Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാമഞ്ചലിൽ വന്ന പാട്ട്...

maya-manchalil-music-shots

തീർത്തും അപ്രതീക്ഷിതമായി രാധികാ തിലക് കടന്നുപോയപ്പോൾ നമ്മള്‍ പെട്ടെന്ന് ഓര്‍ത്തെടുത്ത അവരുടെ ഒരു ഗാനമാണിത്...ജി വേണുഗോപാലിനൊപ്പം രാധിക പാടിയത്. മലയാളം വളരെ കുറച്ചു മാത്രം തിരിച്ചറിഞ്ഞൊരു പെൺസ്വരത്തിന്റെ അവിസ്മരണീയമായ ഗാനം. ഈ പാട്ടാണ് ഇനി മ്യൂസിക് ഷോട്സിൽ സയനോരയും രാജലക്ഷ്മിയും നമുക്ക് പാടിത്തരുന്നത്. വെസ്റ്റേൺ പാട്ടുകൾക്കിണങ്ങുന്ന സ്വരമുള്ള സയനോരയും മെലോഡിയസ് ശബ്ദമുള്ള രാജലക്ഷ്മിയും ചേർന്നുപാടുമ്പോൾ ഈ പാട്ട് നമ്മിൽ തീർത്ത ഒരു പ്രത്യേക അനുഭൂതി മറ്റൊരു തലത്തിലേക്കു പോകുന്നു. രാജലക്ഷ്മിയുടെ കോറസും സയനോരയുടെ ഗിത്താർ തന്ത്രികളും മായാമ‍ഞ്ചലിൽ വന്നിറങ്ങിയ പാട്ട് എന്ന വിശേഷണത്തെ അന്വർഥമാക്കുന്നു.

മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ‌

കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ...

അതിമനോഹരമായൊരു പ്രണയാന്തരീക്ഷമാണ് ഈ ഗാനം ഓരോരുത്തരിലും തീർക്കുന്നത്. തിരയും തീരവും ഒറ്റയ്ക്കായ രാത്രിയിൽ, ഒറ്റ നക്ഷ്ത്രം മാത്രം കണ്ണു ചിമ്മിനിന്ന ആകാശത്തൂന്ന് അവിടേയ്ക്കു തേരിറങ്ങി വന്നൊരു ഗാനം പോലെ. അജ്ഞാതനായ ഏതോ ഒരു പാട്ടുകാരൻ കടൽത്തീരത്തിരുന്ന് തീർത്തൊരു ഗാനം. മായാമഞ്ചലിലേറി ഭൂമിയിലേക്കെത്തിയ ഈണം. ഈ പാട്ടിന്റെ താളമിങ്ങനെ കാതിലൂടെ പിന്നെ ഹൃദയത്തിലേക്ക് ചേക്കേറുന്ന ഇടവേളയിൽ മനസിലുണരുന്ന അനുഭൂതി ഇതാണ്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക ഇഷ്ടമാണ് ഈ പാട്ടിനോടൊന്നും. കേൾക്കുമ്പോൾ ലളിതമെന്നു തോന്നുന്ന എന്നാൽ സങ്കീർണമായ ഈണമുള്ള ഗാനം...

മലയാളം വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ലാത്ത രണ്ടു പ്രതിഭകളുടെ ഒന്നുചേരലാണീ പാട്ട്. പി.കെ ഗോപി എന്ന എഴുത്തുകാരന്റേയും ശരത് എന്ന സംഗീത സംവിധായകന്റേയും. അതുകൊണ്ടാകാം കാലങ്ങളായി ഈ ഗാനം നമുക്ക് പ്രിയപ്പെട്ടതായി തുടരുന്നത്. 

Your Rating: