Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഫി പാട്ടുപാടാനൊരുങ്ങി ലക്ഷ്മി മേനോൻ

Lakshmi Menon

സുന്ദരപാണ്ഡ്യൻ, കുംകി, കുട്ടി പുലി, നാൻ സിഗപ്പു മനിതൻ, ജിഗർതാണ്ട, കൊമ്പൻ തുടങ്ങിയ ഹിറ്റുകൾ കോളീവുഡിന് സമ്മാനിച്ച മലയാളി നായികയാണ് ലക്ഷ്മി മേനോൻ. ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തിലെ കുക്കുരു കുക്കുരു എന്ന ഗാനം പാടി നായിക മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണെന്ന് തെളിയിച്ച ലക്ഷ്മി മേനോൻ വീണ്ടും പാടുകയാണ്. ഫിൽറ്റർ കോഫി എന്ന ചിത്രത്തിന് വേണ്ടിയാണ് ലക്ഷ്മി പാടുന്നത്.

ചിത്രത്തിന്റെ സംവിധായകൻ രാഘവ് തന്നെയാണ് ലക്ഷ്മി പാടുന്ന വിവരം പുറത്തുവിട്ടത്. ഓ കോഫി പെണ്ണേ എന്ന തുടങ്ങുന്ന ടൈറ്റിൽ ഗാനമായിരിക്കും ലക്ഷ്മി പാടുന്നതെന്നും, ഒരു പെൺകുട്ടി തന്റെ പ്രണയം പറയുന്ന ഗാനത്തിൽ വിവിധ തരത്തിലുള്ള കാപ്പികളെക്കുറിച്ച് പറയുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു. കാഞ്ചന 2 ലെ വായ എന്ന വീര എന്ന ഗാനം എഴുതിയ കോ ശേഷ യാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് പുതുമുഖ സംഗീത സംവിധായകൻ രാമസുബ്രഹ്മണ്യം ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

പതിനേഴ് വയസ് മാത്രം പ്രായമുള്ള സംഗീതസംവിധായകൻ ഈണം പകരുന്ന ചിത്രമെന്ന നിലയിൽ നേരത്തെ തന്നെ ഫിൽറ്റർ കോഫി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തിലൂള്ളത്. എ ആർ റഹ്മാന്റെ സഹോദരി എ ആർ റിഹാന ചിത്രത്തിലെ ഗാനം ആലപിച്ചു എന്ന വാർത്തകളുണ്ടായിരുന്നു. മദ്രാസിപ്പട്ടണം, നൻപൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബാലാജി, പുതുമുഖങ്ങളായ അൻസാരി, സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.