Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശത്തിലാഴ്ത്തി എം ജയചന്ദ്രന്റെ വഞ്ചിപ്പാട്ട്

lal-mj

സിനിമയിൽ എവിടെയെങ്കിലും നമ്മുടെ നാടിന്റെ പേരോ പ്രത്യേകതകളോ ഒരു വട്ടമെങ്കിലും കാണിക്കുന്നത് നമുക്കെന്ത് സന്തോഷമാണ്. ആ ചിത്രത്തിനോട് എപ്പോഴും ഒരു പ്രിയം കാണുകയും ചെയ്യും. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് അറിഞ്ഞതു മുതൽ മനസിൽ പ്രണയ സ്പർശം നിറഞ്ഞിരുന്നു. എന്നാൽ ആദ്യ വിഡിയോ ഗാനം എത്തിയപ്പോഴോ അത് ആവേശത്തിനു വഴിമാറി. നാട്ടിലെ അമ്പലക്കുളത്തിൽ നടക്കുന്ന വള്ളംകളി കാണാനിരിക്കുന്ന ഒരു അനുഭൂതി. അതുകൊണ്ടു തന്നെ ഗാനത്തെ നെഞ്ചേറ്റുകയാണ് മലയാളികള്‍. പ്രത്യേകിച്ച് ആലപ്പുഴക്കാർ. കാരണം, അവരുടെ പ്രിയപ്പെട്ട സ്ഥലപ്പേരുകളെല്ലാം എം ജയചന്ദ്രൻ ഈണമിട്ട ഈ പാട്ടിന്റെ വരികളിലുണ്ട്. 

പുന്നമടക്കായൽ എന്നു പേരിട്ട പാട്ട് അഞ്ചു ദിവസം കൊണ്ട് പത്തുലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. മധു വാസുദേവന്റേതാണ് നാടിന്റെ മനസിലൂടെ സഞ്ചരിക്കുന്ന വരികൾ. പുന്നമടയിലും വേമ്പനാട്ടിലുമൊക്കെ നടക്കുന്ന വള്ളംകളി മത്സരങ്ങളേയും പമ്പയിലെ കളിയോടങ്ങളേയും നമുക്കെത്ര കേട്ടാലും മതിവരില്ല. കുട്ടനാടിന്റെ ഭംഗിയും അവിടത്തെ പുന്നെല്ലിന്റെ മണവും വയലേലകളും മലയാളിയുടെ ആത്മാവിനുള്ളിൽ സ്ഥാനമുള്ളവയാണ്. അപ്പോൾ ആ സംസ്കാരത്തെ കുറിച്ചു പാടുമ്പോൾ, പ്രത്യേകിച്ച് ഒരു മോഹൻലാൽ ‌ചിത്രത്തിൽ കൂടിയാകുമ്പോൾ എത്ര പ്രിയപ്പെട്ടതാകും എന്നു പറയേണ്ടതില്ലല്ലോ. ആ വരികൾക്ക് എം ജയചന്ദ്രൻ പകർന്ന ഈണവും തെരഞ്ഞെടുത്ത സ്വരവും ഒന്നിനോടൊന്നു സുന്ദരമാകുകയും ചെയ്തു. ജിതിൻ രാജിന്റെ കുസൃതികലർന്ന തുള്ളിത്തുടിക്കുന്ന സ്വരം തന്നെയാണ് പാട്ടിനെ ആദ്യ കേൾവിയിൽ തന്നെ നമ്മുടെ ചങ്ങാതിയാക്കുന്നത്. ഒരു നാടിന്റെ ഉള്ളിലൂടെയുള്ള യാത്രയ്ക്ക് അതിസുന്ദരമായ സംഗീതമാണ് എപ്പോഴത്തേയും പോലെ എം ജയചന്ദ്രൻ പകർന്നതും. 

പാട്ടിനൊപ്പമുള്ള ദൃശ്യങ്ങളും അതുപോലെ സുന്ദരമാണ്. ഒരു സാധാരണ കുട്ടനാടുകാരന്റെ ചിന്തകളിലൂടെ, ആ നാടിനു പുറത്തുള്ളവർ കൊതിക്കുന്ന കാര്യങ്ങളിലൂടെ ലളിത സുന്ദരമായ യാത്ര. തോർത്തു വീശീ വള്ളംകളിക്ക് നായകനായി നിന്ന് താളം പിടിക്കുന്ന മോഹൻലാലിലൂടെ പാട്ടിന്റെ കാഴ്ചകളിലേക്കു കടക്കുമ്പോൾ തന്നെ നമ്മളും ആവേശം കൊള്ളും. ആ ആവേശം തന്നെയാണ് പാട്ടിന് പ്രേക്ഷകരിലേക്കുള്ള കുതിപ്പിന് ‌ദ്രുതതാളം പകർന്നത്. 

Your Rating: