Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലച്ചത് പാലക്കാടിന്റെ പ്രിയശബ്ദം

manojk-krishnan മനോജ് കൃഷ്ണൻ

സാമഗാനലയഭാവം, സുഖസാന്ദ്ര മധുര സംഗീതം......കളിവാക്ക് എന്ന സിനിമയിൽ മലയാളികൾ മറക്കാത്ത ഈ ശബ്ദമാണ് ഇന്നലെ നിലച്ചത്. മനോജ് കൃഷ്ണനെന്ന സിനിമാ പിന്നണി ഗായകൻ പാലക്കാട്ടുകാർക്ക് മനോജ് കുട്ടനാണ്. ചിറ്റൂർ ഗവ.കോളജിൽ എംഎ മ്യൂസിക് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെയാണ് മനോജ് കൃഷ്ണൻ സിനിമാ പിന്നണി ലോകത്തെത്തുന്നത്. അന്ന് കോളജിൽ കച്ചേരി അവതരിപ്പിച്ചശേഷം വീട്ടിലെത്തിയ മനോജിനെ കാത്തിരുന്നത് സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ ഫോൺ കോളായിരുന്നു. സിനിമയിൽ പാടാൻ താൽപര്യമുണ്ടെങ്കിൽ അടുത്ത ദിവസം കൊച്ചിയിലേക്ക് വരാനായിരുന്നു എസ്.പി.വെങ്കിടേശിന്റെ നിർദേശമെന്ന് ബന്ധുക്കൾ ഓർമിക്കുന്നു.

എസ്.പി.വെങ്കിടേഷിന്റെ സുഹൃത്ത് കോളജിൽവച്ച് മനോജിന്റെ കച്ചേരി കാണാനിടയായി. ഇതു മനോജിനു സിനിമാ ലോകത്തേക്കുള്ള ക്ഷണമായി. 1994ൽ പുറത്തിറങ്ങിയ ശുദ്ധമദ്ദളം എന്ന സിനിമയിലെ ഗണപതി പാടാം.....എന്നു തുടങ്ങുന്ന ഗാനം കെ.എസ്.ചിത്രയോടൊപ്പം ആലപിച്ചു. കൈതപ്രമായിരുന്നു ഗാനരചന. പാട്ട് ഹിറ്റായതോടെ മനോജിനെ തേടി ഒട്ടേറെ അവസരങ്ങളെത്തി. അതേ വർഷം സോപാനമെന്ന സിനിമയിൽ ദേവാ, ദേവാ എന്നു തുടങ്ങുന്ന കീർത്തനം പാടി. തുടർന്ന് മന്ത്രിക്കൊച്ചമ്മ, കളിവാക്ക്, തിരകൾക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങി പത്തോളം മലയാളം സിനിമകളിൽ പാടി. എട്ട് തമിഴ് സിനിമകളിലും പാടി.

മഴയെത്തും മുൻപെയെന്ന സിനിമയിൽ സ്വർണ പക്ഷി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുവെങ്കിലും സിനിമ പുറത്തിറങ്ങിയപ്പോൾ ആ പാട്ട് ഉണ്ടായിരുന്നില്ല. രണ്ടായിരത്തിൽ കൊച്ചിയിലെ ഒരു സ്റ്റേജ് ഷോയിൽ പാടാനെത്തിയതാണ് മനോജിന്റെ ജീവിതത്തിന്റെ മറ്റൊരു വഴിത്തരിവ്. അന്ന് പരിചയപ്പെട്ട അൻസാർ, പ്രദീപ് ബാബു, കിഷോർ വർമ, സമദ് എന്നീ ഗായകരോടൊപ്പം ചേർന്ന് മനോജ് ഇളയനില എന്ന മ്യൂസിക് ബാൻഡ് ആരംഭിച്ചു. ചാനലുകളിൽ ബാൻഡ് ഹിറ്റായതോടെ ഒട്ടേറെ വിദേശ പരിപാടികളും തേടിയെത്തി. വിദേശത്ത് സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കാനും ഒട്ടേറെ അവസരമുണ്ടായി. മനോജിനൊപ്പം മറ്റു നാലു ഗായകരും പിന്നീട് സിനിമാ പിന്നണി ലോകത്തെത്തി.

ബോംബെ രവിയുമായി ചേർന്ന് എട്ട് സിനിമകൾക്ക് മനോജ് പശ്ചാത്തല സംഗീതമൊരുക്കി. പാടുന്നതിനൊപ്പം മനോഹരമായി കീ ബോർഡ് വായിക്കാനുള്ള മനോജിന്റെ കഴിവ് സംഗീതജ്ഞൻ പ്രകാശ് ഉള്ള്യേരി ഓർമിക്കുന്നു. 2008ൽ പുറത്തിറങ്ങിയ മോഹിതം എന്ന സിനിമയിലാണ് മനോജ് അവസാനം പാടിയത്. പിന്നീട് ഒട്ടേറെ ഭക്തി ആൽബങ്ങൾക്കു സംഗീതം നിർവഹിക്കുകയും പാടുകയും ചെയ്തു. മ്യൂസിക് ഡ്രീംസ്, നാദം ഓർക്കസ്ട്ര എന്നീ ഗാനമേള ട്രൂപ്പുകളും മനോജ് ആദ്യകാലത്ത് ആരംഭിച്ചിരുന്നു. 2015ൽ പാലക്കാട് നടന്ന പരിപാടിയിൽ ഡിടിപിസി മനോജിനെ ആദരിച്ചിരുന്നു.

Your Rating: