Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർളിയിൽ മാൽഗുഡി ശുഭയുടെ പാട്ട്

Malgudi Subha, Gopi Sunder

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി,മലയാളം ഭാഷകൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗായികയാണ് മാൽഗുഡി ശുഭ. 2005 ൽ പുറത്തിറങ്ങിയ കലാഭവൻ മണി ചിത്രം ബെൻജോൺണിലെ സോനാ സോന എന്ന ഗാനമായിരുന്നു ശുഭ അവസാനമായി പാടിയ മലയാള ഗാനം. നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാൽഗുഡി ശുഭ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ഗോപിസുന്ദർ സംഗീതം നിർവ്വഹിക്കുന്ന ചിത്രം ചാർളിക്ക് വേണ്ടിയാണ് ശുഭ ഗാനമാലപിക്കുന്നത്. ഗോപിസുന്ദർ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. ഇരുവരും ചേർന്ന് നിൽക്കുന്ന ചിത്രം ഗോപി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത് മനോഹരമായ മെലഡിയാണ് ശുഭ പാടുന്നതെന്നും കുറിച്ചിട്ടുണ്ട്. നേരത്തെ ചിത്രത്തിന് വേണ്ടി വിജയ് പ്രകാശ്, ശ്രേയ ഘോഷാൽ തുടങ്ങിയവർ പാടുന്ന വിവരം ഗോപി എഫ്ബി പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പ്രണയ കഥയാണ് ചാർളി. ബാംഗ്ലൂർ ഡെയ്‌സിലെ സൂപ്പർഹിറ്റ് ജോഡിയായിരുന്ന പാർവ്വതി മേനോനും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാർളി. ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനേയും പാർവ്വതിയേയും കൂടാതെ അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മാർട്ടിൻ പ്രക്കാട്ടും ഉണ്ണി ആറും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫൈൻഡിങ് സിനിമാസിന്റെ ബാനറിൽ ഷെബിൻ ബെക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവർ ചേർന്നാണ് ചാർളി നിർമ്മിക്കുന്നത്. കൊച്ചി, മൂന്നാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഉടൻ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്