Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016ലെ മലയാളം പ്രണയ ഗാനങ്ങൾ

malayalam-movie-songs-2016

വാക്കുകൾക്ക് അതീതമാണ് പ്രണയഭാവങ്ങൾ. കാലം പിന്നിടുമ്പോൾ പുതിയ ഭാവങ്ങളിലൂടെ പുതിയ തലങ്ങളിലൂടെ അത് മനസിൻ ആഴങ്ങളിലൂടെ കടന്നുപോകുന്നു. പ്രണയം, എന്നെന്നും ചലച്ചിത്രങ്ങളിലെ പ്രിയപ്പെട്ട ആശയവുമാണ്. പോയവർഷവുമെത്തി അങ്ങനെ കുറേ പാട്ടുകൾ. പെയ്തൊഴിഞ്ഞ മഴയുടെ തീർത്ത ചന്തമാണ് അതിനെന്നും  വെയിലിൻ നിറം പോലെ തിളങ്ങുന്നതാണു പ്രണയം ഒപ്പമുള്ള നാളുകളെന്നും, പുഴയാഴങ്ങളിലേക്കു മാഞ്ഞുപോയൊരു കളിവഞ്ചിയെ കാണുന്ന പോലൊരു തീരാനോവാണ് വിരഹം എന്നു പാടിയ കുറേ പാട്ടുകൾ. ഇന്നലെകളിലേയും ഇന്നിന്റെയും പ്രണയത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ഭാവാർദ്രമായ യാത്ര നടത്തി ആ പാട്ടുകളും അതിനൊപ്പമുണ്ടായിരുന്ന ദൃശ്യങ്ങളും...ആ പാട്ടുകളിലേക്കൊന്നു പോയിവരാം...

പൂക്കൾ പനിനീർ പൂക്കൾ

കൈപിടിച്ച് അവർ ഒരുമിച്ച് നടന്നു നീങ്ങിയ വഴിയിൽ അന്നൊരു നാൾ മഴപെയ്തു. ഇളം വേനലിനിടയിലൂടെ പതിയെ വന്ന ചെറുമഴയിലൂടെ അവർ പിന്നെയും ദൂരങ്ങൾ താണ്ടി. ആ കാഴ്ചയുടെ അത്രയും ഭംഗിയുണ്ടായിരുന്നു ഈ പാട്ടിനും.പനിനീർ പൂവിന്റെ ചേല് എന്നു തന്നെ പറയണം. 

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലേതാണീ പാട്ട്. 2016ന്റെ ആരംഭത്തിൽ കേട്ട ഒരു പ്രണയഗാനം എന്നതിനപ്പുറം ജെറി അമൽദേവ് എന്ന പ്രതിഭാധനന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഈ പാട്ട്. പഴമയിലേക്കു കൈപിച്ച സംഗീതം. പാട്ടുപ്പെട്ടിയിൽ ചേർത്തുവച്ചിട്ടുള്ള പഴയ ഗാനങ്ങളുടെ അതേ ഈണം. യേശുദാസിന്റെയും വാണി ജയറാമിന്റെയും കൂടി സ്വരം ചേർന്നപ്പോൾ നൊസ്റ്റാൾജിയയ്ക്കൊപ്പമായി പ്രേക്ഷകരും. രാജാമണി ആയിരുന്നു ഈ പാട്ടിന് മ്യൂസിക് കണ്ടക്ട് ചെയ്തത് എന്നൊരു പ്രത്യേകതയുമുണ്ട്. സന്തോഷ് വർമയാണ് വരികൾ കുറിച്ചത്. ജെറി അമൽദേവിന്റെ തീർത്തും ലളിതമായ ഈണത്തിന് സന്തോഷ് നൽകിയത് പനിനീർ പൂവിന്റെ അത്രയും നൈർമല്യമായ ഈണവും. പുറത്തുവരും മുൻപേ സിനിമ പാട്ടിലൂടെ പ്രേക്ഷകനൊപ്പം കൂടുന്ന കാഴ്ചയ്ക്ക് പോയവർഷം തുടക്കമിട്ടത് ഈ പാട്ടാണ്. 

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്

ഇനിയൊരാൾ ജീവിതത്തിലേക്കിങ്ങനെ കടന്നുവരേണ്ടതില്ലെന്ന് ചിന്തിച്ചിരുന്ന നാളുകളിൽ പോലും ചിലരുടെ ജീവിതത്തിലേക്ക് അറിയാതെ പറയാതെ ചിലർ കടന്നുവരും. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നായകന്റെ ജീവിതത്തിലും അങ്ങനെയായിരുന്നു. മൗനം ഒരു വയലിൻ നാദത്തിനു വഴിമാറുന്നതു പോലെയായിരുന്നു അയാളുടെ ജീവിതത്തിലേക്ക് അനുരാഗത്തിന്റെ മായാമന്ത്രമായി അവൾ വന്നത്....

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത് എന്ന പാട്ട് ഒറ്റയ്ക്കാകുന്ന വേളകളിൽ ആരുമൊന്നു മൂളിപ്പോകുന്ന പാട്ടാണ്. വിജയ് യേശുദാസും നായികയായ അപർണ ബാലമുരളിയും ചേര്‍ന്നാണീ പാട്ടു പാടിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലാണ് ഈണമിട്ടത്. വേറിട്ടൊരു ഈണമാണീ പാട്ടിന്. രാവിൽ നിലാവൊരുക്കുന്ന നിഴലിന്റെ ഭാവഭേദങ്ങൾ പോലെയായിരുന്നു ഈണം. പടവുകളിലൂടെ തുള്ളിയും ഇടയ്ക്കൊന്നിഴഞ്ഞും പിന്നെയൊരു വേള വെറുതെ നിന്നും എങ്ങോട്ടെന്നില്ലാതെ ഒഴുകി പോകുന്ന മഴത്തുള്ളിയ‌െ പോലുള്ള ഈണം. ഗായകർ ഇരുവരും സ്വരത്തിലും ആ ഭേദങ്ങൾ കൊണ്ടു വന്നപ്പോൾ ബിജിബാലിൽ നിന്നും മലയാളിക്കു കിട്ടിയ മറ്റൊരു നല്ല ഗാനമായി അതുമാറി.

തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലീ...

പ്രണയത്തെ കുറിച്ചെഴുതുമ്പോൾ എല്ലായ്പ്പോഴും കവികൾക്കുള്ളിലേക്കെത്തുന്നത് നിലാവും പുതുമഴയും മഞ്ഞും ഒക്കെ തന്നെയാണ്. ആ രീതിയൊരിക്കലും പ്രേക്ഷകന് ആവർത്തന വിരസത എന്ന അരോചകത പകരാൻ പോകുന്നില്ലെന്നു പറഞ്ഞ പാട്ടാണിത്. പുലർക്കാറ്റിന്റെ പാച്ചിൽ പോലെ താളാത്മകമായ വയലിൻ വായനയിലൂടെയാണ് ഷാൻ റഹ്മാൻ  ബി.െക ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നത്. 

രാമഴ പെയ്ത‌ു കുതിർന്ന ഡയറിത്താളിലൂടെ അവൾക്ക് കത്തെഴുതിയ ആരും കാണാതെ അവൾ തന്നെ ചാമ്പക്ക തിന്ന മൺപാതയിൽ സൈക്കിളിൽ അവളെ കാത്തു നിന്ന പഴയ കാല പ്രണയം പുനരവതരിപ്പിച്ച ദൃശ്യങ്ങളായിരുന്നു പാട്ടിനൊപ്പമുണ്ടായിരുന്നത്. ആദ്യ കേൾവിയിലും, കാഴ്ചയിലും തന്നെ പ്രേക്ഷകനെ ഇന്നലെകളിലേക്കു തിരികെ വിട്ടു പാട്ട്. പാട്ടിലെ നായകനും നായികയും, വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും തന്നെയാണീ പാട്ടു പാടിയത് എന്ന പ്രത്യേകതയുമുണ്ട്. ഷാൻ റഹ്മാൻ ഈണമിട്ട മനോഹരമായ മെലഡിയാണീ പാട്ട് എന്നതിൽ തർക്കമില്ല. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലേതാണീ പാട്ട്.

അരികിൽ പതിയെ...

ഇടനെഞ്ചിലൊരു വല്ലാത്ത സുഖമായാണ് അവളുടെ ഓരോ നോട്ടവും വർത്തമാനവും കരുതലും അനുഭവപ്പെടുക. ഒരുനാൾ എന്തെന്നറിയാതെ അവൾ കടന്നുപോകുമ്പോൾ നെഞ്ചുപറിച്ചെടുക്കുന്ന നോവായി അതുമാറുന്നതും അതുകൊണ്ടാണ്. ആ പ്രണയ സുഖത്തെ കുറിച്ചാണ് ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലെ പാട്ട്. നേര്‍ത്ത സ്വരങ്ങളിലൂടെ പ്രേക്ഷകരിലേക്കത് എത്തിയപ്പോൾ പ്രണയാർദ്ര നിലാവായി മനസിൽ പെയ്തിറങ്ങാൻ പിന്നെ വൈകിയില്ല. നജീം അർഷദും സംഗീതാ ശ്രീകാന്തും ചേർന്നു പാടിയ പാട്ടിനെ ഇത്രയധികം മനോഹരമാക്കിയത് ആലാപന ശൈലിയാണ്.

കരിമഷി പടർന്ന കണ്ണുകൾ കൊണ്ടുള്ള അവളുടെ നോട്ടം പോലെ ആഴമുള്ള ഓർക്കസ്ട്ര മറ്റൊരു ഘടകവും. ഉച്ചത്തിൽ പാടുന്ന സംഗീതോപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ വന്നു പോകുമ്പോൾ കേൾവിക്കാരനിൽ പ്രണയത്തിന്റെ വസന്തം തന്നെയാണുണ്ടായത്. പുതിയ കാലത്തെ സംഗീത ചിന്തകളിലൂടെ കാൽപനികമായ പ്രണയ ചിന്തയെ ആവിഷ്കരിച്ച ഗാനം സിനിമയേക്കാള്‍ പ്രിയപ്പെട്ടതായി മാറി എന്നു പറഞ്ഞാലും തെറ്റില്ല. 

ലൈലാകമേ...

പ്രകൃതിയിലൂടെ നോക്കാതെ പ്രണയത്തെ കുറിച്ചുള്ള രചനകൾക്ക് ജീവനുണ്ടാകില്ലേ? അങ്ങനെ തോന്നുന്നു ഈ പാട്ടിനെ കുറിച്ചെഴുതുമ്പോൾ. അതിന്റെ രാത്രി ഭംഗിയേയും വസന്തം പോലുള്ള അതിന്റെ വശ്യതയേയുമാണ് എസ്രയിലെ പ്രണയഗീതം പാടിയത്. ലൈലാകമേ,,,എന്നെഴുതിയത് സംവിധായകൻ പറഞ്ഞ വൈവിധ്യം കൊണ്ടുവരാനായിരുന്നു.

ബി.കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് പകർന്ന സംഗീതത്തിന് പാശ്ചാത്യ ഭാവമായിരുന്നു. ഈ വിഭിന്നതയാണ് പാട്ടിനെ ആദ്യ കേൾവിയിൽ തന്നെ പ്രിയപ്പെട്ടതാക്കിയത്. പ്രണയത്തിന്റെ ചരണമായ സ്വരമാണ് ഹരിചരണിന്. ആ സ്വരകണത്തിന്റെ മനോഹാരിത മലയാളി പോയവർഷം അറിഞ്ഞത് ഈ പാട്ടിലൂടെയാണ്. ഹരിചരൺ മലയാളിത്തിനു പാടിത്തന്ന മറ്റൊരു നല്ല ഗാനം....

ചില്ലുറാന്തൽ വിളക്കേ...

ചില്ലുറാന്തൽ വിളക്കിന്റെ ചേലുള്ള മുഖമുള്ള പെണ്ണ്...പെട്ടെന്ന് ദേഷ്യം വരുന്ന അവനിലേക്കൊരു മഞ്ഞായി അലിഞ്ഞു ചേർന്നവൾ. അവൾ‌ക്കൊപ്പമുള്ള പിണക്കങ്ങളെ ഇണക്കങ്ങളെ അവളിൽ നിന്നറിഞ്ഞ കരുതലിനെ അനുഭവിച്ച സ്നേഹത്തെയാണ് ഈ പാട്ടിന്റെ വരികളിൽ ബി.െക ഹരിനാരായണൻ എഴുതിയിട്ടത്.

കോളജ് കാലത്തെ പ്രണയത്തിന്റെ കുസൃതി പോലെ കൗതുകമുള്ള പാട്ടെഴുത്ത്. ഗോപീ സുന്ദർ അതിനു നൽകിയ സംഗീതത്തിന് മാഞ്ഞു പോകുന്ന സന്ധ്യയോടു ചേർന്നു തെളിഞ്ഞു നിൽക്കുന്നൊരു റാന്തൽ വിളക്കിന്റെ നിഴൽ‌ ചന്തമുണ്ട്. അതിനെ ദൂരെ നിന്നു കാണുന്ന കാഴ്ചയുടെ ഭംഗിയുമുണ്ടായിരുന്നു ആ പാട്ടിനൊപ്പമുള്ള ദൃശ്യങ്ങൾക്കും. വിഭിന്നതയുടെ സ്വരഭംഗികൊണ്ട് കാതുകളുടെ ശ്രദ്ധ നേടുന്ന ഈ മെലഡി പോയവർഷത്തെ മികച്ച ഗോപീ സുന്ദർ പാട്ടുകളിലൊന്നു കൂടിയാണ്. മുത്തുമണികൾ പോലുള്ള വരികളുടെയും ഈണത്തിന്റെയും സ്വരമാകാൻ ജോബ് കുര്യനെ തിരഞ്ഞെടുത്തതാണ് ഈ പാട്ടിനെ ഇത്രയേറെ മനോരഹമാക്കിയ മറ്റൊരു കാര്യം.

നീലക്കണ്ണുള്ള മാനേ...

കാലം പ്രണയ ചിന്തകൾക്കെത്ര നവീനത്വം നൽകിയാലും അതിനെന്നും മണ്ണിൻ മണമാണ്. ഈ പാട്ട് നമുക്ക് പ്രിയപ്പെട്ടതായതിന്റെ കാര്യവും അതുതന്നെയാണ്. നീലക്കണ്ണുള്ള മാൻ പേട പോലൊരു പെണ്ണാണ് അവൾ അവന്. എന്നായാലും നീ എനിക്ക് സ്വന്തമായി എനിക്കൊപ്പം കഴിയേണ്ടവൾ തന്നെയാണെന്ന് അവൻ അവളോടു പറയുകയാണീ പാട്ടിൽ.

വാഴത്തോപ്പുകളിലും വയലേലകളിലും ആൽമരച്ചോട്ടിലുമൊക്കെയിരുന്ന് പ്രണയ സ്വപ്നം കണ്ടിട്ടുള്ള പഴയ തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ടതാകും ഈ ഗാനം. വിജയ് യേശുദാസ് ആണു പാട്ടു പാടിയത്. വരികൾ വയലാർ ശരത് ചന്ദ്ര വർമയുടേതും. ഈണം ഷാൻ റഹ്‍മാന്റേതും. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‍ലോ എന്ന ചിത്രത്തിലേതാണീ പാട്ടുകൾ.

ചെറുപ്പത്തിൽ നമ്മൾ രണ്ടും...

കുഞ്ഞിക്കാലിൽ പാദസരമിട്ട് അവൾ ഓടി നടക്കാൻ പഠിച്ച കാലം തൊട്ടേ കണ്ടുതുടങ്ങിയതാണ് അവളെ. മണ്ണും പൂക്കളും കൊണ്ട് സദ്യയുണ്ടാക്കി കളിച്ച കാലം തൊട്ടേ...ഓലക്കീറു കൊണ്ട് പമ്പരമുണ്ടാക്കി പറത്തി നടന്ന കാലം തൊട്ടേ ഒപ്പമുണ്ട് അവളും...അന്നെപ്പോഴോ എങ്ങനേയോ മനസിൽ കയറിക്കൂടിയതാണ് ഇവൾ എന്റേതാണെന്ന ചിന്ത. അങ്ങനെയുള്ള അയാൾ വർഷങ്ങൾ കഴിഞ്ഞ് മനസിലെ പ്രണയ ചിന്തയെ അവൾക്കു മുന്നിലിരുന്നു പാടുമ്പോൾ എന്താണു പറയുക. അതാണീ പാട്ടിലുള്ളത്. 

ചെറുപ്പത്തിൽ നമ്മൾ‌ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ ....എന്നു തുടങ്ങുന്ന പാട്ടിലുള്ളത് യാഥാർഥ്യം തുളുമ്പുന്ന കാൽപനികതയാണ്. ഭാവസുന്ദരമായി വിജയ് യേശുദാസും മധുശ്രീയും അതു പാടുക കൂടി ചെയ്തപ്പോൾ ആദ്യ കേൾവിയിൽ തന്നെ ഇഷ്ടപ്പെട്ടു. റഫീഖ് യൂസഫിന്റേതാണ് ഈണം. മേപ്പള്ളി ബാലന്റേതാണു വരികൾ. ഗ്രാമാന്തരീക്ഷത്തിൽ‌ വളർന്ന ഏതൊരാളിന്റെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കുട്ടിത്തരങ്ങൾക്കൊരു കാവ്യ ഭാഷയാണീ എഴുത്ത്. 

നടവാതിൽ തുറന്നീല...

പരസ്പരം കാത്തിരുന്നു നോവറിഞ്ഞു നേടുന്നതു തന്നെയാണ് പ്രണയം. ആ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖമുണ്ട്. അനുഭവിച്ചവർക്കേ അത് അറിയുകയുള്ളൂ. പടിവാതിൽ തുറന്നിട്ടും...തീവണ്ടിയുെട ചൂളം വിളിക്ക് കാതോർത്തും ചുമരിലെ നാഴികമണി ശബ്ദത്തിനു കാതോർത്തും എത്രയോ വട്ടം നമ്മൾ കാത്തിരുന്നിട്ടുണ്ട്. ആ കാത്തിരിപ്പിന്റെ പകരം വയ്ക്കാനാകാത്ത കൗതുകത്തെ കുറിച്ചാണീ പാട്ട്. പോയ വർഷം കെ.എസ് ചിത്ര എന്ന വാനമ്പാടിയുടെ സ്വരഭംഗി മലയാളി അറിഞ്ഞത് ഈ ഗാനത്തിലൂടെയാണ്. കാംബോജി എന്ന ചിത്രത്തിലേതാണീ പാട്ട്. 

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ...എന്നെഴുതി കാത്തിരിപ്പിന്റെ ആഴത്തെ ഏറ്റവും മനോഹരമായി പറഞ്ഞു തന്ന കവി, ഒഎൻവി കുറിപ്പ് അവസാനം കുറിച്ച ഗാനങ്ങളിലൊന്നാണിതും. അതിനു എം ജയചന്ദ്രൻ നൽകിയ സംഗീതം പുഴയുടെയും നിലാവിന്റെയും പ്രണയം പോലെ വശ്യമായതും. എങ്കിലും കെ.എസ് ചിത്രയുടെ ആലാപനം തന്നെയാണ് അതിനു ഭംഗിയേകുന്നതെന്ന് തോന്നുന്നു...

നീർമിഴിയിലുണ്ട് പ്രണയം...

എന്തിനെന്നറിയാതെ, പറയാതെയാണ് ചില പ്രണയങ്ങൾ അകന്നുപോകുക. മനസ് വിങ്ങി നിന്നിട്ടും ഒന്നും പറയാതെ പരസ്പരം കണ്ടില്ലെന്നു നടിച്ചു നടന്നു പിന്നെയും കുറേ നാൾ...ആ വേളയ്ക്ക് അന്ത്യമായത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോഴായിരുന്നു. ആ കണ്ണുനീരിലൂടെയാണ് പ്രണയം അവർക്കെന്തായിരുന്നുവെന്ന് കൈചേർത്തിരുന്ന് ഓർത്ത് പിൻനടന്നത്. ആ അനുഭൂതിയാണ് ഈ പാട്ട് പങ്കുവയ്ക്കുന്നത്. വിജയ് യേശുദാസിന്റെ ആലാപന ശൈലി പാട്ടിനെ നെഞ്ചിനുള്ളിലേക്കു ചേർത്തുവച്ചു.

