Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെന്നും നെഞ്ചോട് ചേർത്ത് വയ്ക്കാൻ 5 പുതിയ പാട്ടുകൾ

col

കഴിഞ്ഞ കുറേ നാളുകളായി നമ്മളീ ഈണങ്ങളെയാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ മലയാളത്തിൽ ഒരുപിടി നല്ല ഗാനങ്ങള്‍ ഒന്നിനു പുറകേയൊന്നായി കടന്നുവരികയും ചെയ്തു. അവയിലേക്ക് ഒന്നുകൂടി കാതുചേർത്തുവയ്ക്കാം...

മലമേലെ തിരിവച്ച്...

മലകളും പുഴകളും മഞ്ഞുതൊട്ട ഇലത്തുമ്പുകളും കാടിറങ്ങി വരുന്ന പെരുമഴക്കാലവും ഇഞ്ചിയും ഏലവും മണക്കുന്ന കരിമണ്ണുമുളള്ള ഇടുക്കിയെന്ന മലനാടിനെ കുറിച്ച് റഫീഖ് അഹമ്മദ് എന്ന കവി എഴുതിയ പാട്ടാണ് നമ്മളിന്ന് ഏറെ ഇഷ്ടത്തോടെ കേൾക്കുന്നത്. മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ ഈ പാട്ട് ഒരേ സമയം കവിതയും നല്ലൊരു ചലച്ചിത്ര ഗീതവുമാണ്. ബിജിബാൽ ലളിതമായ ഈണം നല്‍കുകയും പാടുകയും ചെയ്തു. ചിത്രത്തിന്റെ പ്രമേയവും അതിനനുസരിച്ച് പാട്ടെഴുതുന്നതയാളും ആ വരികൾക്ക് ഈണമിടുന്നയാളും ഒരേ തലത്തിൽ നിൽക്കുമ്പോൾ സിനിമാ പാട്ടുകള്‍ സുന്ദരമാകും എന്നതിനുള്ള തെളിവാണ് ഈ പാട്ട്. ചിത്രത്തിലെ തെളിവെയിലഴകും എന്ന പാട്ടും ഏറെ നല്ലതാണ്.

പൂക്കൾ പനിനീർ പൂക്കൾ

പനിനീർ പൂ പോലുള്ള പാട്ടെന്നു തന്നെ ഇതിനെ വിളിക്കാം. കാരണം വരികളും ഈണവും പനിനീർ പൂ പോലെ ലാളിത്യമുള്ളതും എന്നാല്‍ അതിമനോഹരവുമാണ്. ഇതിനെല്ലാത്തിനുമുപരി ഇരുപത് വർഷത്തിനു ശേഷം ജെറി അമൽ ദേവെന്ന പ്രഗത്ഭനായ സംഗീത സംവിധായകൻ മലയാളത്തിലേക്ക് തിരികെ വന്നത് ഈ പാട്ടിലൂടെയാണ്. യേശുദാസും വാണീ ജയറാമുമാണ് പാടിയിരിക്കുന്നത്. പുതിയ കാലത്തിന് വേണ്ടത് വ്യത്യസ്തമായ സംഗീതമാണെന്നു പറയുമ്പോഴും പഴമയുടെ തെളിനിലാവു തരുന്ന ഇതുപോലുള്ള ഈണങ്ങളെ ഏറെ ചേർത്തുനിർത്തുന്നു എന്നത് ഓർക്കേണ്ടതു തന്നെ. കാലമെത്ര മാറിയാലും മനുഷ്യ മനസുകൾ കേൾക്കാനാഗ്രഹിക്കുന്നത് ആദ്യ കേഴ്‌വിയിൽ തന്നെ അവരുടെ മനസ് കീഴടക്കുന്ന പിന്നീടൊരിക്കലും തിരികെ പോകാത്ത ഏത് ദുംഖത്തിലും കൈപിടിക്കുന്ന ഹൃദ്യമായ ഈണങ്ങളെയാണെന്ന് പറഞ്ഞു തരുന്നു ഈ ഗാനം. ചിത്രത്തിലെ ടൈറ്റിൽ സോങും ചടുലവും താളാത്മകവുമാണ്. നാടൻ താളത്തിലും ഈണത്തിലും സുരേഷ് തമ്പാനൂർ പാടിയഭിനയിച്ച മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന മറ്റൊരു പാട്ടും ഏറെ ശ്രദ്ധ നേടി.

