Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റിനിലെ സ്കൂളിനായി മംമ്തയുടെ പാട്ട്

mamtha-in-abudhabi-anthem

പ്രവാസികളായിരിക്കുമ്പോൾ അച്ഛനും അമ്മയുമൊക്കെ പറയുന്നത് കേട്ടാകും നമ്മൾ നാടിനെ കുറിച്ചറിയുക. കാണാൻ, കുറേ നാളിങ്ങനെ വലിയ സ്വാതന്ത്ര്യത്തിൽ പാഞ്ഞ് നടക്കുവാൻ നമുക്കൊരുപാട് ആഗ്രഹവും തോന്നും. എങ്കിലും സ്വന്തം നാട്ടിലെ സ്കൂളിൽ പഠിക്കാനാകാത്തതിന്റെ നിരാശ കാണാൻ വഴിയില്ല. പ്രത്യേകിച്ച് അബുദാബിയിലോ, ഷാർജയിലോ ദുബായിലോ ഉള്ള കുട്ടികൾക്ക്. കാരണം ഇന്ത്യയുടെ തുടിപ്പുകളുള്ള ഒരുപാട് പള്ളിക്കൂടങ്ങളുണ്ടവിടെ. ആ സ്കൂൾ കാലത്തെ അവിടെ ജനിച്ചു വളരുന്ന കുട്ടികൾ ഒരുപാടൊരുപാടിഷ്ടപ്പെടുന്നുമുണ്ട്. ഒരുപക്ഷേ അതുകൊണ്ടാകും സ്കൂൾ ക്യാംപസിനുള്ളിലൂടെ നടക്കുന്നതിനിടയിൽ വെറും മൂന്നു മിനുട്ടുകൊണ്ട് ഇത്ര നല്ലൊരു പാട്ടീണം താൻ പഠിച്ച ബഹ്റിനിലെ ഇന്ത്യൻ സ്കൂളിനായി ചെയ്യുവാൻ ബെഞ്ചമിന്‍ ജോ എന്ന പൂർവ്വ വിദ്യാര്‍ഥിക്ക് സാധിച്ചത്. ബഹ്റിനിലെ ഇന്ത്യൻ സ്കൂളിന്റെ ആന്തം, വൺസ് എഗെയ്ൻ ഐഎസ്ബി ശ്രദ്ധ നേടുകയാണ്. അനീനാ വിജയ്‌ക്കൊപ്പം ചേർന്ന് ബെഞ്ചമിൻ തന്നെയാണ് പാട്ടെഴുതിയതും. ഹിന്ദി വരികൾ അനീനയാണെഴുതിയത്. വലിയൊരു സംഘമാണീ പാട്ട് പാടിയിരിക്കുന്നത്. അതിലൊരാൾ പ്രിയ ഗായികയും നടിയുമായ മംമ്ത മോഹൻദാസും.

പാട്ടുപാടാനെത്താനുള്ള ക്ഷണം ബെഞ്ചമിൻ മംമ്തയുടെ അച്ഛൻ മോഹന്‍ദാസ് വഴിയാണ് അറിയിച്ചത്. മംമ്ത താൽപര്യമറിയിച്ചത് ബെഞ്ചമിനും കൂട്ടുകാർക്കും വലിയ സർപ്രൈസ് ആയി. പതിനഞ്ച് മിനിട്ടുകൊണ്ട് കുഞ്ഞു ഭാഗമേ മംമ്ത പാടുന്നുള്ളുവെങ്കിലും പാട്ടിന് അത് പ്രൗഡിയേകുന്നു. മംമ്തയും സംഗീത സംവിധായകൻ ഗോപീ സുന്ദറും പവിത്രൻ നീലേശ്വരവും ചേർന്നാണ് പാട്ടിന്റെ സിഡി ലോഞ്ച് ചെയ്തത്. സ്കൂളിന്റെ കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന പാട്ടിന്റെ ഈണം നമ്മിലുണ്ടാക്കുന്ന ആരവം ചെറുതല്ല.

mamtha-benjamin മംമ്തയും ബെഞ്ചമിൻ ജോയും

മംമ്തയെ കൂടാതെ ബെഞ്ചമിനും ലിയാനെ, അമാൻഡാ എന്നിവരും ഗാനം ആലപിച്ചിട്ടുണ്ട്. അർജുൻ മുരളിയുടെ ഓർക്കസ്ട്രേഷന്‍ ബഹ്റിനിലെ സ്കൂളിലെ പാട്ടെന്ന അകൽച്ച കേഴ്‌വിക്കാരിൽ ഇല്ലാതാക്കുന്നുവെന്ന് തന്നെ പറയണം. ഹബീബ് ഒറ്റപ്പാലമാണ് വിഡിയോ സംവിധാനം ചെയ്തത്. സോഷ്യൽ മീഡിയ വഴി പ്രചരിച്ച പാട്ട് ഒരാഴ്ച കൊണ്ട് പതിനേഴായിരത്തോളം പ്രാവശ്യം ആളുകൾ കാണുകയും ചെയ്തു.

Your Rating: