Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർജയെത്തി കണ്ണുനീരിന്റെ നനവുളള സംഗീതവുമായി

Neerja Bhanot

കാണാൻ കാത്തിരുന്ന നീർജയെന്ന ചിത്രമെത്തി. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലേക്ക് ധീരമായി നടന്നുകയറിയ നീർജ ഭാനോട്ടിനെ കുറിച്ചുള്ള സിനിമ. രാം മാധവ്‌നാനി എന്ന സംവിധായകൻ നീർജയുടെ ജീവതത്തോട് നൂറു ശതമാനവും നീതിപുലർത്തിക്കൊണ്ടു തന്നെയാണ് അഭ്രപാളിയിലെത്തിച്ചതെന്നാണ് പ്രേക്ഷക പ്രതികരണം. നിരൂപകരും നല്ല വാക്കുകൾ തന്നെയാണ് ചിത്രത്തെ കുറിച്ചെഴുതിയത്.

Neerja Bhanot

ചിത്രത്തിലെ ഫ്രെയിമുകൾ, ഛായാഗ്രഹണം സംവിധാനം ചിത്രം സംയോജനം അങ്ങനെ ഓരോ ചലച്ചിത്രത്തിന്റെ മുന്നിലെയും പിന്നിലെയും ഓരോ ഫ്രെയിമുകളും നീർജയുടെ ജീവിതം പോലെ ആ മുഖം പോലെ മനോഹരം. കണ്ണുനീരിന്റെ നനവുള്ള ചിത്രത്തിന്റെ സംഗീതം വിശാൽ ഖുറാനയുടേതാണ്.

ജീത് ഹേ ചൽ

പ്രസൂൺ ജോഷിയുടെ മനോഹരമായ വരികളാണ് പാട്ടിന്റെ പ്രത്യേകത. തനിക്കുള്ളിലെ സന്തോഷം മാത്രം മറ്റുള്ളവരുമായി പങ്കുവച്ചിരുന്ന ഉള്ളുനിറയെ സ്നേഹമുണ്ടായിരുന്ന മകളെ കുറിച്ച് നീർജയുടെ അമ്മ പറഞ്ഞിട്ടുണ്ട്. അവളുടെ സ്വഭാവത്തിലെ ആ മനോഹാരിതയെ വർണിക്കുന്ന വരികളും ദൃശ്യങ്ങളും. തീവ്രവാദികൾ പിടിച്ചെടുത്ത വിമാനത്തിനുള്ളിലിരിക്കുമ്പോഴുള്ള ആ മനസിലെ വിങ്ങലും പങ്കുവയ്ക്കുന്ന പാട്ട്. കവിതാ സേത് ആണ് ഈ പാട്ടിന് ശബ്ദമായത്. നീർജയുടെ ജീവിതത്തിൽ സംഭവിച്ച പോലെ നിറങ്ങള്‍ മങ്ങിമങ്ങിയകലും പോലെ തോന്നും പാട്ടു കേൾക്കുമ്പോൾ.

ആഖേൻ മിലായേംഗേ

നീർജയുടെ കണ്ണുകളിലെ തീക്ഷ്ണമായ നോക്കം പോലെശക്തമായ വരികളും ചടുലമായ ഈണങ്ങളും. കെ മോഹനും നേഹ ഭാസിനും ചേർന്ന് പാടിയിരിക്കുന്ന പാട്ട്. പക്ഷേ ചിത്രവുമായി എത്രത്തോളം ഈ ഗീതം ചേർന്നു നിൽക്കുന്നുവെന്ന് പറയാനാകില്ല. ചിത്രത്തിലെ മറ്റു പാട്ടുകൾക്ക് കിട്ടിയ സ്വീകാര്യത ഇതിനു കിട്ടാത്തതിനു പിന്നിലും ഒരുപക്ഷേ ഇക്കാരണമാകാം.

ഗെഹ്‌രാ ഇഷ്ഖ്

പ്രണയ ഗീതത്തിന്റെ ചേലുള്ള ഈണവും വരികളും. ശേഖർ രാവ്‌ജിയാനിയുടേതാണ് സംഗീതം. പരിചിതമായ ഈണവഴികൾ. പതിഞ്ഞ സ്വരത്തിന്റെ ഭംഗിയറിയിക്കുന്ന പാട്ട്. കേട്ടുകഴിഞ്ഞാലും ഏറെ നേരം പാട്ടിന്റെ ഹമ്മിങ് മനസിൽ തങ്ങിനിൽക്കും.

എയ്സാ ക്യോൻ മാ

പാട്ടിന്റെ വഴികളിൽ ശബ്ദത്തിന്റെ സ്വരഭേദങ്ങൾക്കൊണ്ട് മാജിക് കാട്ടുന്ന സുനീതി ചൗഹാൻ ശൈലി ഒന്നുകൂടി പങ്കുവയ്ക്കുന്ന പാട്ട്. അതുമാത്രമല്ല, നീർജയും അവളുടെ അമ്മയും വാക്കുകൾക്കപ്പുറമുള്ള സ്നേഹത്തിന്റെ ചിത്രം വരച്ചിടുന്നു ഈ ഗീതം. നൂറു ചോദ്യങ്ങളുമായി അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് പുറകേ ന‌ടക്കുന്ന ഒരു മകളേയും ഈ പാട്ടിൽ നമുക്ക് കാണാം. സ്നേഹമൂറുന്ന വർത്തമാനങ്ങളുടെ ഭംഗിയെ തന്റെ ശബ്ദത്തിലൂടെ കോർത്തിണക്കാൻ സുനീതിക്ക് കഴിഞ്ഞുവെന്നതാണ് പാട്ടിന്റെ പ്രത്യേകത. ജീവസുറ്റ ചലച്ചിത്ര സന്ദർഭത്തെ പാട്ടിന്റെ വഴികളിൽ അതേപോലെ സന്നിവേശിപ്പിച്ചു. നീർജ അവളുടെ കുഞ്ഞുജീവിതത്തിനിടയിൽ അമ്മയ്ക്കു സമ്മാനിച്ച ഒരിക്കലും മറക്കാത്ത ഓർമകളെ കുറിച്ചാണ് പ്രസൂൺ ജോഷി കുറിച്ചിട്ടത്.

നാലു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഓരോ ഗീതങ്ങളും സുന്ദരം തന്നെയാണ്. ഒരു ചലച്ചിത്രമിറങ്ങും മുൻപേയെത്തുന്ന പാട്ടുകൾ എന്താണ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കേണ്ടതെന്നതിനെ കുറിച്ചുള്ളൊരു പുസ്തകം തന്നെയാണ്. ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും പ്രേക്ഷകരിൽ നിന്ന് നല്ല വാക്കുകളാണ് കിട്ടിയതും. ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രത്തിനെ കുറിച്ചും അവരിപ്പോൾ പറയുന്നത് അങ്ങനെ തന്നെ. സോനം കപൂറാണ് നീർജയായി വേഷമിട്ടത്.

Neerja Bhanot

നീർജ ഒരു ചരിത്രമാണ്. 1986 സെപ്റ്റംബർ അഞ്ചിന് 359 യാത്രക്കാരുമായി മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുയർന്ന പാൻ എഎം ഫ്ളൈറ്റിലെ ഫ്ളൈറ്റ് അസിസ്റ്റൻറായിരുന്നു നീർജ. കറാച്ചിയിൽ വച്ച് വിമാനം തീവ്രവാദികൾ റാഞ്ചി. വിമാനം റാഞ്ചിയ വിവരം വിമാനത്തിലെ സീനിയർ ഉദ്യോഗസ്ഥരെ നീർജ അറിയിച്ചതിനു പിന്നാലെ അവർ രക്ഷപെട്ടു. പിന്നീട് വിമാനത്തിന്റെ നിയന്ത്രണം നീര്‍‌ജയുടെ കൈകളിലായി. അമേരിക്കൻ യാത്രികരെ മുഴുവൻ കൊല്ലാനുള്ള തീവ്രവാദികളുടെ ശ്രമത്തെ വിദഗ്ധമായി പരാജയപ്പെടുത്തുകയും ഒടുവിൽ അവരുടെ വെടിയേറ്റ് മരിച്ചുവീഴുകയും ചെയ്ത നീർജ. ഇരുപത്തിമൂന്ന് വയസു മാത്രമായിരുന്നു അവൾക്കന്ന് പ്രായം.