Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വിഷു ഇവര്‍ക്കൊരുപാട് സ്‌പെഷ്യൽ

suresh-thampanoor-madhusree മധുശ്രീ, സുരേഷ് തമ്പാനൂർ

മലയാളത്തിലെ പാട്ടുകാര്‍ക്കിടയില്‍ ഇവര്‍ക്കായിരിക്കും ഒരുപക്ഷേ ഈ വിഷു ഏറ്റവും സ്‌പെഷ്യല്‍. തീര്‍ത്തും അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ഇവരെ തേടിയെത്തിയതിനു ശേഷമുള്ള ആദ്യ വിഷു. മധുശ്രീ നാരായണനും മുത്തേ പൊന്നേ എന്ന പാട്ടിലൂടെ താരമായി മാറിയ സുരേഷ് തമ്പാനൂരും. സംഗീത സംവിധായകന്‍ രമേശ് നാരായണന്റെ മകളായ മധുശ്രീ അച്ഛന്‍ ഈണമിട്ട പാട്ടു പാടി പതിനാറാം വയസിലേ സംസ്ഥാന അവാര്‍ഡ് ജേതാവായി. മറ്റേയാളിനെ തേടി ഒരൊറ്റ പാട്ടിനു പിന്നാലെ പ്രേക്ഷക ലോകം മൊത്തമെത്തി സുരേഷ് തമ്പാനൂരെന്ന സാധാരണക്കാരിലേക്ക്. ഈ വിഷുവിന് രണ്ടുപേര്‍ക്കും എന്താണ് പറയുവാനുള്ളതെന്നറിയാം.

മധുശ്രീയുടെ വിഷു

അച്ഛന്റെ നാടായ കണ്ണൂരില്‍ വിഷു വലിയ ആഘോഷമാണ്. പശുക്കള്‍ക്ക് വേണ്ടി പോലും കണിയൊരുക്കുന്ന നാടാണ്. അവിടേക്ക് പോയിട്ട് ഒരുപാടായി. അവിടെവച്ച് വിഷു ആഘോഷിച്ചിട്ടുമില്ല. അങ്ങനെയൊരു ഒരു വിഷുക്കാലം കൂടണമെന്നാണ് മധുശ്രീക്ക് ആഗ്രഹം. ഇത്തവണത്തെത് സ്‌പെഷ്യല്‍ വിഷു തന്നെ. അവാര്‍ഡ് കിട്ടിയതിനു ശേഷമുള്ള ആദ്യ വിഷു ആയതുകൊണ്ടു മാത്രമല്ല കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ വിഷു ആഘോഷിക്കാനായി എന്നതുകൊണ്ടു കൂടിയാണെന്ന് മധുശ്രീ പറയുന്നു.

madhu-sree-colour.jpg.image.784.410 മധുശ്രീ നാരായണൻ

കൈനീട്ടമൊക്കെ വാങ്ങി അമ്മ വയ്ക്കുന്ന സദ്യയൊക്കെ കഴിച്ച് വിഷു അടിച്ചുപൊളിക്കുവാനാണ് മധുശ്രീയുടെ പരിപാടി. അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വാങ്ങുന്ന കൈനീട്ടം തന്നെയാണ് ഏറെയിഷ്ടം. വീട്ടിലെ ചെറിയ ആളായതുകൊണ്ട് കൈനീട്ടം ആര്‍ക്കും കൊടുക്കേണ്ടി വരാറില്ല. എങ്കിലും അങ്ങനൊന്നുണ്ടായാല്‍ ചേച്ചിക്ക് കൊടുക്കുവാനാണ് ആഗ്രഹം– മധുശ്രീ പറയുന്നു. വിഷുപ്പാട്ടുകളെല്ലാം ഇഷ്ടമാണ്. എങ്കിലും അച്ഛന്‍ ചെയ്ത നന്ദഗോപാലം എന്ന ആല്‍ബത്തിലെ കണ്ടു ഞാന്‍ കണ്ണനേ എന്ന പാട്ടിനോട് ഒരല്‍പം സ്‌നേഹക്കൂടുതലുണ്ട്. വിഷുപ്പാട്ടായി പാടാനിഷ്ടവും അതുതന്നെ.

