Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാംബോജിയ്ക്കുള്ള ഓസ്കർ ഈ വാക്കുകള്‍

mukundan-kamboji

നൃത്തവും ഈണവും ഇഴചേർന്ന പ്രണയത്തിന്റെ ഭംഗിയും ആഴവുമായാണു കാംബോജി എത്തുന്നത്. ഒഎൻവി കുറുപ്പ് അവസാനമായി ഗാനരചന നിര്‍വ്വഹിച്ച ചിത്രം കൂടിയാണിത്. റിലീസിനെത്തും മുൻപേ നിരവധി എഴുത്തുകളാണ് ചിത്രത്തെ കുറിച്ചു പുറത്തുവന്നത്. അതിൽ ഒന്നിനെ കാംബോജിയ്ക്കു കിട്ടിയ ഓസ്കർ എന്നാണ് സംവിധായകൻ വിനോദ് മങ്കര വിശേഷിപ്പിച്ചത്. കാരണം മലയാളത്തിന്റെ, മയ്യഴിപ്പുഴയുടെ എഴുത്തുകാരൻ എം മുകുന്ദനാണ് കാംബോജിയെ കുറിച്ച് അവിസ്മരണീയമായ കുറിപ്പെഴുതിയത്.

തനിക്കേറ്റവും പ്രിയപ്പെട്ട രാഗങ്ങളിലൊന്നാണ് കാംബോജി. അതിനേക്കാളുപരി കാംബോജിയുടെ ഇതിവൃത്തമാണ് എഴുത്തുകാരനെ ഏറ്റവും സ്വാധീനിച്ചത്. ഈ കഥയെ കുറിച്ച് നേരത്തേ അറിഞ്ഞിരുന്നുവെങ്കിൽ അത് താനൊരു നോവൽ ആക്കി മാറ്റിയേനെ എന്നും എം മുകുന്ദൻ വിനോദ് മങ്കരയ്ക്കയച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. മുകുന്ദന്റെ ഈ അഭിപ്രായത്തെയാണ് വിനോദ് മങ്കര കാംബോജിയ്ക്കു ലഭിച്ച ഓസ്കർ എന്നു വിശേഷിപ്പിച്ചത്. 

അരനൂറ്റാണ്ടുമുന്‍പ് കിള്ളികുറിശിമംഗലത്ത് നടന്നതായി പറയുന്ന ഒരു കഥകളി നര്‍ത്തകന്റെ കഥയാണ്‌ വിനോദ് മങ്കര കാംബോജിയില്‍ വികസിപ്പിച്ചെടുക്കുന്നത്. രാവുണ്ണി മേനോന്‍ എന്ന കഥകളി ആശാന്റെ ശിഷ്യന്‍ കുഞ്ഞുണ്ണി വധശിക്ഷക്കു വിധിക്കപ്പെടുന്നു.  ഒരിക്കല്‍ക്കൂടി നിറഞ്ഞാടണം എന്നായിരുന്നു അയാളുടെ അവസാന ആഗ്രഹം.ജയിലധികാരികളുടെ അനുവാദത്തോടെ അയാള്‍ ആടി ആടി അത് നിര്‍ത്താതിരിക്കുന്നു.അപ്പോള്‍ വേഷത്തോടു കൂടിതന്നെ അയാളെ തൂക്കിലേറ്റുന്നു. കഥകളിവേഷം ധരിച്ച് ഒരാള്‍ തൂക്കിലേറുന്ന രംഗം എപ്പിക് നാടകങ്ങളെയോ ഇതിഹാസ നോവലുകളെയോ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് മുകുന്ദന്റെ വിലയിരുത്തൽ.

ശുദ്ധ സംഗീതവും നൃത്തവും കോർത്തിണക്കി വിനോദ് അണിയിച്ചൊരുക്കിയ ചിത്രത്തിൽ നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ലക്ഷ്മി ഗോപാലസ്വാമിയും വിനീതും മാസ്മരികമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. നല്ലൊരു ചലച്ചിത്രാനുഭവം. വിനോദ് മങ്കരയെ പോലെ ഇത്ര മനോഹരമായി നൃത്തവും സംഗീതവും ചലച്ചിത്രങ്ങളിൽ സമന്വയിപ്പിച്ച മറ്റൊരു സംവിധായകനുമില്ല. അദ്ദേഹത്തിന്റെ പ്രിയമാനസം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ആ ചിത്രം ഒരുപാടു വട്ടം കണ്ടിട്ടുണ്ട്. പുലിമുരുകന്റെയും സ്വര്‍ണകടുവയുടെയും മുരള്‍ച്ചകള്‍ക്കിടയിലും  ഉദാത്തമായ സിനിമാസംസ്കാരമുള്ള മലയാളികള്‍ തിയറ്ററുകളില്‍ കാംബോജി കാണാന്‍ കാണാൻ എത്താതിരിക്കില്ലെന്നും മുകുന്ദൻ എഴുതി.

ഈ മാസം 15നാണ് ചിത്രം റിലീസിനെത്തുന്നത്. എം ജയചന്ദ്രമാണ് കാംബോജിയിലെ പാട്ടുകൾക്ക് ഈണമിട്ട‌ത്. നാലു ഗാനങ്ങളിൽ മൂന്നെണ്ണണാണ് ഒഎൻവി കുറപ്പ് രചിച്ചത്. ബാക്കി ഒരെണ്ണം സംവിധായകന്റേതാണ്.  കെ.െജ യേശുദാസ്, ബോംബെ ജയശ്രീ,കെ.എസ്.ചിത്ര, ശ്രീവൽസൻ ജെ മേനോൻ എന്നീ പ്രതിഭാധനരാണ് കാംബോജിയിലെ ഗായകരായത്.