രാവു മായുമീ...

മഞ്ജു വാര്യർ ചിത്രമായ വേട്ടയിലെ ഈ ഗാനം കേട്ടുകഴിഞ്ഞതിൽ പിന്നെ നല്ലൊരു ചങ്ങാതിയായി മനസുകൾക്ക് പിന്നാലെയുണ്ട്. റിനു റസാക്കും സംഗീത സംവിധായകനായ ഷാൻ റഹ്മാനും ചേർന്നു പാടിയ ഈ പാട്ടിന് വരികളെഴുതിയത് പുതിയ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ മനു മഞ്ജിത്താണ്. നിലാവു പോലെ നനുത്ത സ്വരത്തിലാണ് റിനു ഈ പാട്ട് പാടിയത്. രാപ്പാടികൾ ഒരുപാടുള്ളൊരു രാത്രിയിൽ നീലനിലാവ് പൊഴിയുമ്പോൾ അകലെയുള്ള മലമേട്ടിലെ കോടമഞ്ഞ് പതിയെ താഴേക്കിറങ്ങി വരുമ്പോൾ അകലെ നിന്ന് ആരോ പാടുന്നൊരീണം. ഈണമിട്ടത് ഷാൻ റഹ്മാനാണ്. ചിത്രത്തിലെ കോടമഞ്ഞിൻ എന്ന പാട്ട് റോക്കും മെലഡിയും ഇഴചേര്‍ന്നു നില്‍ക്കുന്നൊരു പാട്ടാണ്.

പുതുമഴയായ്

ദൃശ്യഭാഷയുടെ ഭംഗിയിലൂടെ പ്രമേയത്തിന്റെ വേറിട്ട ചേലിനെ മലയാളി വീണ്ടും കണ്ടത് ചാർലിയെന്ന ചിത്രത്തിലൂടെയാണ്. ഇതിലെ ഓരോ ഗാനവും ഒന്നിനോടൊന്ന് സുന്ദരമായിരുന്നു. വ്യത്യസ്തമായ ഈണങ്ങളൊരുക്കി ഗോപീസുന്ദർ ഭംഗിയാക്കി ചിത്രത്തിന്റെ സംഗീതത്തെ.

റഫീഖ് അഹമ്മദ് എഴുതിയ ഏഴു ഗാനങ്ങളും സന്തോഷ് വർമ രചിച്ച ചുന്ദരി പെണ്ണേ എന്ന പാട്ടും മനസുകള്‍ കീഴടക്കി. പുതുമഴയായ് എന്ന പാട്ട് ശ്രേയാ ഗോഷാലാണ് പാടിയത്. ചിത്രത്തിലെ ഏറ്റവും നല്ല മെലഡി. കരിമുകിലിന്റെ ആകാശപ്പറക്കലിന്റെ വേഗം പോലെ ഉയിർന്നു പൊന്തിയ പോലുള്ള ഈണമുള്ള ഒരു കരിമുകിലിനെന്ന പാട്ടിന് ശബ്ദമായത് വിജയ് പ്രകാശും. ‌‌‌

എന്റെ ജനലരികിലിന്ന്...

നാട്ടുവഴികിൽ പുഞ്ചിരിച്ച് നിൽക്കുന്ന കുഞ്ഞിപ്പൂക്കളെന്നും കവിമനസുകൾക്ക് പ്രിയപ്പെട്ടവയായിരുന്നു. എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂവിരിഞ്ഞുവെന്ന് പ്രണയിനിയെ കുറിച്ചുള്ള ചിന്തകളെ പറഞ്ഞുവച്ചത് സന്തോഷ് വർമയാണ്. ബിജിബാലിന്റെ മറ്റൊരു ഹൃദ്യമായ ഈണം. സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ പാട്ടാണിത്. ഗ്രാമീണ പദങ്ങളുടെ ഭംഗി വീണ്ടുമറിഞ്ഞു മലയാളികൾ ഈ പാട്ടിലൂടെ.