ഈ വിഷു ഇവര്‍ക്കൊരുപാട് സ്‌പെഷ്യല്‍ മധുശ്രീ മനോരമ ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി പാടിയ വിഷു പാട്ട്‌.

സുരേഷ് തമ്പാനൂരിന്റെ വിഷു

suresh-thampanoor.jpg.image.784.410.jpg.image.784.410 സുരേഷ് തമ്പാനൂർ മുത്തേ പൊന്നേ എന്ന പാട്ടിന്റെ രംഗത്തിൽ

അബുദാബിയില്‍ ഓരോ വീടുകളിലും പോയി കൈനീട്ടം വാങ്ങുക, തരാത്ത വീടിനു നേരെ രാത്രി കല്ലേറു നടത്തുക. ഇതായിരുന്നു കുഞ്ഞിലത്തെ വിഷു പരിപാടി. കുട്ടിക്കാലത്തെ വിഷുക്കാലത്തെ കുറിച്ച് സുരേഷ് തമ്പാനൂരിന് പറയുവാനുള്ളത് ഇതാണ്. വെറുതെ പറയുന്നതല്ല. ഇതൊക്കെ ചെയ്തിട്ടുള്ളത് തന്നെയാണ്. സിനിമ കാണാനുള്ള പൈസയൊപ്പിക്കലാണ് ഇദ്ദേഹത്തിന് കുഞ്ഞുനാളിലെ വിഷു. മെരിലാന്‍ഡ് സുബ്രഹ്മണ്യത്തില്‍ നിന്ന് വാങ്ങിയ കൈനീട്ടം ഇപ്പോഴും ഓര്‍മകളിലുണ്ട്. ഞങ്ങള്‍ ഒരു കൂട്ടം പിള്ളേരെല്ലാം കൂടിപ്പോയായിരുന്നു അത് വാങ്ങിയത്. അമ്മ തന്നെയാണ് അന്നും ഇന്നും ആദ്യം കൈനീട്ടം തരിക. ചെറിയൊരു സദ്യയും അമ്മ ഒരുക്കിത്തരും. എപ്പോഴും സിനിമയെ കുറിച്ചായിരുന്നു ചിന്ത. പഠിത്തം വരെ ഒരു വഴിക്കായി പോയത് അങ്ങനെയാണ്. വൈകിയാണെങ്കിലും സിനിമ തന്നിലേക്കെത്തിയതിന്റെ സന്തോഷമുണ്ടെന്നും സുരേഷ് തമ്പാനൂര്‍ പറയുന്നു.

അതിനു ശേഷമുള്ള ആദ്യ വിഷു ദിനത്തില്‍ നാട്ടിലില്ലെങ്കിലും വിദേശത്ത് പാട്ടു പാടാന്‍ പോകുന്നതിന്റെ ത്രില്‍ മറച്ചുവയ്ക്കുന്നില്ല ഇദ്ദേഹം. അബുദാബിയിലാണ് വിഷു ആഘോഷിക്കുക. അവിടെയുള്ള ഒരു സംഘടനയുടെ ക്ഷണപ്രകാരണമാണ് പോകുന്നത്. ഇത്തവണ അമ്മയില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതും കൊടുക്കുന്നതും മുടക്കില്ല. പക്ഷേ രണ്ടുപേരില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ ഒരുപാട് ആഗ്രഹമുണ്ട്. തന്നെ സിനിമയിലേക്കെത്തിച്ച സംവിധായകന്‍ എബ്രിഡ് ഷൈനില്‍ നിന്നും പിന്നെ നിവിന്‍ പോളിയില്‍ നിന്നും. രണ്ടു പേരും കൈനീട്ടം തരുമെന്നാണ് പ്രതീക്ഷ. തന്നില്ലെങ്കില്‍ ചോദിച്ച് വാങ്ങും. കാരണം എനിക്കത്രയേറെ ഇഷ്ടമാണ് അതെന്നും സുരേഷ് പറഞ്ഞു.