മാൽഗുഡി ഡെയ്സ് എന്ന ചിത്രം സഹോദരൻമാരായ വിനോദും വിവേകും വിശാഖും ചേർന്നു തീർത്തതായിരുന്നു. ഇവരുടെ പിതാവായ ശ്രീകുമാറിന്റേതായിരുന്നു വരികൾ. ഡോ.പ്രവീണിന്റേതായിരുന്നു സംഗീതം...

ചിങ്ങമാസത്തിലെ

ഓണത്തിനെത്തുന്ന നിലാവു പോലെയാണ് ചില പ്രണയങ്ങൾ. ഓർമ വച്ച നാൾ മുതൽ അവൾ ഒപ്പമുണ്ട്. പറയാതെ പറഞ്ഞ പ്രണയമായി അവൾ. ബാല്യവും കൗമാരവുമെല്ലാം ഒന്നിച്ചാഘോഷിച്ചവർ. അവരുടെ പ്രണയത്തിന് ഓണനിലാവിന്റെ നൈർമല്യതയുമായിരുന്നു.   അതിനോടു ചേർ‌ത്തു നിർത്തിയല്ലാതെ ആ പ്രണയത്തെ കുറിച്ച് എഴുതാനുമാകില്ല. കമ്മട്ടിപ്പാടത്തിലെ ചിങ്ങമാസത്തിലെ.. എന്ന പാട്ടിന് ആ പ്രണയത്തിന്റെ ഛായയാണ്.

അരയന്നം പോലെ നടന്ന് ചെഞ്ചുണ്ട് നെഞ്ചിലേക്കു ചേർത്തു വച്ചവളോടൊപ്പം കാട്ടിക്കൂട്ടിയ കുസൃതികളിലൂടെയുള്ളൊരു ഓർമപ്പാട്ട് കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്. പേരറിയാ പക്ഷി പറമ്പിലെവിടെയോ വന്നിരുന്നു ചിലയ്ക്കാൻ നേരം കേൾക്കുന്നൊരു സ്വരം പോലുള്ള ഓർക്കസ്ട്രയും അനൂപ് മോഹൻദാസിന്റെ ആലാപന ശൈലിയുമാണ് പാട്ടിനെ വേറിട്ടതാക്കിയത്. പ്രിയപ്പെട്ടതാക്കിയത്. ദിലീപ് കെ.ജിയുടെ വരികൾക്ക് ജോൺ പി വർക്കിയാണ് സംഗീതം. പാട്ടിനെ കാതോരത്ത് പിന്നെയും നിർത്തിയ ആ ഗിത്താർ വായനയും സംഗീത സംവിധായകന്റേതാണ്.

വേനൽ‌മഴ പോലെ...

അപ്രതീക്ഷിതമായാണ് ചിലരുടെ ജീവിതത്തിലേക്കു പ്രണയമെത്തുക. അന്നോളം അതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. പക്ഷേ അത് അറിഞ്ഞപ്പോൾ അന്നോളം അനുഭവിച്ചിട്ടില്ലാത്ത കൗതുകങ്ങളായിരുന്നു, സ്നേഹവും നന്മയും കരുതലുമായിരുന്നു. ആ അനുഭവം ഏതൊരാളിന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും. തിളക്കമാർന്ന വെയിൽ പോലെ ആർദ്രമായ മഴപോലെ കരുതലുള്ള മഞ്ഞുപോലെ ആ പ്രണയം അവരെ ചേർത്തു നിർത്തി. ആ പ്രണയത്തെ കുറിച്ചാണീ പാട്ട്.

മറുപടി എന്ന ചിത്രത്തിലെ വേനൽ മെല്ലെ വന്നുപോയി എന്ന പാട്ട്. റഫീഖ് അഹമ്മദിന്റെ വരികൾ പാടിയതാകട്ടെ സംവിധായകനായ വിനുവിന്റെ മകൾ വർഷവും. പുതിയ സ്വരം തീർത്ത കൗതുകവും വരികളുടെ ഭംഗിയും ആശയത്തിലെ യാഥാർഥ്യത്വവും ഒരു ചെറുമഴ പോലെ പാട്ടിനെ പ്രിയപ്പെട്ടതാക്കി. 

ഇടനെഞ്ചിലെ ബാന്റടി മേളമാണീ പ്രണയം...

പൊടിമീശ മുളച്ചു തുടങ്ങിയ കാലത്തു തുടങ്ങിയൊരു പ്രണയം. മൊബൈൽ ഫോണോ കംപ്യൂട്ടറോ ഒന്നുമില്ലാതിരുന്ന കാലമാണ്. സൈക്കിളില്‍ ലോകം മുഴുവൻ ചുറ്റി നടന്ന കാലം. എന്തിനും കൂട്ടായി ഉറ്റ ചങ്ങാതിയും ഒപ്പമുണ്ട്. ആ പ്രണയം ജീവിതത്തിൽ കൂട്ടായി എത്തുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ അവളെ ഒന്നു കാണാൻ എന്തൊക്കെ സാഹസങ്ങളാണ് അന്ന് ചെയ്തിരുന്നത്. പിന്നീട് ജീവിതത്തിലൊരിക്കലും ഒരു കാര്യം ചെയ്യാനും ഇത്രയേറെ സാഹസം കാണിച്ചിട്ടുണ്ടാകില്ല. പള്ളീലെ പെരുന്നാളിന് മെഴുതിരി വെട്ടത്തിലൂടെ അവളെ നോക്കിക്കണ്ടത്...ചില കാര്യങ്ങളൊക്കെ ചെയ്ത് ഷൈൻ ചെയ്യാൻ നോക്കിയത്...കാലം ഏറെ കഴിയുമ്പോൾ ഓർത്തു ചിരിയ്ക്കാൻ ഇവയൊക്കെ ധാരാളം.ആ കാലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി പാ.വ എന്ന ചിത്രത്തിലെ പൊടിമീശമുളയ്ക്കണ കാലം എന്ന പാട്ട്...

ഭാവഗായകന്റെ സ്വരത്തിൽ കൂടി ആ പാട്ട് കേട്ടപ്പോൾ ഓർമകളിങ്ങനെ മുന്നിൽ വന്നു നിന്ന് ചിരിപ്പിച്ചു. സന്തോഷ് വർമയാണ് ഒരു കാലഘട്ടത്തിന്റെ പ്രണയാർദ്രമായ ഓർമകളെ കാവ്യാത്മകമായി കുറിച്ചത്. ആനന്ദ് മധുസൂദനൻ എന്ന സംഗീത സംവിധായകൻ ആദ്യ പാട്ടിലൂടെ തന്നെ മലയാളിയുടെ ശ്രദ്ധ നേടുകയും ചെയ്തു.

നിളമണൽ തരികളിൽ...

നിള...പ്രണയത്തെ മലയാളി പുഴയോടു സങ്കൽപിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ഈ പേരാണ്...നിള...ഈ പുഴയുടെ ഓളങ്ങളോളം ഭംഗി പ്രണയത്തിനില്ലെങ്കിലും...അതുകൊണ്ടു തന്നെ നിളയെ കുറിച്ചു പാടി തുടങ്ങുന്നതെന്തും നമ്മുടെ ശ്രദ്ധ നേടും. ഗിത്താർ തന്ത്രികളിലൂടെ പൊഴിഞ്ഞു വീണ സ്വരകണത്തിനൊപ്പം പാടിയ ഈ പാട്ട് നിളയിലെ മണൽത്തരികളിലെഴുതിയൊരു പ്രണയകാവ്യം പോലെ സുന്ദരമായിരുന്നു. സുമേഷ് പരമേശ്വറിന്റെ ഈണത്തിൽ ഹരിശങ്കറും ശ്രേയാ രാഘവും ചേർന്നായിരുന്നു പാട്ടു പാടിയത്. ഇരുവരുടെയും സ്വരത്തിലുള്ള വിഭിന്നത പാട്ടിനെ കേൾവി സുന്ദരമാക്കി. സുമേഷ് പരമേശ്വറിന്റെ ആദ്യ ഗാനം കൂടിയാണിത്. കിസ്മത് എന്ന ചിത്രത്തിലെ പാട്ടാണിത്.  

