Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരാട്ട് പാടിയുറക്കാൻ ജാനകിയമ്മ വീണ്ടും

janaki

താരാട്ട് പാടാൻ‌ ജാനകിയമ്മ വീണ്ടുമെത്തുകയാണ്. പുലിമുരുകനെന്ന ചിത്രത്തിലെ പാട്ടുകൾ തരുന്ന കൗതുകങ്ങളിലൊന്നും ജാനകിയമ്മയുടെ ഈ പാട്ട് തന്നെ. മോഹൻലാൽ നായകനാകുന്ന വമ്പൻ ചിത്രത്തിൽ ഗോപീസുന്ദറാണ് ഈണമിടുന്നത്. മലയാളത്തിന് താരാട്ട് പാടിത്തരുവാൻ വീണ്ടും ജാനകിയമ്മയെത്തുമ്പോൾ അറിയണ്ടേ ഇതിഹാസ തുല്യമായ ആ ശബ്ദത്തിലൂടെ മുൻപ് നമ്മൾ കേട്ടുറങ്ങിയ ഗീതങ്ങളേതെന്ന്.

ആഴക്കടലിന്റെ അങ്ങേക്കരയിൽ

ചാന്തുപൊട്ടെന്ന ലാൽ ജോസ് ചിത്രം അന്നുവരെ മലയാളി മാറി നിന്ന് കണ്ട കളിയാക്കി ചിരിച്ച കുറേ ജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. അതിലെ താരാട്ട് പാട്ട് ഓർമയില്ലേ. ആഴക്കടലിന്റെ അങ്ങേക്കരയിൽ നേരം വെളുക്കുന്ന ദിക്കിൽ അമ്പിളി മാമനെ പോലെ ചാഞ്ഞുറങ്ങുന്ന കുഞ്ഞിനെ കുറിച്ചുള്ള പാട്ട്., പുതിയ തലമുറക്ക് ജാനകീ ഗീതങ്ങളിൽ ആദ്യമോടിയെത്തുന്ന താരാട്ട് പാട്ട് ഇതുതന്നെയെന്നതിൽ വലിയ തർക്കം വരാനിടയില്ല. മെലഡികളുടെ സംഗീതജ്ഞൻ വിദ്യാസാഗറിന്റെ ഈണത്തിലുള്ള താരാട്ട് പാട്ട്. വയലാർ ശരത് ചന്ദ്രവർമ രചിച്ച കവിതപോലുള്ള ചലച്ചിത്ര ഗാനം. അഴകപ്പനെന്ന ഛായാഗ്രാഹകൻ പകർത്തിയ അഴകുള്ള ദൃശ്യങ്ങളുള്ള പാട്ട്. പെണ്ണു പിറക്കാത്ത ദുംഖത്തിൽ, മകന്റെ കുഞ്ഞു മകനെ ചാന്തുതൊടീച്ച് കണ്ണെഴുതി മുടികെട്ടി പൂവച്ച് വളർത്തുന്ന മുത്തശി. കടലിനുള്ളിലെ കാണാദൃശ്യങ്ങളെ കുറിച്ച് മുത്തശി പാടുന്ന പാട്ടാണിത്. മുത്തശി പാട്ടാണിതെന്ന് എന്തുകൊണ്ട് പറയുന്നുവെന്ന് ചോദിച്ചാൽ ഈ വരികൾ കേട്ടു നോക്കൂ എന്നേ ഉത്തരമുള്ളൂ....

ഓമനത്തിങ്കൾ കിടാവോ

കുഞ്ഞിക്കണ്ണുകളിലേക്ക് നല്ല സ്വപ്നങ്ങളുമായി ഉറക്കമെത്താൻ ഏതൊരമ്മയ്ക്കും പാടിക്കൊടുക്കാനുള്ളത് ഇരയിമ്മൻ തമ്പി രചിച്ച വരികളാണ്. സ്വാതി തിരുനാളെന്ന സംഗീത പ്രതിഭയുടെ ജനനത്തോടനുന്ധിച്ച് ഇരയിമ്മൻ തമ്പി രചിച്ച പാട്ടാണിത്. ആ ജീവിതം ലെനിൻ രാജേന്ദ്രൻ ചലച്ചിത്ര ഭാഷയിലേക്ക് മാറ്റിയപ്പോൾ എം ബി ശ്രീനിവാസനാണ് ഓമന തിങ്കൾ കിടാവോ എന്ന പാട്ടിന് ഈണം പകർന്നത്. ജാനകിയമ്മ പാടി. ഇനിയും ഈ വരികൾക്കപ്പുറം മറ്റൊന്നു പാടിത്തരുവാനൊരു കാലത്തിനിതുവരെ കഴിഞ്ഞില്ല. ജാനകിയമ്മയെ പോലെ ഇതുപാടാൻ മറ്റാർക്കും കഴിഞ്ഞതുമില്ല....

അമ്മതൻ കണ്ണിനമൃത്

അമ്മതൻ കണ്ണിനമൃത് തന്നെയാണ് ഓരോ കുഞ്ഞുങ്ങളും. ഈ വരികള ഉൾക്കൊള്ളിച്ച് ശ്രീകുമാരൻ തമ്പി എഴുതി വി ദക്ഷിണാമൂർത്തി ഈണമിട്ട താരാട്ട് പാട്ട്. ജാനകിയമ്മ മലയാളത്തിന് പാടിത്തന്ന മറ്റൊരു മനോഹരമായ താരാട്ട് പാട്ടാണിത്. മായാ എന്ന ചിത്രത്തിലേതാണീ ഗാനം.

മകയിരം നക്ഷത്രം മണ്ണിൽ വീണു

ചക്രവാകമെന്ന എക്കാലത്തേയും ഹിറ്റ് ചിത്രത്തിലെ പാട്ടാണിത്. മകയിരം നക്ഷത്രം മണ്ണിൽ വീണുവെന്നാണ് കുഞ്ഞിന്റെ ജനനത്തെ കുറിച്ച് വയലാർ എഴുതിയത്. ശങ്കർ ഗണേഷ് ഈണമിട്ട ഈ പാട്ട് യേശുദാസും ജാനകിയമ്മയും ചേർന്നാണ് പാടിയത്.

രാരീരാരോ രാരീരാരോ....

യൂസഫലി കേച്ചേരി എഴുതി ബാബുരാജ് ഈണമിട്ട ഗാനം. പാടിയത് എസ് ജാനകി. കുഞ്ഞുകണ്ണിനുള്ളിൽ കൗതുകങ്ങൾ നിറച്ച്, നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങുവാൻ അമ്മ മനസിന്റെ മടിയിൽ നിന്ന് പാടിക്കൊടുത്ത ഒരു ഗാനം. ഉദ്യോഗസ്ഥ എന്ന ചിത്രത്തിലെ പാട്ടാണിത്.

മലർക്കൊടി പോലെ...

മലർക്കൊടി പോലെ വർണകൊടി പോലെ മയങ്ങൂ നീയെൻ മടി മേലേ...വിഷുക്കണിയെന്ന ചിത്രത്തിലെ ഈ ഗാനം ജാനകിയമ്മ പാടി ഏറെ പ്രശസ്തമായ മറ്റൊരു താരാട്ട് പാട്ടാണ്. ശ്രീകുമാരൻ തമ്പിയെഴുതി സലില്ഡ ചൗധരി ഈണമിട്ട പാട്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.