Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി യുവതിയെ ജയലളിതയുടെ മകളാക്കി; വിമർശനുമായി ഗായിക

jayalalitha-daughter-controversy

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് കുറച്ച് വിവാദ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു. അതിൽ ഒന്നായിരുന്നു ജയലളിതയുടെ മകൾ എന്ന പേരിൽ പ്രചരിച്ച ചിത്രം. ഇപ്പോഴും ആ ചിത്രം സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാൽ ഇത് തീർത്തും സത്യവിരുദ്ധമായ കാര്യമാണ് എന്നാണ് ഗായിക ചിൻമയിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നത്. നമ്മൾ ഇക്കാലയളവിനിടയിൽ സമൂഹമാധ്യമങ്ങളിലൂടെ കണ്ട അനേകം പച്ചനുണകളിലൊന്നാണിതെന്നാണ് ചിൻമയി തെളിവടക്കം ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.

‘‘കുറേ ദിവസമായി ഈ ചിത്രമടക്കമുള്ള വ്യാജവാർത്ത പലയിടങ്ങളിൽ നിന്നായി ലങിക്കുന്നു. എനിക്കറിയാവുന്ന,  ഒരു സംഗീത കുടുംബത്തിലെ അംഗമാണ് ഈ യുവതി. പ്രശസ്ത മൃദംഗം വാദകനായ വി.ബാലാജിയുടെ അടുത്ത ബന്ധുവാണ് ഇവർ. ഗൂഗിള്‍ സെർച്ചിൽ‌ പോലും ഇവരുടെ ചിത്രം എത്തുന്ന സ്ഥിതിയായി. ഒരു കള്ളം പലവട്ടം പറയുമ്പോൾ അത് സത്യമായി മാറുമെന്നു പറയുന്നതു പോലെയാണ് ഇവിടെ കാര്യങ്ങളുടെ പോക്ക്’’. ചിൻമയി ഫെയ്സ്ബുക്കിൽ കുറിച്ചു. 

മാനസിക സ്ഥിരത ഇല്ലാത്തവര്‍ അവരുടെ സങ്കൽപത്തിൽ നിന്ന് മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുന്ന ഇത്തരം കള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുന്നത് നിർത്തണം. വാട്സ് ആപ്പിൽ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാനെടുക്കുന്ന സമയത്തിന്റെ പകുതി നല്ല പൗരനാകാൻ വിനിയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ പാത കുറേ കൂടി നല്ലതായേനെ എന്നും ചിൻമയി കുറിച്ചു. 

വി. ബാലാജിയും ഇക്കാര്യം സ്ഥിരീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. ദിവ്യ തന്റെ ഭാര്യയുടെ സഹോദരിയാണെന്നാണ് ബാലാജി കുറിച്ചിരിക്കുന്നത്. ഇവർ നിലവിൽ ഓസ്ട്രേലിയയിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാണെന്നും പറയുന്നു. 

തെലുങ്ക് താരം ശോഭൻ ബാബുവുമായി പ്രണയത്തിലായിരുന്ന കാലത്ത് ജലയളിതയ്ക്ക് ഒരു മകളുണ്ടായെന്നും ആ പെൺകുട്ടിയുടെ പേര് ശോഭന എന്നായിരുന്നെന്നുമുള്ള പ്രചാരണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2014 മുതലാണ് ഒരു യുവതിയുടെ ചിത്രം ഈ പേരിൽ പ്രചരിച്ചത്.  ഈ യുവതി ഇപ്പോൾ അമേരിക്കയിലാണെന്നായിരുന്നു പ്രചാരണങ്ങൾ. ഒരു കാലത്ത് ഊട്ടിയിലുള്ള തന്റെ മകളെ കാണാൻ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന ജയലളിതയെക്കുറിച്ചും കഥകൾ പ്രചരിച്ചിരുന്നു.  ഗൂഗിൽ സെർച്ചിൽ അടക്കം ഈ വ്യാജ വാർത്ത ട്രെൻഡിങ് ആയിരുന്നു. എന്തായാലും ദേശീയ അവാർഡ് ജേതാവായ ഗായികയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഈ കപട വാർത്തയുടെ പ്രചരണത്തിന്റെ കുതിപ്പ് നിർത്തുമെന്ന് പ്രതീക്ഷിക്കാം.