പൂമരം പോലെയാണു പ്രണയം...

പോയ വർഷത്തെ വൈറൽ ഹിറ്റ് ആണീ ഗാനം.  ക്യംപസിന്റെ പ്രണയ കാഴ്ചകളെ കുറിച്ചു പാടാതെ ഒരു പാട്ടു വർഷം പോലും കടന്നുപോകുന്നില്ല. പൂമരം, ആ സുഖമുള്ള പാട്ടുകളിലൊന്നാണ്. എത്ര കേട്ടാലും മതിവരാത്ത സ്വപ്നം കണ്ടു തീരാത്ത പാട്ടുകളിലൊരെണ്ണം. പൂമ്പാറ്റയെ പോലെ പാറിനടന്ന കാലത്തിലേക്ക് ആരെയും തിരികെ കൈപിടിക്കുന്നൊരു ഗാനം. 

മനസിൽ സൂക്ഷിച്ച പ്രണയത്തെ കുറിച്ച് മരങ്ങളോടു പങ്കിട്ട പ്രണയത്തെ കുറിച്ച് തണലിടങ്ങളിൽ കൈചേർത്തു പിടിച്ച് വായിക്കേണ്ട പുസ്തകങ്ങളെ കുറിച്ച് കാണേണ്ട സിനിമകളെ കുറിച്ച് വാതോരാതെ സംസാരിച്ചു കൂട്ടു വന്ന് പിന്നെ ജീവിതത്തിലും ഒപ്പം നടക്കാമെന്നു ചിന്തിച്ചവർക്കുള്ള പാട്ട്. 

പൂമരം എന്ന ചിത്രത്തിലെ ഈ ഗാനം പുറത്തു വന്നപ്പോഴേ അതൊരു പൂക്കാലത്തിന്റെ ഗന്ധം പോലെ പ്രിയപ്പെട്ടതായി. കാരണം അതിന്റെ വരികളും ഈണങ്ങളും അത്രയേറെ ലളിതവും കാൽപനികവും കൗതുകം നിറഞ്ഞതുമായിരുന്നു. ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന പാട്ടെഴുത്താണ് അതിനു കാരണം. ആശാൻ ബാബു, ദയാൽ സിങ് എന്നീ രണ്ടു സാധാരണക്കാരായിരുന്നു ഈ പാട്ടെഴുതിയത്. ഇവരുടെ ഗാനം എങ്ങനെയോ മഹാരാജാസ് കോളജിലെത്തി. പിന്നെ അവിടത്തെ തലമുറകൾ ഈ ഗാനം ഏറ്റെടുത്ത് ഈണം നൽകി. ആ പാട്ടാണ് എബ്രിഡ് ഷൈൻ അവിടത്തെ തന്നെ വിദ്യാർഥികളിലൊരാളായ ഫൈസൽ റാസിയെ കൊണ്ട് ഈണമിട്ട് പാടിപ്പിച്ചു. പാട്ടു വന്ന വഴി പോലെ രസകരമായി പ്രേക്ഷകനൊപ്പം കൂടി പാട്ട്..

പ്രണയത്തിന്റെ താളുകൾ നാളെയും എഴുതപ്പെടുമ്പോൾ പിന്നണിയിൽ മുഴങ്ങുക ഈ പാട്ടുകളൊക്കെ തന്നെയാകും. കാലാതീതമായ പ്രണയ ഭാവങ്ങളോടെ പിന്നെയും പാട്ടുകൾ വരും വർഷവും കാതോരമെത്തുക തന്നെ ചെയ്യും. കാത്തിരിക്കാം..അവയെ...

Your Rating: