Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിമൊഴികളെ... പ്രണാമം

onv-music ഒഎൻവി കുറുപ്പ് ഗാനരചനയും മകൻ രാജീവ് ഒഎൻവി സംഗീതസംവിധാനവും കൊച്ചുമകൾ അപർണ ഗായികയുമായ ‘മൺസൂൺ’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റെക്കോർഡിങ് വേളയിൽ. സംവിധായകൻ സുരേഷ് ഗോപാൽ, അപർണയുടെ മകൻ ഗൗതം, ഒഎൻവിയുടെ ഭാര്യ സരോജനിയമ്മ എന്നിവർ സമീപം. (ഫയൽ ചിത്രം)

അകലെയും അടുത്തും നിന്നു കണ്ട ഒ.എൻ.വി. കുറുപ്പ് എന്നിലുണർത്തിയ വിസ്‌മയങ്ങൾ ഒരിക്കലും എന്നെ വിട്ടുപോകുന്നില്ല. ഒഎൻവി സാറിനെ എപ്പോൾ കണ്ടാലും എനിക്കോർമ വരുന്നതു ‘നൃത്യധൂർജടി ഹസ്‌തമാർന്ന തുടിതൻ ഉത്താള ടുംടും രവം’ എന്ന വരികളാണ്. സാറിന്റെ വാക്കുകളുടെ മുഴക്കം ഒരു ടുംടും രവം പോലെ എന്റെ കാതിൽ. കുമാരസംഭവത്തിലെ ‘പൊൽതിങ്കൾക്കല പൊട്ടുതൊട്ട’ എന്ന പാട്ടിന്റെ വിരുത്ത വരികളാണിത്.

‘പൊൽതിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്രശൃംഗത്തിൽ വെൺകൊറ്റപ്പൂങ്കുടപോൽ വിടർന്ന വിമലാകാശാന്തരംഗങ്ങളിൽ നൃത്യധൂർജടി ഹസ്‌തമാർന്ന തുടിതൻ ഉത്താള ടുംടും രവം... തത്വത്തിൻ പൊരുളാലപിപ്പു മധുരം... സത്യം ശിവം സുന്ദരം...’ സംഗീതത്തിന്റെ ആരോഹണാവരോഹണങ്ങൾ കയറി ഒഎൻവി സാർ ഹിമവാനെ തൊട്ടുനിൽക്കുന്നു.

കേരള യൂണിവേഴ്‌സിറ്റിയുടെ യൂത്ത് ക്വയറിലും എംബിഎസ് ക്വയറിലും പാടുമ്പോഴാണു ഞാൻ ഒഎൻവി സാറിനെ ആദ്യം കാണുന്നത്. ഗായകസംഘത്തെ പതിവായി അദ്ദേഹം അഭിസംബോധന ചെയ്യാറുണ്ട്. ഗാനം എന്നു പറയുന്നതു പ്രയുക്‌തമായ കവിതയാണെന്നും (അപ്ലൈഡ് പോയട്രി) മറ്റും സാർ പ്രസംഗിക്കും. സ്വയമേവകതമായ എന്നൊക്കെ ഞാനാദ്യമായി കേൾക്കുന്നത് അന്നാണ്. വാക്കുകളുടെ ഭംഗി... ഉച്ചാരണത്തിന്റെ മൂർച്ച എല്ലാം അതിലുണ്ട്. എംബിഎസ് ക്വയർ രൂപവൽക്കരിക്കുമ്പോൾ ഇടയ്‌ക്കിടെ പരിപാടികൾ ഞാൻ കണ്ടക്‌ട് ചെയ്യാറുണ്ടായിരുന്നു. അങ്ങനെയൊരിക്കലാണ് ഒഎൻവി സാർ എന്റെ പേര് ആദ്യം പ്രസംഗത്തിൽ പരാമർശിക്കുന്നത്. എംബിഎസിന്റെ പ്രിയശിഷ്യൻ ജയചന്ദ്രൻ എന്ന് അദ്ദേഹം പറഞ്ഞ ആ സന്ധ്യ ഞാൻ മറക്കില്ല.

