Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ പ്രിയപ്പെട്ട ജയലളിത

Jayalalitha

അധികാരത്തിന്റെ വഴിയില്‍ ഒരിക്കൽ കറിവേപ്പില പോലെ എടുത്തെറിയപ്പെട്ട ശേഷമുള്ള ആ തിരിച്ചു വരവും പിന്നെ ഏകാധിപത്യ സ്വഭാവത്തോടെ തന്നെ തമിഴ് മക്കളുടെ സ്നേഹമുള്ള അമ്മയായി തുടർന്നുളള ജീവിതവുമെല്ലാം ഒരു സിനിമയെ വെല്ലുന്ന കഥയാണ്. ജയലളിതയുടെ ജീവിതം പലവട്ടം വായിച്ചിട്ടും മനസ്സിലാകാത്തൊരു പുസ്തകം പോലെ സങ്കീർണവുമാണ്. തിരനായികയുടെ വേഷപ്പകർച്ചകൾക്കും രാഷ്ട്രീയത്തിന്റെ ചതുരംഗക്കളികൾക്കും അപ്പുറം മറ്റൊരു ജയയുണ്ട്. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടന്ന, അവരെ ഏറെ സ്നേഹിച്ച, പിന്നീട് അമ്മയുടെ വഴിയേ സിനിമയിലേക്കെത്തിയ, സംഗീതത്തിന്റെയും നൃത്തത്തിന്റെയും അഭിനയത്തിന്റെയും മാത്രം ലോകത്തു ജീവിച്ച ഒരു പെൺകുട്ടി. അവർ ആശുപത്രിക്കിടക്കയിൽ ഗുരുതരാവസ്ഥയിലാണെന്ന അശുഭ വാർത്തയെത്തിയപ്പോൾ സമൂഹ മാധ്യമങ്ങള്‍ ഏറെ പ്രിയത്തോടെ പങ്കിട്ട ഒരു വിഡിയോയിലുള്ളത് ആ ജയലളിതയാണ്. തന്റെ പാട്ടിഷ്ടങ്ങളെക്കുറിച്ചു പറയുന്ന, ഇടയ്ക്കൊരു വരി മൂളുന്ന ജയ. 

ഒടുവിൽ, മറീന കടലോരത്ത്, ഓർമകൾ ബാക്കിയാക്കി ജയ യാത്ര പറഞ്ഞപ്പോൾ സംഗീത ലോകം അവർക്ക് ഏറെ ആദരവോടെ പ്രണാമം അർപ്പിച്ചത് കലാകാരൻമാരോടുള്ള അവരുടെ നിലപാടുകളുടെ ഊഷ്മളത കൊണ്ടാണ്. ജയലളിതയുടെ ലോകത്തേക്ക് എപ്പോഴും നല്ല കലാകാരൻമാർക്കു സ്വാഗതമുണ്ടായിരുന്നു. ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം സംഗീത ലോകത്തെ പ്രമുഖരുടെ അവിസ്മരണീയമായ പ്രകടനങ്ങൾ അവർ ഉൾക്കൊള്ളിച്ചിരുന്നു. 

നൃത്തവും അഭിനയവും കൊണ്ടു മാത്രമല്ല, സംഗീതജ്ഞയായും നല്ലൊരിടം നേടിയെടുത്ത ശേഷമാണ് ജയലളിത രാഷ്ട്രീയത്തിലേക്കു കടന്നുചെന്നത്. ശാസ്ത്രീയ സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും അവർക്കു പ്രാവീണ്യമുണ്ടായിരുന്നു. ചില സിനിമകളിൽ അവർ പാടി അഭിനയിക്കുകയും ചെയ്തു. അതിൽ പലതും എംജിആർ എന്ന പ്രണയസ്വപ്നത്തിന്റെ നിർദേശത്തിനനുസരിച്ച് പാടിയവ ആയിരുന്നു. എം.എസ്. വിശ്വനാഥനും കെ.വി. മഹാദേവും കുന്നക്കുടി വൈദ്യനാഥനും അടക്കമുള്ള ഇതിഹാസ സംഗീതജ്ഞരുടെ ഈണങ്ങൾക്കൊപ്പമായിരുന്നു ആ ആലാപനം എന്നുകൂടി ഓർക്കണം. എസ്.പി.ബാലസുബ്രഹ്മണ്യം, പി.സുശീല തുടങ്ങിയ ഗായകർക്കൊപ്പവും പാടി. 

എംജിആർ സെറ്റിലെത്തുമ്പോൾ കാലിൻമേൽ കാൽകയറ്റിയിരിക്കുമായിരുന്നു ജയലളിത. മറ്റെല്ലാവരും തൊഴുതു നിൽക്കുമ്പോൾ തന്റേടത്തോടെ അങ്ങനെയിരിക്കുവാൻ അവർക്കു കഴിഞ്ഞിരുന്നു. ആ തന്റേടമാണ് പിന്നീടു രാഷ്ട്രീയ ജീവിതത്തിൽ ഉപകരിച്ചതും. അങ്ങനെയൊരു സിനിമാ സെറ്റിൽ വച്ചാണ് എംജിആർ ജയയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞത്. 

എംജിആർ നിർമിച്ച അടിമൈപ്പെൺ എന്ന ചിത്രത്തിൽ ജയലളിത അങ്ങനെ ആദ്യമായി പിന്നണി ഗായികയായി. അമ്മ എൻട്രാൽ അൻപ് എന്ന പാട്ടായിരുന്നു അത്. വാലി എഴുതി കെ.വി.മഹാദേവൻ ഈണമിട്ട ഗാനം. ആ പാട്ടിന്റെ റെക്കോഡിങ്ങിനിടെ എടുത്ത ചിത്രം ഏറെ പ്രശസ്തമാകുകയും ചെയ്തിരുന്നു. എംജിആറിന്റെ സ്വാധീനം തന്നെയാണ് പിന്നെയും ജയലളിതയ്ക്കു പാട്ടുകൾ ലഭിക്കാൻ കാരണമായത്. സൂര്യകാന്തി, അൻപേ തേടി, വൈരം, ഉന്നൈ സുട്രും ഉലകത്തിൽ, തിരുമാംഗല്യം എന്നീ ചിത്രങ്ങളിലുണ്ടായിരുന്നു എക്കാലത്തേയും മികച്ച ജയലളിത പാട്ടുകൾ. കുന്നക്കുടി വൈദ്യനാഥന്റെ ഭക്തിഗാനങ്ങളിലും ജയലളിതയുടെ സ്വരം കേട്ടു...

സിമി ഗേർവാളുമായുള്ള അഭിമുഖത്തിൽ ഷമ്മി കപൂറിന്റെ പാട്ടുകളെ കുറിച്ച് ജയ കുലീനതയോടെ സംസാരിച്ചപ്പോൾ, രണ്ടു വരി മൂളാമോ എന്ന് അഭിമുഖകാരി ചോദിച്ചു. പ്രാക്ടീസ് ചെയ്യുന്നില്ലെന്നു പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും അവതാരക ഒപ്പം പാടാമെന്നു പറഞ്ഞപ്പോൾ ജയലളിതയിലെ പാട്ടുകാരിയും പാടിത്തുടങ്ങി, ശ്രുതിസുന്ദരമായ മധുരസ്വരത്തിൽ. ജയലളിതയുടെ അമ്മയ്ക്ക് അവർ ഒരു കലാകാരിയായി കാണണം എന്നായിരുന്നു ആഗ്രഹം; ജയലളിതയ്ക്കോ അഭിഭാഷകയും. പക്ഷേ അവരെ കാത്തിരുന്നത് മറ്റൊരു വേഷവും. 

സിനിമയ്ക്കപ്പുറത്തേക്ക് ഈണങ്ങൾക്കൊപ്പം നീങ്ങാൻ അവർക്കു സമയമുണ്ടായിരുന്നില്ല. ഉൾക്കടൽ പോലെ പ്രക്ഷുബ്ധമായ രാഷ്ട്രീയത്തോടൊപ്പം നടന്നപ്പോൾ സംഗീതം അവരിൽനിന്ന് ഏറെ അകന്നു പോകുകയും ചെയ്തു. അവർക്ക് സമയമുണ്ടായിരുന്നപ്പോൾ ആ പ്രതിഭയെ സിനിമാലോകം ഉപയോഗപ്പെടുത്തിയില്ലെന്നു തന്നെ പറയണം. ഒരു പക്ഷേ എംജിആർ ഇല്ലായിരുന്നുവെങ്കില്‍ സിനിമാ ചരിത്രത്തിൽ ജയലളിത ഒരു പാട്ടുകാരി ആകുമായിരുന്നില്ല...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.