Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധിജിയുടെയും കസ്തൂര്‍ബയുടെയും പ്രണയത്തെക്കുറിച്ചു പാടി ബിജിബാല്‍

Bijibal

ചിന്തിപ്പിക്കുന്ന വരികളുളള, പിന്തുടരുന്ന സംഗീതമുള്ള പാട്ടുകള്‍. കാതില്‍ തങ്ങിനില്‍ക്കുന്ന, മനസ്സില്‍പതിയുന്ന ഗാനങ്ങള്‍. ബിജിബാലിന്റെ ബോധി സൈലന്റ് സ്‌കേപിലൂടെ നമ്മള്‍ കേട്ടിട്ടുള്ളതെല്ലാം അങ്ങനെയുള്ള ഗാനങ്ങളാണ്. തന്റെ ജീവിതമാണ് സന്ദേശമെന്നു ലോകത്തെ പഠിപ്പിച്ച മഹാന്റെ ജന്മദിനത്തില്‍ ബിജിബാല്‍ നമുക്കു സമ്മാനിക്കുന്നതും അത്തരത്തിലൊരു ഗാനമാണ്. മഹാത്മാ ഗാന്ധിയുടെയും പത്‌നി കസ്തൂര്‍ബയുടെയും പ്രണയത്തെക്കുറിച്ചു ശാന്തസുന്ദരമായൊരു പ്രണയ കാവ്യം. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഈണമിട്ടതും പാടിയതും ബിജിബാല്‍ തന്നെ. ഗാന്ധിയെന്ന സത്യത്തെപ്പോലെ സുന്ദരമാണീ പാട്ടും.

‘ഗാന്ധിജിക്കുറിച്ചു വായിക്കുമ്പോഴൊക്കെ കസ്തൂര്‍ബയുടെ സാമീപ്യം എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഗാന്ധിജിയെപ്പോലെതന്നെ ത്യാഗം ചെയ്തിട്ടുണ്ടു കസ്തൂര്‍ബയും. ഗാന്ധിജിയുടെ ജീവിതത്തിൽ കസ്തൂര്‍ബയുടെ സ്വാധീനവുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതിനെക്കുറിച്ചു സംസാരിക്കണമെന്ന് എനിക്കു തോന്നി. അതുകൊണ്ടാണ് അവര്‍ക്കിടയിലെ പ്രണയത്തെക്കുറിച്ച് ഒരു ഗാനം ചെയ്തത്. ഉപാധികളില്ലാത്ത പ്രണയത്തിന് ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചു പുതിയ മാനങ്ങള്‍ വരുമല്ലോ’- ബിജിബാല്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

‘പിന്നെ, ഇതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഗാന്ധിജി മഹാനാണോ എന്നു തര്‍ക്കിക്കുന്ന, ഗാന്ധിജി ഉള്ളതുകൊണ്ടല്ല സ്വാതന്ത്ര്യം കിട്ടിയതെന്നു വാദിക്കുന്ന ആൾക്കാർക്കുള്ള ഓര്‍മപ്പെടുത്തല്‍. മനുഷ്യസഹജമായ തര്‍ക്കങ്ങള്‍ കണ്‍സ്ട്രക്ടീവ് ആയ തര്‍ക്കങ്ങളിലും ചിന്തകളിലുമാണ് ചെന്നെത്തുന്നത്. സ്വാതന്ത്ര്യ സമരമെന്നത് ഒരു കൂട്ടായ മുന്നേറ്റമായിരുന്നു. ലോകത്തിനു തന്നെയൊരു സന്ദേശമായിരുന്നു അത്. സ്വാതന്ത്ര്യസമരം ഒരു തട്ടകമായിരുന്നുവെന്നേയുള്ളൂ എന്നാണ് ഞാന്‍ കരുതുന്നത്. അനില്‍ പനച്ചൂരാന്‍ എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തിത്വമാണ്. നല്ല സൗഹൃദവും ഞങ്ങള്‍ക്കിടയിലുണ്ട്. സുതാര്യമായൊരു പാട്ടെഴുത്താണ് അദ്ദേഹത്തിന്. പിന്നെ ബോധി സൈലന്റ് സ്‌കേപ്പിന്് കൃത്യമായൊരു രാഷ്ട്രീയമൊന്നുമില്ല. പക്ഷേ നിശബ്ദതയില്‍ പോലും സംഗീതമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കണമെന്നും നമ്മളെ ചിന്തിപ്പിക്കുന്ന സംഗീതത്തിന് നല്ലൊരിടമൊരുക്കണമെന്നുമേ ബോധി ലക്ഷ്യമിടുന്നുള്ളൂ. അതുപോലെ തീര്‍ത്തും എന്റര്‍ടെയ്ൻമെന്റ് ആയ സംഗീതവും താല്‍പര്യമുണ്ട് ’- ബിജിബാല്‍ പറഞ്ഞു. 

Your Rating: