Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദത്തെക്കാൾ മധുരം പാട്ടാണ്; അത് കേട്ടവർക്ക്

muhammad-rafi-karan-johar

പിതാവിന്റെ ആരാധകർ നിറഞ്ഞ നഗരത്തിലേക്ക് ഒരിക്കൽക്കൂടി മുഹമ്മദ് റഫിയുടെ മകൻ ഷഹീദ് എത്തി. നഷ്ടപ്രതാപത്തിന്റെ കഥ മൗനമായി പറയുന്ന കല്ലായിപ്പുഴയുടെ തീരത്തെത്തിയ ഷഹീദ് റഫി ചുറ്റുമുള്ളവർക്കായി പാടി ‘ദിൽ കാ സൂന സാസ് തരാന...’

റഫി ഗാനം മകന്റെ ശബ്ദമാധുരിയിൽ അടുത്തു നിന്നു കേട്ടവർ അറിയാതെ ഒപ്പം പാടി. ഏതാനും വരികൾ പാടി ഷഹീദ് നിർത്തിയപ്പോൾ അവർ അറിയാതെ കയ്യടിച്ചു. ദിവസവും റഫി ഗാനം ഒരു വരിയെങ്കിലും മൂളാതെ ഉറങ്ങാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ തങ്ങളുടെ പ്രിയ ഗായകന്റെ സാന്നിധ്യം മകനിലൂടെ അറിഞ്ഞു. പിതാവിന്റെ കടുത്ത ആരാധകനായ കോഴിക്കോട്ടുകാരൻ സിലോൺ ബാപ്പുവിന്റെ കഥ പറയുന്ന സിനിമ എന്ന ചലച്ചിത്രത്തിൽ അതിഥി താരമായാണ് ഷഹീദ് റഫി ഇന്നലെ കോഴിക്കോട്ടെത്തിയത്. വിനീഷ് മില്ലേനിയം തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഷാജഹാൻ ഒയാസിസ് നിർമിക്കുന്ന സിനിമയിൽ ഒരു മെഹഫിൽ സന്ധ്യയിൽ റഫിയായി ഷഹീദ്  പാടുന്നു.

ഈസ്റ്റ് കല്ലായ് റോഡിൽ ആസാദ് സോ മില്ലിന്റെ വളപ്പിൽ കാറിറങ്ങി പുഴയോരത്തേക്ക് നടന്നെത്തിയ ഷഹീദ് റഫിയുടെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. പിതാവിന്റെ ശബ്ദം എന്നും കേട്ടുണരുന്ന ഒരു ജനത വസിക്കുന്ന നഗരം. അവിടെ വർഷങ്ങൾക്കു മുൻപ് അദ്ദേഹം പാടിയപ്പോൾ അതു ഹൃദയത്തിലേറ്റു വാങ്ങി സൂക്ഷിക്കുന്ന ജനങ്ങളുള്ള നഗരത്തിൽ എത്തിയതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായി. എന്തു പറയണമെന്നറിയാതെ വിഷമിച്ച ഷഹീദ്  റഫി താൻ വികാരഭരിതനാണെന്നു ഒരു വിധം പറഞ്ഞു. കരൺ‌ ജോഹർ അദ്ദേഹത്തിന്റെ സിനിമയിൽ മുഹമ്മദ് റഫിയെ മോശമായി പരാമർശിച്ചതിലുള്ള ദുഃഖം ഷഹീദ് റഫി കോഴിക്കോട്ടുകാരുമായി പങ്കുവച്ചു.