Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണനെ കുറിച്ചു പാടുവാൻ എപ്പോഴുമിഷ്ടം

k-s-chithra കെ.എസ്. ചിത്ര

കണികാണും നേരം നമ്മൾ കേൾക്കാൻ കൊതിക്കുന്നത് ആ സ്വരം തന്നെ. അത്രയേറെ കൃഷ്ണ ഭക്തിഗാനങ്ങളിൽ അലിഞ്ഞു പാടിയിട്ടുണ്ട് കെ എസ് ചിത്രയെന്ന നമ്മുടെ വാനമ്പാടി. അതിനുമപ്പുറമൊരു പാട്ടില്ല നമുക്ക്. ആലപിച്ചിട്ടുള്ള വിഷു ഗാനങ്ങളിൽ ഏതാണ് ചിത്ര ചേച്ചിക്കിഷ്ടം എന്ന് ചോദിച്ചാൽ ഉത്തരമിതാണ്. 'ഒരുപാടൊരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിലേതിനോടാണ് ഏറ്റവും ചോദിച്ചാൽ എങ്ങനെയാണ് പറയുക. കൃഷ്ണനെ കുറിച്ച് പാടുവാൻ എപ്പോഴുമെപ്പോഴുമിഷ്ടം തന്നെ... പതിവ് ചിരിയോടെ ചിത്ര ചേച്ചി പറഞ്ഞു.

ചെറുപ്പകാലത്തെ വിഷു ഓർമകൾ ഇന്നുമാ മനസിൽ മായാതെ നിൽക്കുന്നു. ' ഒരു വലിയ കോമ്പൗണ്ടിനുള്ളിൽ തന്നെയായിരുന്നു ബന്ധുക്കളെല്ലാവരും. കുട്ടിക്കാലത്ത് അതിരാവിലെ തന്നെ എല്ലാവരിൽ നിന്നും കൈനീട്ടം കിട്ടുമായിരുന്നു. അതൊക്കെ വാങ്ങിയിട്ട് എണ്ണി നോക്കുമായിരുന്നു എത്ര കിട്ടിയെന്ന്. അതൊരു കൗതുകമായിരുന്നു. പിന്നെ ആ പൈസയ്ക്ക് എന്തെങ്കിലും സ്വന്തമാക്കണമെന്നും ഉറപ്പിച്ചു വയ്ക്കും. അച്ഛനുമമ്മയിൽ നിന്നും തന്നെയാണ് ഏറ്റവുമധികം കൈനീട്ടം വാങ്ങിയിട്ടുള്ളത്. ചേട്ടനും ചേച്ചിയും ഇന്നും ‌ആ പതിവ് മുടക്കാറുമില്ല. വിഷു ദിനത്തിൽ ആരൊക്കെ വീട്ടിൽ വരുമോ അവർക്കെല്ലാം കൈനീട്ടം കൊടുക്കുവാൻ എനിക്കും ഏറെ പ്രിയം. ചിത്ര ചേച്ചി പറഞ്ഞു.

എങ്കിലും ശിവറാം അങ്കിളിൽ നിന്ന് വാങ്ങിയ വിഷു കൈനീട്ടം ചിത്ര ചേച്ചിക്ക് ഒരുപാട് സ്പെഷ്യലാണ്. എയർപോർട്ടിൽ കാത്തുനിന്നാണ് അദ്ദേഹം ചിത്ര ചേച്ചിക്കും മകൾക്കും അത് സമ്മാനിച്ചത്. മകൾക്കൊപ്പം വാങ്ങിയ അവസാന വിഷു കൈനീട്ടമായിരുന്നു അത്. നന്ദന കടന്നുപോയത് ഒരു വിഷു ദിനത്തിലാണ്. അതിനു ശേഷം ചിത്ര ചേച്ചി വിഷു ആഘോഷിച്ചിട്ടില്ല...