Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പൃഥ്വിരാജ് ഗാനം എങ്ങനെ ഇത്ര മനോഹരമായി...

lailakame

ലൈലാകമേ...എന്ന വാക്കു കേട്ടപ്പോഴേ കാതുകൾ അങ്ങകലെ ഏതോ അറിയാത്തൊരിടത്തേക്കു പ്രണയാർദ്രമായി പാറിപ്പോയില്ലേ. വിളക്കുകൾ മായാത്തൊരു നഗരത്തിന്റെ കാഴ്ചയിലേക്ക് നമ്മളും അറിയാതെ കടന്നു ചെന്നില്ലേ...പ്രിയപ്പെട്ടവളുടെ കൈചേർത്തു പിടിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നകലുകയാണെന്ന് തോന്നിയില്ല. അത്രയ്ക്കു മനോഹരമായിരുന്നു ഈ പാട്ടിന്റെ ആലാപനവും വരികളും ഈണവുമെല്ലാം. കേൾവിക്കാരനെ പ്രണയത്തിന്റെ താഴ്‍വാരത്തിലേക്കൊരു ഏകാന്ത യാത്രയ്ക്കു വഴികാട്ടിയായി മാറി ഈ ഗാനം. യുട്യൂബിൽ പത്തു ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ പാട്ട് പ്രേക്ഷകർ വീക്ഷിച്ചത്...

ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വാക്കിലൂടെയാകണം പാട്ടു തുടങ്ങേണ്ടത്. ഈണം ബോളിവുഡ് പാട്ടിനു സമാനവും. ലൈലാകമേ എന്ന ഗാനത്തിന്റെ പിറവി മറ്റെല്ലാ പാട്ടുകളിൽ നിന്ന് വേറിട്ടതാകുന്നത് സംവിധായകന്റെ ഈ നിര്‍ദ്ദേശങ്ങൾ കാരണമായിരുന്നു. പ്രണയത്തെ വയലറ്റ് നിറമുള്ള പൂക്കളോട് ഉപമിച്ച് ഹരിനാരായണൻ പാട്ടെഴുതിയത് അതുകൊണ്ടാണ്. ഹരിചരണിന്റെ പ്രണയാർദ്രമായ സ്വരത്തിന് ഇത്രയും മനോരഹമായൊരു ഈണം രാഹുൽ രാജിലൂടെ കിട്ടിയതും അങ്ങനെയാണ്. കാവ്യാത്മകത ഭംഗിയുണ്ട് ഹരിചരണിന്റെ എല്ലാ പാട്ടുകൾക്കും. പക്ഷേ ലൈലാകമേ എന്ന വാക്കിൽ തങ്ങി ഈ ഗീതം മറ്റെല്ലാത്തിൽ നിന്നും അൽപം സുന്ദരമാകുന്നു നവീനവും. നീണ്ട പാതകളും എപ്പോഴും മിഴിചിമ്മുന്ന വിളക്കുകളുമുള്ള പാതിമയങ്ങിയ ഒരു നഗരത്തിന് നിലാവ് പകർന്നു കൊടുക്കും പോലൊരു ഈണമാണ് രാഹുല്‍ രാജ് പകർന്ന്.

മലയാളത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് ഒരു ബോളിവുഡ് പാട്ട് വേണം. എന്നായിരുന്നു സംവിധായകന്റെ ആവശ്യം. ഇതുവരെ കേട്ട പഠിച്ച അനുഭവിച്ച സംഗീതത്തിൽ നിന്നും ഒരേട് എടുത്ത് എന്റേതായ ശൈലിയിലേക്കു മാറ്റി ഹരിചരണിനു പാടാനായി നൽകി രാഹുൽ രാജ്. വയലറ്റ് പൂക്കൾ വിരിഞ്ഞു നിൽക്കുന്നൊരു പൂപ്പാടം പോലെ പ്രേക്ഷകനത് പ്രിയപ്പെട്ടതായി മാറുമ്പോൾ‌ രാഹുലിനും ഏറെ സന്തോഷം. ആത്മാർഥയ്ക്കും സമർപ്പണത്തിനും അംഗീകാരമായല്ലോ എന്നോർത്ത്.

ഹൊറർ സിനിമയാണ് എസ്ര. കഥാപാത്രങ്ങളെ സിനിമയിലേക്കെത്തിക്കുന്നൊരു പാട്ടാണിത്. സിനിമയിലേക്കുള്ള യാത്ര. മുംബൈ എന്ന നഗരത്തോടു വിടപറയുകയാണ് നായകനും നായികയും. പ്രണയം വിരിഞ്ഞ നാടിനോടുള്ള അവരുടെ വിടപറച്ചിലാണീ പാട്ടിൽ. അതിൽ ഒരു റൊമാന്റിക് ഗീതത്തിനു എസ്ര എന്ന ഹൊറർ ചിത്രത്തിൽ ഇടമൊരുങ്ങിയത് അങ്ങനെയാണ്. 

സംഗീത സംവിധാനത്തിനു പുറമേ അതിമനോഹരമായ ബാക്കിങ് വോക്കലും നൽകി രാഹുൽ രാജ്. സിനിമയുടെ കാതലായ ഭാഗം എപ്പോഴും പശ്ചാത്തല സംഗീതമാണ്. പക്ഷേ ആളുകളുടെ മനസിൽ ഒരു സംഗീത സംവിധായകൻ‌ ചേർന്നു നിൽക്കുന്നത് പാട്ടിലൂടെയാണ്. എന്റെയും സ്വപ്നം അതാണ്. ആദ്യമായി സംഗീത സംവിധാനം ചെയ്യുന്നൊരാളിന്റെ മനസോടെയാണ് ഓരോ പാട്ടിനേയും സമീപിക്കുക. ഈ പാട്ടിനേയും അങ്ങനെ തന്നെ. ഹരിചരൺ തകർത്തു പാടുകയും ചെയ്തു. രാഹുൽ രാജ് പറഞ്ഞു.

നമ്മൾ നമുക്ക് മുന്നേ വന്ന സംഗീത സംവിധായകരുടെ ഗാനങ്ങൾ ഒരുപാടു കേൾക്കും. അതിൽ നിന്ന് എന്റെ ശൈലി രൂപപ്പെടുത്തി അനുകരണത്തിന് അപ്പുറം സഞ്ചരിക്കാനാണ് എപ്പോഴും ശ്രമിക്കാറ്. രാഹുൽ രാജിന്റെ ഒരു പാട്ട് വരുന്നു എന്നറിയുമ്പോൾ പ്രേക്ഷകനുള്ളിൽ അതു കേൾക്കാനൊരു കൗതുകം തോന്നണം. എപ്പോഴും അതാണു മനസിൽ.

ലൈലാകമേ എന്ന പാട്ടു മാത്രമല്ല ഒട്ടേറെ നല്ല ഗീതങ്ങളാണ് പോയവർഷം രാഹുൽ രാജ് സമ്മാനിച്ചത്...പക്ഷേ ലൈലാകമേ...വയലറ്റ് പൂക്കളുടെ ചന്തത്തോടെ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നു എന്നു പറയാതെ വയ്യ. 

Your Rating: