Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമ്പത് വയസുകാരൻ എഡിറ്റ് ചെയ്ത ആദ്യ പ്രമോഷൻ സോങ്

സു സുധി വാത്മീകത്തിലെ എന്റെ ജനല‌രികിൽ എന്ന പാട്ടിന്റെ എഡിറ്റ് ചെയ്ത വേർഷൻ

അച്ഛൻ നിർമിച്ച ചിത്രത്തിലെ ഒരു പാട്ടു രംഗം ഒരു ഒമ്പതു വയസുകാരൻ മകനങ്ങ് പൊളിച്ചെഴുതി. ചിത്രത്തിലെ സംവിധായകനു പോലും ആ കുഞ്ഞു പ്രതിഭയുടെ വിരുത് ഇഷ്പ്പെട്ടു. കുഞ്ഞു കൈകളിൽ കാമറയെ ചേർത്തിരുത്തി അവൻ‌ പകർത്തിയ ദൃശ്യങ്ങളും കുഞ്ഞു മനസിലെ ക്രിയാത്മകതയിലെ എഡിറ്റിങ്ങും കഴിഞ്ഞ് ആ ദൃശ്യങ്ങൾ നമുക്കു മുന്നിലേക്കെത്താൻ പോവുകയാണ്. ഭാവഗായകന്റെ പാട്ടിനൊപ്പമുള്ള ദൃശ്യങ്ങൾ. ആ കുട്ടിയുടെ പേര് അദ്വൈത് ജയസൂര്യ. അച്ഛൻ ജയസൂര്യ നിർമിച്ച് നായക വേഷത്തിലെത്തിയ സു സുധി വാത്മീകത്തിലെ പാട്ടു രംഗമാണ് അവൻ എഡിറ്റ് ചെയ്തത്. ഇന്നു നാലു മണിക്ക് യൂട്യൂബിലൂടെ അദ്വൈതിന്റെ വീഡിയോ റിലീസ് ചെയ്യും.

ഇതൊരു സംഭവമാക്കേണ്ട..പക്ഷേ...

jayasurya-with-son

കുഞ്ഞ് ആഗ്രഹങ്ങൾക്ക് അങ്ങനെ ചിറക് മുളയ്ക്കുന്നു എന്ന സ്റ്റാറ്റസോടെ ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ അദ്വൈതിന്റെ വീഡിയോ റിലീസ് ചെയ്യുന്ന കാര്യം അറിയിച്ചത്. കൂടുതലറിയാനായി വിളിച്ചപ്പോൾ പറഞ്ഞു ഓ അതിത്ര സംഭവമാക്കേണ്ടതൊന്നുമില്ലെന്ന്. പക്ഷേ ഒമ്പതാം വയസിൽ അവനിങ്ങനെ ഒരു കാര്യം ചെയ്തതിൽ സംവിധായകനു പോലും ഇഷ്ടമാകുന്ന രീതിയിൽ ആ പാട്ട് രംഗം എഡിറ്റ് ചെയ്തതിൽ എനിക്കൊത്തിരി സന്തോഷമുണ്ട്. കുറേ വിഷ്വൽസ് സ്വന്തമായി ആഡ് ചെയ്തു, ചില രംഗങ്ങൾ റിവേഴ്സ് ആക്കി ചിലത് സ്ലോ ആക്കി അങ്ങനെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട് വീഡിയോയിൽ. നമുക്ക് ചുറ്റും ഒട്ടേറെ കഴിവുകളുള്ള കുട്ടികളുണ്ട്. അവരിങ്ങനെയോ അല്ലെങ്കിൽ ഇതിലും നന്നായോ ഒക്കെ പല കാര്യങ്ങളും ചെയ്യുന്നുണ്ടാകാം. അദ്വൈത് ചെയ്ത വിഷ്വൽസ് വാർത്തയാകുന്നത് അവന്റെ അച്ഛൻ ഒരു സിനിമാ താരമായതുകൊണ്ടും മാത്രമാണ്.

*ഇതാദ്യത്തേതല്ല *

adwaith-video-promo

ഇതാദ്യമായല്ല പാട്ടു രംഗം എഡിറ്റ് ചെയ്യുന്നത്. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്ന പാട്ടും ഇതുപോലെ എഡിറ്റ് ചെയ്തിട്ടുണ്ട്. അമ്മയും അമ്മുമ്മയുമായിരുന്നു അതിലെ താരങ്ങള്‍. ചുമ്മാ കാമറയും കൊണ്ടു നടന്ന് വിഷ്വലുകൾ എടുക്കുക അവന്റെ ഹോബിയാണ്. അമ്മയും അമ്മുമ്മയും അനിയത്തിയും അങ്ങനെ വീട്ടിലെ ഓരോന്നും അവന്റെ വീഡിയോകളിലെ താരങ്ങളാണ്. അങ്ങനെ ചെയ്ത വിഷ്വൽസ് കുറേ യുട്യൂബിലുണ്ട്. സിനിമ കാണൽ തന്നെയാണ് സ്ഥിരം.

സിനിമ മാത്രമാണ് അവന്റെയും ലോകം

നിർമാതാവ് ആയതുകൊണ്ടു തന്നെ സു സുധി വാത്മീകത്തിലെ മെറ്റീരിയൽസ് കിട്ടി. അതെടുത്തു വച്ചാണ് അവൻ എഡിറ്റ് ചെയ്തത്. പാട്ട് എഡിറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞപ്പോൾ ആദ്യമൊരു കുസൃതിയായും കക്ഷിയുടെ സ്ഥിരം പരിപാടിയായുമൊക്കെയേ തോന്നിയുള്ളൂ. രഞ്ജിത്തിനോട് ഇതെങ്ങനെ പറയുമെന്നൊക്കെ ചിന്തിച്ചിരുന്നു. ചെയ്തത് മോശമായാലോ അത് മകന് വിഷമമായാലോ എന്നൊക്കെ ചിന്തിച്ചു. അതുകൊണ്ടു തന്നെ രഞ്ജിത്തിന് ഇഷ്ടമായാലേ റീലീസ് ചെയ്യൂ എന്ന് അവനോട് ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ വിഷ്വൽസ് കണ്ട് കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടമായി. അങ്ങനെയാണ് എല്ലാവരുമായും പങ്കുവയ്ക്കാൻ തീരുമാനിച്ചത്. ഇങ്ങനൊക്കെ അവൻ ചെയ്യുന്നതിനു കാരണം അവൻ ജനിച്ചു വീണതേ സിനിമാ ലോകത്തേക്കാണ്. ഞാൻ കാണാത്തതും കേൾക്കാത്തതുമൊക്കെ കണ്ടും കേട്ടാണ് അവൻ വളരുന്നത്. അവന്റെ ലോകവും സിനിമ മാത്രമാണ്. റിലീസ് ആകുന്ന എല്ലാ ചിത്രങ്ങളും ഭാഷാഭേദമന്യേ പോയിക്കാണുകയെന്നതാണ് ഹോബി. അതുകൊണ്ട് അവനിങ്ങനൊന്നും ചെയ്യുന്നതിൽ എനിക്ക് അത്ഭുതമില്ല.

jayasurya-family

ഡയറക്ടർ ആയിക്കോട്ടെ നായകൻ ഞാന്‍ മതി

മരട് ഗ്രിഗോറിയൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്. സിനിമാ ലോകത്താണെങ്കിലും മകൻ പഠിക്കാനും മിടുക്കനാണ്. അതൊരു ഭാഗ്യമായി കരുതുന്നു. അവന്റെ ലോകം സിനിമയാണ്. ഡയറക്ടർ ആകാനാണ് പോക്ക് എന്നാണ് തോന്നുന്നത്. അവൻ സിനിമയെടുത്തോട്ടെ അതെനിക്കും ഇഷ്ടം തന്നെ. പക്ഷേ നായകൻ ഞാനായാൽ മതിയായിരുന്നു ജയസൂര്യ പറഞ്ഞു. അങ്ങനൊന്നുമില്ല. അവൻ ഡയറക്ടർ ആകുന്നെങ്കിൽ നല്ല സിനിമകൾ എടുക്കട്ടെ അതാണ് എന്റെ ആഗ്രവും സന്തോഷവും.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിലെ എന്റെ ജനലരികിൽ എന്ന പാട്ടിന്റെ വിഷ്വൽസ് ആണ് അദ്വൈത് എഡിറ്റ് ചെയ്തത്. സന്തോഷ് വർമയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന പാട്ട്. പി ജയചന്ദ്രനാണ് പാടിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.