Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്ക് സംഗീത സാന്ദ്രമായൊരു യാത്രാമൊഴി

emilda എസ്ആർഎം റോഡിൽ പരേതനായ ജോ ഐസക്സിെന്റ ഭാര്യ എമിൽ‌ഡയുടെ സംസ്കാരച്ചടങ്ങിനു പച്ചാളം ചാത്യാത്ത് കർമല മാതാ പള്ളിയിൽ മക്കളും അവരുടെ ശിഷ്യരും ചേർന്നൊരുക്കിയ ഓർക്കസ്ട്ര. നയിക്കുന്നതു മകൻ റെക്സ്.

കേരളം കണ്ട ഏറ്റവും വലിയ സംഗീത കുടുംബത്തിലെ അമ്മയ്ക്കു മക്കളുടെയും അവരുടെ ശിഷ്യരുടെയും സംഗീതാർച്ചനയോടെ യാത്രാമൊഴി. പച്ചാളം എസ്ആർഎം റോഡിൽ പരേതനായ ജോ ഐസക്സിന്റെ ഭാര്യ എമിൽഡ (89) യുടെ സംസ്കാരച്ചടങ്ങിനാണ് മക്കളും ശിഷ്യരും ചേർന്ന അൻപതോളം വരുന്ന ഓർക്കസ്ട്രാ സംഘത്തിന്റെ സംഗീതം അകമ്പടിയായത്. 33 വയലിനുകളിൽ നിന്നൊഴുകിയ സംഗീതം പച്ചാളം ചാത്യാത്ത് കർമലമാതാ പള്ളിയിൽ നടന്ന സംസ്കാരച്ചടങ്ങിന്റെ പ്രത്യേകതയായി.

പേരെടുത്ത സംഗീതജ്ഞനായിരുന്നു ജോ ഐസക്സ്. എമിൽ, റെക്സ്, യൂജിൻ, ആന്റണി, എഫ്രം, എൽഡ്രഡ്, ഇലോയ്, എസ്റ്റെൽ, എൽഡ്രിഡ്ജ്, ഈവ എന്നീ മക്കളെല്ലാം പിതാവിന്റെ പാത പിന്തുടർന്നു സംഗീതത്തിന്റെ വഴിയിലെത്തി ഉയരങ്ങൾ കീഴടക്കി. നേട്ടങ്ങൾക്കു പിന്നിലെല്ലാം നിശബ്ദ പ്രാർഥനയായി നിന്ന മാതാവിന് ഇതിൽ കവിഞ്ഞൊരു യാത്രയയപ്പ് നൽകാനുണ്ടായിരുന്നില്ല മക്കൾക്ക്. റെക്സ് ഐസക്സ് നയിച്ച ഓർക്കസ്ട്രാ സംഘത്തിൽ അൻപതോളം പേർ അണിനിരന്നു. എല്ലാവരുംതന്നെ ഈ കുടുംബത്തിലെ ആരുടെയെങ്കിലും ശിഷ്യർ.

ഗിറ്റാറിസ്റ്റുകളിലൊരാൾ മകൻ യൂജിനായിരുന്നു. മറ്റൊരു മകൻ എൽഡ്രിഡ്ജ് വർഷങ്ങൾക്കു മുൻപ് ഈണമിട്ട്, ആബേലച്ചൻ വരികളെഴുതിയ ചുറ്റും ഇരുളായി എന്നു തുടങ്ങുന്ന ഗാനത്തിന്റെ പുനരാവിഷ്കരണവും ചടങ്ങിൽ നടന്നു. കെസ്റ്ററും സാൻഡ്രാ കൊയ്‌ലോയുമായിരുന്നു ഗായകസംഘത്തിനു നേതൃത്വം നൽകിയത്. ലൂബൻ, പീറ്റർ, ചാൾസ് എന്നീ മുതി‍ർന്ന വയലിനിസ്റ്റുകളും ഓർക്കസ്ട്രയിൽ പങ്കാളികളായി. സംസ്കാരച്ചടങ്ങിന്റെ ഭാഗമായ കുർബാന നടന്ന സമയം മുഴുവൻ ഈ ഓർക്കസ്ട്ര എമിൽഡയ്ക്കായി സംഗീതമൊഴുക്കി. സംസ്കാര ചടങ്ങിനു കൊച്ചിയിലെ പ്രമുഖ സംഗീതജ്ഞർ സാക്ഷികളായി.

Your Rating: