അറിയുന്നവര്‍ വിരളമാണ്. ഡാഡിക്കൊപ്പം തന്‍റെ സഹോദരനും ഓര്‍മിക്കപ്പെടണമെന്ന ആഗ്രഹത്തിനു ഷാന്‍ സാക്ഷാത്കാരം നല്‍കിയതാവട്ടെ ഒരു വീഡിയോ ആല്‍ബത്തിലൂടെയും. ജോണ്‍സണ്‍ ഈണമിട്ട ‘മനസിന്‍ മടിയിലെ മാന്തളിരില്‍’ എന്ന ഗാനമാണ് ഇതിനായി ഷാന്‍ തിരഞ്ഞെടുത്തത്. ഷാന്‍ അച്ചുവെന്ന വിളിക്കുന്ന റെന്നിന്‍റെ ജന്മദിനത്തില്‍ യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം അരലക്ഷത്തിലേറെ പേരാണ് വീക്ഷിച്ചത്. ഓര്‍മകളുടെ പെരുമഴയത്ത് നിന്ന് ഷാന്‍ സംസാരിച്ചു തുടങ്ങുന്നു.

shan-with-achu

മ്യൂസിക് വീഡിയോയുടെ പിന്നിലെ പ്രചോദനം

ജോണ്‍സണ്‍ മാഷിനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ഡാഡി ഈണമിട്ട അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹം എല്ലാകാലത്തും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. 2011 ഓഗസ്റ്റിലാണ് ഡാഡി ഞങ്ങളെ വിട്ടു പോകുന്നത്. അതിന്‍റെ ആഘാതത്തില്‍ നിന്ന് കരകേറും മുമ്പ് ഫെബ്രുവരിയില്‍ അച്ചുവിനെയും കാലം കടമെടുത്തു. ഡാഡിയും അച്ചുവും എന്നും എപ്പോഴും എന്‍റെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഡാഡിയെ പോലെ തന്നെ അച്ചുവും ഓര്‍മിക്കപ്പെടണമെന്ന് എനിക്ക് തോന്നി. അത് ഒരു പാട്ടിലൂടെയായാല്‍ കൂടുതല്‍ നന്നാകുമെന്നു തോന്നി. എന്‍റെയും അച്ചുവിന്‍റെയും ഓര്‍മചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. അച്ചുവിന്‍റെ ജന്മദിനമായ നവംബര്‍ 16നാണ് ഗാനം യൂട്യൂബിലൂടെ റിലീസ് ചെയ്യാന്‍ തിരഞ്ഞെടുത്തത്. മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിക്കുന്നത്. അച്ചു പാട്ടിലൂടെ ഓര്‍മിക്കപ്പെടുന്നു എന്നതിന്‍റെ തെളിവു കൂടിയാണിത്. ഒരുപാട് സന്തോഷം തോന്നുന്നു. ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം എന്‍റെ സുഹൃത്തുക്കളാണ്. അവരുടെ പ്രോത്സാഹനവും പിന്തുണയുമാണ് ഇങ്ങനെയൊരു ആഗ്രഹം പൂര്‍ത്തികരിക്കാന്‍ എനിക്ക് ശക്തി നല്‍കിയതെന്നു പറയാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു.

shan-family

എന്തുകൊണ്ട് ‘മനസിന്‍ മടിയിലെ മാന്‍ തളിരേ’ എന്ന ഗാനം

ഇങ്ങനെയൊരു മ്യൂസിക് വീഡിയോ ചെയ്യണമെന്നു ചിന്തിച്ചപ്പോള്‍ പല ഗാനങ്ങളും മനസ്സിലേക്ക് കടന്നു വന്നിരുന്നു. ‘ആരോമല്‍ കുഞ്ഞ് ഉറങ്ങ് ഉറങ്ങ്’ എന്ന ഗാനമൊക്കെ പരിഗണിച്ചിരുന്നു. ഒടുവില്‍ ‘മനസിന്‍ മടിയിലെ മാന്‍ തളിരേ’ എന്ന ഗാനമാകും കൂടുതല്‍ ഉചിതമെന്നു തോന്നി. ഡാഡിയുടെ പാട്ടുകളില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനമാണിത്. എന്‍റെയും അച്ചുവിന്‍റെയും ബാല്യകാല ഓര്‍മ കൂടിയാണ് ഈ ഗാനമെന്ന പ്രത്യേകതയുമുണ്ട്.

shan-image

പാട്ടിന്‍റെ വഴിയില്‍ തന്നെ സജീവമാകാനാണോ ഇഷ്ടം

ജോലിക്കൊപ്പം പാട്ടും കൊണ്ടു പോകണമെന്നാണ് ആഗ്രഹം. ഞാനും മൂന്നു സുഹൃത്തുക്കളും ഒന്നിക്കുന്ന ‘ദി സൗണ്ട് ബള്‍ബ്’ എന്ന ബാന്‍ഡ് ആക്ടീവാണ്. ഇതിനിടെ ചില സിനിമകളില്‍ പാടി, ഈണം നല്‍കി. തിരയിലും ഓര്‍മയുണ്ടോ ഈ മുഖത്തിലും പാട്ടുകള്‍ എഴുതിയിരുന്നു. മ്യൂസിക്കിനൊപ്പം കോറിയോഗ്രാഫിയിലും താല്‍പര്യമുണ്ട്. ഡിസംബര്‍ 20നു ഡാഡിയെ അനുസ്മരിച്ച് പാലാരിവട്ടത്ത് നടക്കുന്ന ഷോയില്‍ പാടുന്നുണ്ട്. മ്യൂസിക്ക് ആല്‍ബത്തിനു ലഭിച്ച പ്രതികരണം ഒരുപാട് ആത്മവിശ്വാസം നല്‍കുന്നു. ഇനിയും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ചെയ്യാന്‍ അത് പ്രചോദനം നല്‍കുന്നു. ഒരു നോണ്‍ ഫിലിം ആല്‍ബത്തിന്‍റെ പണിപുരയിലാണ് ഇപ്പോള്‍.

Shan_Johnson4

സൗണ്ട് ബൾബ് എന്ന് പേരിനു പിന്നിൽ

ബാൻഡിന് പേരിടുമ്പോൾ അത് വ്യത്യസ്തമായ ഒന്നായിരിക്കണം എന്ന് ആലോചിച്ചിരുന്നു. അതിൽ നിന്ന് നിന്നാണ് ദി സൗണ്ട് ബൾബ് എന്ന പേരിലേക്കെത്തിയത്. പെട്ടെന്നുണ്ടാകുന്നതാണല്ലോ ആശയങ്ങൾ. അതുപോലല്ലേ ബൾബും. ഒന്നു വിരൽ തൊടുമ്പോൾ പ്രകാശം തരുന്നവ. ആ പേരിലൊരു ക്രിയേറ്റിവിറ്റി ഉണ്ടെന്ന് തോന്നി.

Devanganam Doha2

ബാൻഡ് മാത്രമാണോ ലോകം...സിനിമാ സംഗീത രംഗം ശ്രദ്ധിക്കുന്നില്ലേ.

ബാൻഡ് ആണ് എല്ലാം. പക്ഷേ സിനിമയും ഇഷ്ടമാണ്. സിനിമയിൽ ഇനിയും പാടണമെന്നുണ്ട്. ബാൻഡിലും കുറേ കാര്യങ്ങൾ ചെയ്യണമെന്നാണ് ലക്ഷ്യം. ഞാൻ ഭരതനാട്യം പഠിച്ചിട്ടുണ്ട്. പാട്ടിനൊപ്പം കൊറിയോഗ്രാഫിയും ഇഷ്ടമാണ്. രണ്ടും ഒപ്പം കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഞാനും എന്റെ കുഞ്ഞു സുഹൃത് സംഘവും ചേർന്നാരംഭിച്ച ബാൻഡ് ആണിത്. ഞങ്ങളധികം സ്റ്റേജ് ഷോകളൊന്നും ചെയ്തിട്ടില്ല. അത് ചെയ്യണം. ഞാൻ പാട്ടെഴുതാറുണ്ട് സംഗീത സംവിധാനം ചെയ്യാറുമുണ്ട്. ബാൻഡിനായി കുറേ പാട്ടുകൾ ചെയ്യണം.

shan-with-kaithapram

പാട്ടു രംഗം ശ്രദ്ധിക്കാനാണോ ചെന്നൈ തിരഞ്ഞെടുത്തത്

അതെ. പക്ഷേ ഞാൻ കുറച്ചു മാസത്തിനു ശേഷം കൊച്ചിയിലേക്കു വരും. അവിടെ സെറ്റിൽ ചെയ്യും. ചെന്നൈയിലായിരുന്നു ഫാമിലിയായിട്ട്. ഡാഡിയും അച്ചുവും പോയ ശേഷം അമ്മ നാട്ടിലേക്കു പോയി. ഞാൻ പഠിച്ചതും ഇവിടെയായിരുന്നു. കംപ്യൂട്ടർ സയൻസിൽ എംഎസ്എസി എടുത്തു. അതിനു ശേഷം ജോലിയായി. ബാൻഡായി. അങ്ങനെ ഇവിടെയായി ലോകം.

മാർക്കറ്റിങ് ഹെഡ് എന്ന വലിയ തിരക്കുള്ള ജോലിക്കൊപ്പം ഇതെങ്ങനെ കൊണ്ടുപോകുന്നു?

shan-with-family

അത് കുഞ്ഞിലേ മുതൽക്കേ ഉള്ള ശീലമാണ്. കുറേ കാര്യങ്ങൾ ഒരുമിച്ച് കൊണ്ടുപോകാറുണ്ട് പണ്ടേ. ചെന്നൈ സിറ്റി മാളിലാണ് ജോലി. പകൽ സമയത്താണ് ജോലി. ജോലി സമയത്ത് ജോലി മാത്രം. രാത്രികളാണ് മ്യൂസിക്കാനായി നീക്കി വയ്ക്കുന്നത്. ഏറെ വൈകിയാണ് ഉറങ്ങുന്നത്. ഇതെല്ലാം ഇഷ്ടമായതു കാരണം ഒന്നും ഭാരമാകാറില്ല.

shan-with-daddy

ജോണ്‍സന്‍റെ പ്രണയം സംഗീതത്തോടായിരുന്നുവെങ്കില്‍ റെന്നിന്‍റെ പ്രണയം വേഗത്തോടായിരുന്നു. പ്രൊഫഷണല്‍ ബൈക്ക് റേസിങ് ചാംപ്യനായിരുന്നു റെന്‍. 1994ല്‍ ഫാസിലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിനു വേണ്ടി ഷിബു ചക്രവര്‍ത്തി രചിച്ച ഗാനമാണ് ‘മനസിന്‍ മടിയിലെ മാന്‍ തളിരേ’. ഒരു പാട്ട് സിനിമയുടെ ഗതി നിര്‍ണയിക്കുന്നുവെന്ന അപൂര്‍വ്വതയും ഈ ഗാനത്തിനുണ്ട്. മേഘങ്ങള്‍ക്ക് അപ്പുറത്തിരുന്ന് ചേച്ചിയുടെ സ്നേഹസമ്മാനമായ ഈ താരാട്ട് പാട്ട് അച്ചു കേള്‍ക്കുന്നുണ്ടാവും ഒപ്പം ജോണ്‍സണ്‍ മാഷും.