Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റേജിൽ കയറും മുൻപ് മകൾ സിനിമയിൽ പാടി; അച്ഛന്റെ സിനിമയും ഹിറ്റ്

v-m-vinu-varsha

‘‘മെല്ലെ വന്നുപോയ്... ഒന്നു വന്നുപോയ്...’’ അച്ഛന്റെ സിനിമയ്ക്കുവേണ്ടി വർഷ പാടിയ പാട്ടിന്റെ വരികൾ ഇങ്ങനെയാണെങ്കിലും ആ പാട്ടുകേൾക്കുന്നവർക്ക് ഒരു കാര്യം ഉറപ്പാണ്, ഇതങ്ങനെ ഒന്നു വന്നുപോകാനുള്ള പാട്ടല്ല. വി.എം. വിനുവിന്റെ പുതിയ ചിത്രം ‘മറുപടി’യ്ക്കു വേണ്ടി മകൾ വർഷ വിനു പാടിയ പാട്ട് ഹിറ്റ്ചാർട്ടിൽ ഇടംനേടുമ്പോൾ കോഴിക്കോട്ടെ വീട്ടിലിരുന്ന് ചിരിക്കുകയാണ് ഈ പാട്ടുകാരി. ആ ചിരിയിൽ പതിനാലു വർഷം കൂട്ടുകാരെയൊക്കെ പറ്റിച്ചതിന്റെ കുസൃതി കൂടിയുണ്ട്. ‘വനിത ഓൺലൈനു’മായി വർഷ സംസാരിച്ചപ്പോൾ.

അച്ഛന്റെ സിനിമയിൽ പാടിയാണല്ലോ തുടക്കം ?

രണ്ടാം ക്ലാസ് മുതൽ പാട്ടുപഠിക്കുന്നതാണ്, വർഷത്തിന്റെ കണക്കെടുത്താൽ ഇപ്പോൾ ആ 14 വർഷമായി. കർണാടക സംഗീതമാണ് പഠിക്കുന്നത്. ഇപ്പോൾ കുറേ വർഷമായി ജ്യോതി ടീച്ചറാണ് പാട്ട് പഠിപ്പിക്കുന്നത്. പക്ഷെ ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല. സിനിമയിൽ പാടണമെന്നു വലിയ ആഗ്രഹമായിരുന്നു. അച്ഛന്റെ സിനിമയിൽ പാടാനുള്ള അവസരം എന്നെങ്കിലും കിട്ടുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഈ പാട്ട് നീയാണ് പാടുന്നത് എന്നു അച്ഛൻ പറഞ്ഞപ്പോൾ അമ്പരന്നുപോയി. നേരത്തേ ആൽബങ്ങളിലോ കാസറ്റിലോ ഒന്നും പാടിയിട്ടില്ല. ആദ്യമായി എന്റെ പാട്ട് റെക്കോർഡ് ചെയ്യുന്നതു പോലും ഈ സിനിമയ്ക്കു വേണ്ടിയാണ്.

സ്റ്റേജിൽ കയറാൻ പേടിയുണ്ടായിരുന്ന ആൾ എങ്ങനെയാണ് റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നു പാടിയത് ?

ശരിക്കും പേടിച്ചായിരുന്നു. എം. ജയചന്ദ്രൻ സാറായിരുന്നു മ്യൂസിക് ഡയറക്ടർ. ടേക്ക് എടുക്കുമ്പോൾ ആദ്യമൊക്കെ വിറച്ചിട്ട് പാടാനേ പറ്റുന്നില്ലായിരുന്നു. റിലാക്സ് ചെയ്ത്, കൂൾ ആയി പാടിയാൽ മതിയെന്ന് സർ പറഞ്ഞു. ഏഴു മണിക്കൂർ കൊണ്ടാണ് പാടി തീർത്തത്. പാട്ട് കേട്ടു കഴിഞ്ഞപ്പോൾ ജയചന്ദ്രൻ സാർ അഭിനന്ദിച്ചു, ‘നന്നായി, ഭാവിയുണ്ട്’ എന്നു പറഞ്ഞു. അതോടെയാണ് ആശ്വാസമായത്.

പാട്ട് കേട്ടിട്ട് ഇന്നസെന്റ് അങ്കിളും ആലീസ് ആന്റിയും വിളിച്ച് നന്നായി പാടിയിട്ടുണ്ട് എന്നു പറഞ്ഞു. സിനിമയിൽ അഭിനയിച്ച ഭാമയും ടെസയും റഹ്മാൻ അങ്കിളുമൊക്കെ അന്നേ പറഞ്ഞിരുന്നു പാട്ട് ഹിറ്റാകുമെന്ന്. എല്ലാവരുടെയും കോംപ്ലിമെന്റ്സ് കിട്ടുമ്പോൾ ഇപ്പോൾ വളരെ സന്തോഷം.

പാട്ടു കേട്ടിട്ട് കൂട്ടുകാരൊക്കെ എന്തുപറഞ്ഞു ?

അവർക്കൊക്കെ ശരിക്കും സർപ്രൈസായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സ്റ്റീഫൻ ദേവസി ചേട്ടന്റെ ചെന്നൈയിലെ മ്യൂസിക് ലോഞ്ച് സ്റ്റുഡിയോയില്‍ വച്ചായിരുന്നു റെക്കോർഡിങ്. എന്തിനാണ് ചെന്നൈയിൽ പോയതെന്ന് അറിയാവുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് ഷെറിൻ ജെയിംസിനു മാത്രമായിരുന്നു. ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചുപഠിക്കുന്നതാ ഞങ്ങൾ. പാട്ട് റിലീസായതോടെ ക്ലാസിൽ കൂട്ടുകാരൊക്കെ വന്ന് താടിക്ക് കൈവച്ചുനിന്ന് ചിരിക്കാൻ തുടങ്ങി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. പ്രോവിഡൻസ് കോളജിൽ എം.എ ലിറ്ററേച്ചർ ആണ് ഞാൻ പഠിക്കുന്നത്. ഡിപ്പാർട്ടുമെന്റിലെ ബിന്ദു ആമാട് മിസ്സൊക്കെ പാട്ട് വളരെ നന്നായെന്നു പറഞ്ഞു. അച്ഛന്റെ സിനിമയിൽ അഭിനയിക്കാനും പാടാനുമൊക്കെ അവസരം ചോദിച്ച് എന്റെ പിന്നാലെ നടക്കുന്നുണ്ടായിരുന്നു ചിലർ. ഇപ്പോൾ അവരൊക്കെ കളിയാക്കും, ‘ഇങ്ങനെയൊക്കെ ചെയ്യാമോ...’ എന്നു ചോദിച്ച്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം