Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷ് ഭട്ട് ഗായകനാവുന്നു

Mahesh Bhat

ബോളീവുഡിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമാണ് മഹേഷ് ഭട്ട്. ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മഹേഷ് ഭട്ടിന്റെ ചിത്രങ്ങളിലെ ഗാനങ്ങളും അതിപ്രശസ്തമാണ്. തന്റെ ചിത്രങ്ങളിൽ സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുമ്പോഴും ഭട്ട് പിന്നണി ഗാനരംഗത്ത് മാത്രം കൈവെച്ചിരുന്നില്ല. മകൾ ആലിയ ഭട്ടിനെ പിന്തുടർന്ന് പിന്നണി ഗാനരംഗത്തും ഒരു കൈ പരീക്ഷിക്കാൻ മഹേഷ് ഭട്ട് തീരുമാനിച്ചിക്കുന്നു. വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന മി. എക്സ് എന്ന ചിത്രത്തിന് വേണ്ടിയാണ് മഹേഷ് ഭട്ട് ഗാനമാലപിക്കുന്നത്.

ജീത്ത് ഗാംഗുലി ചിട്ടപ്പെടുത്തുന്ന യു ക്യാൻ കോൾ മി. എക്സ് എന്ന് എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനമാണ് മഹേഷ് പാടിയിരിക്കുന്നത്. സംഗീതം തന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്നും ജീത്ത് അങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോൾ താൻ നിഷേധിച്ചില്ലെന്നുമാണ് മഹേഷ് ഭട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. പിതാവ് പാടുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്ന് മകൾ ആലിയ ഭട്ടും ട്വിറ്ററിലൂടെ പറഞ്ഞിട്ടുണ്ട്.

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന ത്രീ ഡി ആക്ഷൻ ത്രില്ലറാണ് മി. എക്സ്. ഇമ്രാൻ ഹാഷ്മി, അമിര ദസ്തൂർ, അരുണോദയ് സിങ്, നോറ ഫത്തേഹി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷാഗുഫ്ത റഫീക്കാണ്. ജീത്ത് ഗാംഗുലിയെ കൂടാതെ അങ്കിത്–അങ്കുർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുടെ ബാനറിൽ മഹേഷ് ഭട്ടും മുകേഷ് ഭട്ടും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 17ന് തീയേറ്ററിലെത്തും.