എന്റെ രണ്ടു ഗുരുക്കന്മാരുമായി അത്രയേറെ മനപ്പൊരുത്തമുള്ള കവിയായിരുന്നു ഒ.എൻ.വി. കുറുപ്പ്.എം.ബി. ശ്രീനിവാസനും ദേവരാജൻ മാസ്‌റ്ററും. ദേവരാജൻ മാഷ് ഞങ്ങളോടു പറഞ്ഞൊരു പഴയ കഥയുണ്ട്. കെപിഎസിക്കു വേണ്ടി ഒഎൻവിയും മാഷും ചേർന്നു ‘പൊന്നരിവാൾ അമ്പിളിയിൽ’ ചിട്ടപ്പെടുത്തി ഹിറ്റാക്കിയ സമയം. മാഷിന്റെ അടുത്ത ഒരു സുഹൃത്ത് പാട്ടുകേട്ടിട്ട് അദ്ദേഹത്തോടു ചോദിച്ചു, ദേവരാജാ എന്താ ഈ ഗണ്ണെറിയുന്നോളെന്നു പറഞ്ഞാൽ...? മാഷിന് അതു കേട്ടിട്ടു ചിരി സഹിക്കാൻ കഴിഞ്ഞില്ല. പാട്ടിന്റെ ഉച്ചാരണത്തിൽ സംഗീതസംവിധായകൻ എത്രത്തോളം ശ്രദ്ധിക്കണമെന്നതിന് ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടാറുള്ളത് ഒഎൻവി സാറിന്റെ പ്രശസ്‌തമായ ഈ വരികളാണ്.

വിനോദ് മങ്കരയുടെ ‘കരയിലേക്കൊരു കടൽദൂരം’ എന്ന ചിത്രത്തിനു വേണ്ടിയാണു ഞാൻ ഒഎൻവി സാറുമായി കൂടുതൽ അടുത്തു പ്രവർത്തിക്കുന്നത്. പാട്ട് ഒ.എൻ.വി. കുറുപ്പ് തന്നെ എഴുതണം എന്നു വിനോദിനു നിർബന്ധമായിരുന്നു. ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...’ എന്ന പോലൊരു പാട്ടുവേണം എന്നു വിനോദ് പറഞ്ഞു. ഒഎൻവി സാറിന് അതിനും അതിനപ്പുറവും പോകാൻ കഴിയും. എനിക്കെന്റെ ഗുരുക്കൻമാർക്കൊപ്പം പോലുമെത്താൻ കഴിയുമോയെന്നു ഞാൻ ആശങ്കപ്പെട്ടു. ഒഎൻവിയും ദേവരാജനും തമ്മിലുള്ള പാട്ടുകളെല്ലാം ആദ്യം ഒഎൻവി എഴുതി മാഷ് ചിട്ടപ്പെടുത്തിയതാണ്.

രണ്ടു ദിവസത്തിനുള്ളിൽ ഒഎൻവി പാട്ട് എഴുതിക്കൊടുത്തു വിട്ടു. വെള്ളക്കടലാസിൽ ഒഎൻവിയുടെ സുകൃതാക്ഷരങ്ങൾ എന്റെ കയ്യിലിരുന്നു വിറച്ചു: ‘ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖി നീയെൻ ഋതുദേവതയായ് അരികിൽ നിൽപ്പൂ...’ പ്രണയിക്കുന്ന ഏതൊരാളുടെയും കണ്ണുനിറയ്‌ക്കുന്ന വരികൾ. ‘ഒരു കോടി ജന്മത്തിൻ സ്‌നേഹസാഫല്യം നിൻ ഒരു മൃദുസ്‌പർശത്തിൽ നേടുന്നു ഞാൻ...’ എന്ന വരികളിൽ ഒഎൻവി എന്ന പ്രതിഭയുടെ അടിവരകൾ... പാട്ടെഴുതിയ കടലാസ് ഞാൻ രണ്ടാഴ്‌ച കൊണ്ടുനടന്നു. തിരുവനന്തപുരത്തു ഗസ്‌റ്റ് ഹൗസിൽ ഞാൻ ഹർമോണിയത്തിൽ ആ പാട്ടിനു നൽകിയ സംഗീതം കേൾക്കാൻ അദ്ദേഹമെത്തി. ഒഎൻവിയുടെ വരികളിൽ ഒളിപ്പിച്ചുവച്ച സംഗീതം അതിൽ ഉപയോഗിക്കുക മാത്രമാണു ഞാൻ ചെയ്‌തത്. ഇത് ഏതു രാഗമെന്നു ചോദിച്ചവരോടു ഞാൻ പറഞ്ഞു: അനുരാഗം. അത്രമേൽ തീവ്രമായിരുന്നു ആ വരികളോട് എനിക്കുള്ള പ്രണയം.

ബ്ലെസിയുടെ ‘പ്രണയ’ത്തിനു വേണ്ടി ഞങ്ങൾ വീണ്ടും ഒന്നിച്ചു. ഇത്തവണ മറ്റൊരു പ്രശ്‌നം ഉയർന്നു വന്നു. ആദ്യം ഈണമിട്ടശേഷം പാട്ടെഴുതിയാൽ മതിയെന്ന് ഒഎൻവി സാറിനോടു പറയണമെന്നു ബ്ലെസി പറഞ്ഞു. ഞാൻ വലിയ പ്രതിസന്ധിയിലായി. എങ്ങനെ ഇക്കാര്യം പറയും? ഒടുവിൽ സാറിന്റെ ഭാര്യയെ വിളിച്ചു വിവരം പറഞ്ഞു. നേരിട്ടു പറയാനുള്ള പേടികൊണ്ടായിരുന്നു അത്. സാറത് തുറന്ന മനസ്സോടെ സ്വീകരിച്ചു. സിഡിയിലൊന്നും ഈണം തന്നാൽ പോരാ. എനിക്കു ടേപ്പ് റിക്കാർഡറിൽ തരണം. ഡിജിറ്റിലെഴുത്തിനുമുണ്ട് ഒരു ചിട്ട. പിന്നെ അതിന്റെ ട്യൂൺ കസെറ്റിലാക്കി വാക്‌മാൻ സാറിനു കൈമാറി.

‘പാട്ടിൽ ഈ പാട്ടിൽ...’ എന്ന ‘പ്രണയ’ത്തിലെ ഗാനം അങ്ങനെ പിറവിയെടുത്തതാണ്. പ്രണയമൊരസുലഭ നിർവൃതി എന്ന വരികളിൽ എന്റെ മനസ്സുടക്കി. ‘ഒരു കോടി ജന്മത്തിൻ സ്‌നേഹസാഫല്യത്തിൽ’ ഞാനറിഞ്ഞ അതേ നിർവൃതി. വീണ്ടും കളിമണ്ണിനു വേണ്ടി ഞങ്ങളൊന്നിച്ചു. ഒരു കുഞ്ഞുറുമ്പ് മഴ നനഞ്ഞു... വെൺപിറാവ് കുട നീർത്തിയോ എന്ന വരികളിലെ സ്‌നേഹം... കരുതൽ... കാർത്തികരാവിന്റെ അണിവിരലാൽ നിലാവിന്റെ ചന്ദനം തൊടീക്കാൻ ഒഎൻവി കുറുപ്പിനല്ലാതെ മറ്റാർക്കു കഴിയും? കാലം കാതോടു കാതോരം കൈമാറുന്ന കവിമൊഴികളേ, പ്രണാമം.