Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അവസരം എന്റെ ജീവിതത്തിലെ സുകൃതം

midhun-eashwar-s-janaki

എസ്.ജാനകിയെ പോലെ പാടുവാൻ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. ഏതു സ്ഥായിയിലും ഏതു ഭാവത്തിലും പാടുവാൻ കഴിവുള്ള അപൂർവ്വ ജന്മമാണവർ. സംഗീത ലോകം കണ്ട പ്രതിഭാധനരുടെയെല്ലാം ഏറ്റവും മികച്ച ഗാനങ്ങൾ പാടിയ ഈ ഗായിക സംഗീത ജീവിതത്തിൽ നിന്നു വിരമിക്കുന്നത് ഒരു തുടക്കക്കാരന്റെ പാട്ടു പാടിക്കൊണ്ടാണ്. മിഥുൻ ഈശ്വറിന്റെ സംഗീതത്തിലുളള ഗാനം. പത്തു കൽപനകൾ എന്ന ചിത്രത്തിൽ മിഥുൻ ഈശ്വര്‍ ഈണമിട്ട ഒരു താരാട്ട് പാട്ടിനാണ് എസ്.ജാനകി സ്വരമായത്. 

"എന്റെ ജീവിതത്തിന്റെ സുകൃതം. ഏത് അവാർഡുകളേക്കാൾ വിലമതിക്കുന്നത്." എസ്.ജാനകി താൻ ചിട്ടപ്പെടുത്തിയ ഈണത്തിൽ പാടിയതിനെ കുറിച്ച് മിഥുന്റെ വാക്കുകളിങ്ങനെയാണ്. 

ജാനകിയമ്മ കോഴിക്കോട് ഒരു പരിപാടിക്ക് എത്തിയിരുന്നു. ജാനകിയമ്മയെ ആദരിച്ചു കൊണ്ട് ടഗോറിൽ നടന്ന പരിപാടി. രാജാമണി സര്‍ ആണ് അതു കണ്ടക്ട് ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തിന് ഒരാഴ്ച മുൻപായിരുന്നു ഇത്.

ആ പരിപാടിക്കിടെയാണ് അമ്മയെ ആദ്യമായി പരിചയപ്പെട്ടത്. അന്നവിടെ ഞാൻ ജാനകിയമ്മയുടെ പാട്ടുകൾ ചേർത്തുവച്ച് വയലിനിൽ ഫ്യൂഷൻ ചെയ്തിരുന്നു. അത് അമ്മയ്ക്ക് ഏറെയിഷ്ടമായി. കുറേ നേരം അമ്മയുമായി സംസാരിച്ചിരുന്നു. അന്നേരം എന്റെ ഈണത്തിൽ ജാനകിയമ്മ പാടണമെന്ന ആഗ്രഹത്തെ കുറിച്ചു പറഞ്ഞത്. നമുക്ക് നോക്കാം എന്നായിരുന്നു അന്നു ജാനകിയമ്മ മറുപടി പറഞ്ഞത്. 

പിന്നെ കുറേ നാൾ കഴിഞ്ഞു. ഡോൺ മാക്സിന്റെ പത്തു കൽപനകൾ എന്ന സിനിമയുടെ തിരക്കിലായി ഞാൻ. അന്നേരമാണ് സിനിമയിൽ ഒരു താരാട്ട് പാട്ടിന്റെ സിറ്റ്വേഷൻ വന്നത്. എനിക്ക് അപ്പോൾ തോന്നി ജാനകിയമ്മയെ കൊണ്ടു പാടിച്ചാലോ എന്ന്. പാട്ടിന്റെ ട്യൂൺ ജാനകിയമ്മയ്ക്ക് അരികിലെത്തിച്ചു. ഗാനം അവർക്ക് ഏറെ ഇഷ്ടമായി. രണ്ടു മാസം മുൻ‌പ് ചെന്നൈയിലായിരുന്നു റെക്കോർഡിങ്. റോയി പുറമിടം എഴുതിയ അമ്മ പൂവിനും ആമ്പൽ പൂവിനും എന്ന വരികളാണ് ജാനകിയമ്മ പാടിയത്.

ഇതിഹാസ ഗായികയാണവർ. പക്ഷേ ആ സ്വഭാവത്തിലെ വിനയം നമ്മെ അമ്പരപ്പിക്കും. ആ റെക്കോർഡിങും എനിക്കൊരിക്കലും മറക്കുവാനാകില്ല...മിഥുന്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.