Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത സംവിധായകൻ എ.ജെ. ജോസഫ് അന്തരിച്ചു

A J Joseph

സംഗീത സംവിധായകൻ എ.ജെ. ജോസഫ് (ഗിറ്റാർ ജോസഫ്) അന്തരിച്ചു. കോട്ടയത്തായിരുന്നു അന്ത്യം. കുഞ്ഞാറ്റക്കിളി, കാണാക്കുയിൽ, ഇൗ കൈകളിൽ, നാട്ടുവിശേഷം, കടൽക്കാക്ക തുടങ്ങിയ അഞ്ചു ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഒരേ സ്വരം ഒരേ നിറം..., ഒരു ശൂന്യസന്ധ്യാംബരം..., ആകാശഗംഗാതീരത്തിനപ്പുറം..., യഹൂദിയായിലെ ഒരു ഗ്രാമത്തിൽ..., കാവൽ മാലാഖമാരെ... എന്നിങ്ങനെ ശ്രദ്ധേയ ഗാനങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്.

എൻ.എൻ. പിള്ളയുടെ നാടകട്രൂപ്പിൽ ഗിറ്റാറിസ്റ്റായി തുടങ്ങിയതാണ് ജോസഫിന്റെ സംഗീതജീവിതം. അങ്ങനെയാണു ഗിറ്റാർ ജോസഫ് എന്ന വിളിപ്പേരുണ്ടായതും. പേരിൽ ഗിറ്റാർ ഉണ്ടെങ്കിലും ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഇദ്ദേഹത്തിനു വഴങ്ങും. വർഷങ്ങളോളം സംഗീത സ്കൂൾ നടത്തി. കോട്ടയം ലൂർദ് പള്ളിയിലെ ക്വയർ മാസ്റ്ററായിരുന്നു. കസെറ്റുകളുടെയും സിനിമകളുടെയും കാലം കഴിഞ്ഞ് വർഷങ്ങളായി സംഗീതസ്കൂൾ നടത്തുകയായിരുന്നു ജോസഫ്. ചെന്നൈയിൽ ‘കടൽകാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നു നാട്ടിലേക്കു മടങ്ങി. അതു സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു.

‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു ഡിവോഷനൽ സോങ്സ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എ.ജെ. ജോസഫ് കമ്പോസ് ചെയ്ത കൂടുതല്‍ ഗാനങ്ങളും ആലപിച്ചിട്ടുള്ളത് ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസാണ്‌. കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍, എസ് ജാനകി എന്നിങ്ങനെ നിരവധി പ്രമുഖരും അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കെ എസ് ചിത്രയ്ക്ക് ആദ്യസംസ്ഥാന അവാർഡ് ലഭിച്ച ‘ഒരേ സ്വരം ഒരേ നിറം, ഒരു ശൂന്യ സന്ധ്യാംബരം....(എന്റെ കാണാക്കുയിൽ) എന്ന അനശ്വര സംഗീതം ജോസഫിന്റേതായിരുന്നു.