Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാകില്ല ഈ ഈണം: വീണ്ടും ജെറി അമൽ ദേവ്

jerry-amaldev-jalarekhakal

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു ജെറി അമൽദേവ് എന്ന സംഗീത സംവിധായൻ മലയാള സിനിമയിലേക്കെത്തിയത്. സന്തോഷവും പ്രണയവും വിഷാദവും വാൽസല്യവുമൊക്കെ നിറയുന്ന വരികളെ ലളിതമായ കുറേ ഈണങ്ങളിലൂടെ പാട്ടാക്കി മാറ്റി അദ്ദേഹം. പിന്നീട് 24 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയപ്പോഴും നമ്മുടെയെല്ലാം കാതുകളെ കീഴടക്കി അദ്ദേഹത്തിന്റെ ഈണം. ജലരേഖകള്‍ എന്ന ആൽബത്തിലെ ജെറി അമൽദേവ് ഈണമിട്ട വിഷാദഛായയുള്ള പാട്ട് നല്ല ഗീതങ്ങളെ ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധ നേടുകയാണിപ്പോൾ.

മലയാള സിനിമയിൽ സജീവമായിരുന്നപ്പോൾ സമാന്തര സംഗീത രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ആർദ്രഗീതങ്ങൾ അങ്ങനെയുള്ളൊരു ആൽബമാണ്. കെ.ജയകുമാറിനൊപ്പമാണ് ജലരേഖകകൾ എന്ന പാട്ട് തീർത്തത്. ജലരേഖകൾ നിൻ ഓർമകൾ ഏകാന്ത ദിവസങ്ങൾ...എന്നു തുടങ്ങുന്ന പാട്ട് ഏകാന്തതയിലേക്കു തള്ളപ്പെട്ട മനസിന്റെ വിങ്ങലാണു പാടുന്നത്. ഓർമകൾ വേട്ടയാടുന്നൊരു ജീവിതത്തെ കുറിച്ച്. അതിനോടു ചേർന്നു നിൽക്കുന്ന സ്വച്ഛ സുന്ദരമായ ഈണമാണു ജെറി അമൽദേവ് കുറിച്ചത്. പുതിയ കാലത്ത് അധികം സൃഷ്ടിക്കപ്പെടാനിടയില്ലാത്ത, എന്നാൽ നമ്മൾ കേൾക്കാൻ കൊതിക്കുന്ന സംഗീതം. ഈ കൂട്ടുകെട്ടിൽ നിന്ന് ഇനിയും ഈണങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. 

രാധികാ സേതുമാധവനും വിന്‍സന്റ് പിറവവും ചേര്‍ന്നാണ്  ആലാപനം. അനൂപ് പിള്ളയാണ് പാട്ട് സംവിധാനം ചെയ്തത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ ബാബുവും.