Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ചിത്രങ്ങൾ തന്ന നല്ല പാട്ടുകൾ

new-malayalam-movie-songs2016

വെള്ളിത്തിരയിൽ ഓണമൊരുക്കിക്കൊണ്ടെത്തിയിരുന്നു നിരവധി സിനിമകൾ. ഓണനാളിൽ നമുക്ക് കേട്ടാസ്വദിക്കുവാൻ പുതിയ കുറേ ഈണങ്ങളുമായി. റിലീസിനൊരുങ്ങുന്ന സിനിമകളുടെ പാട്ടുകളും കൂടിയായപ്പോൾ പാട്ടിന്റെ ഓണം തന്നെയായി അതുമാറി. യുട്യൂബിലും പ്രേക്ഷകർ ലക്ഷക്കണക്കിനു പ്രാവശ്യമാണു ഈ ഗാനങ്ങൾ കേൾക്കുവാനെത്തിയത്. നാട്ടിലെ ഓണാഘോഷങ്ങളി‍ൽ‌ താരമായ പാട്ടുകളിൽ ഇവ മുൻപന്തിയിലാണ്. ഓണം കടന്നുപോകുമ്പോഴും മനസിൽ തങ്ങി നിൽക്കുന്നു ആ പാട്ടുകളെ കേൾക്കാം  ഒന്നു കൂടി.

തെന്നൽ നിലാവിന്റെ

വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും ചേർന്നു പാടിയ മെലഡി ഗാനം. പാട്ടിന്റെ ദൃശ്യങ്ങളിലും ഇവർ തന്നെയാണുള്ളത്. പഴയകാല സിനിമകളിലെ നായകന്റെയും നായികയുടെയും ലുക്കിലാണ് ഇരുവരും. ദൃശ്യങ്ങളിലെ കൗതുകവും അതിനൊപ്പം സ്വരം ചേർന്നു നിൽക്കുന്നതിലെ ഭംഗിയും കൂടിയാകുമ്പോൾ പാട്ട് സുന്ദരമാകുന്നു. പുതിയ തലമുറ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടുന്നൊരു പാട്ടായി അതു മാറിയതും ഇതുകൊണ്ടു തന്നെ. തെന്നൽ‌ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി...എന്ന വരികൾ പോലെ സുന്ദരമായ ഗാനം. ഷാൻ റഹ്മാന്റേതാണ് ഈണം. പാട്ടു തുടങ്ങുന്നതു തന്നെ സുന്ദരമായൊരു വയലിൻ വായനയോടെയാണ്. പാട്ടിലുടനീളം അതേ ഭംഗിയോടെ വയലിൻ സ്വരവും വന്നുചേർന്നു. 

വാനം മേലെ

ശങ്കർ മഹാദേവന്റെ സ്വരവും ആലാപന ശൈലിയുമാണ് ഈ പാട്ടിനെ കേൾവി സുന്ദരമാക്കുന്നത്. ഉണർവേകുന്ന ഓർക്കസ്ട്രയ്ക്കൊപ്പം അതിനൊപ്പം അൽപം ആലസ്യത്തിൽ ശങ്കർ മഹാദേവൻ പാടുന്നു. വേദിയിൽ നിന്ന് ശങ്കർ മഹാദേവൻ പാടുന്ന രംഗം നമ്മുടെ മനസിലേക്ക് ഓടിയെത്തും. ചടുലമാണ് ഓർക്കസ്ട്ര. വരികൾ മനസിനെ പ്രതീക്ഷയുടെ ഉയരങ്ങളിലേക്കടുപ്പിക്കും. ഒറ്റ പ്രാവശ്യം കേട്ടാൽ മതി പിന്നെ നമ്മളും ഈ ഗാനം ഏറ്റുപാടും. സൂരജ് എസ് കുറുപ്പിന്റേതാണു വരികളും സംഗീതവും. 

മിനുങ്ങും മിന്നാമിനുങ്ങേ

കുഞ്ഞുങ്ങളെന്നാൽ മിന്നാമിനുങ്ങുകളെ പോലെയല്ലേ നമുക്ക്. അവർക്കു കാണുവാനും കേൾക്കുവാനും ഏറെയിഷ്ടമുള്ള കാര്യങ്ങളിലൊന്നും മിന്നാമിനുങ്ങിനെ കുറിച്ചുള്ളതു തന്നെ. ഈ പാട്ടും അത്രയേറെ ഇഷ്ടമായതിലൊരു ഘടകവും അതുതന്നെ. ബാല്യത്തിലേക്കു നമ്മെ മടക്കി അയയ്ക്കുന്ന ഈ ഈണം ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിലേതാണ്. മോഹൻലാലും ബാലതാരം മീനാക്ഷിയും മിന്നാമിനുങ്ങിൻ കഥപാടി നടന്നകലുന്ന ദൃശ്യങ്ങളുള്ള പാട്ട്. മോഹൻലാലിന്റെ സാന്നിധ്യവും അതിനൊപ്പം മീനാക്ഷിയുടെ കുറുമ്പും കാണിക്കുന്ന ദൃശ്യങ്ങളുള്ള പാട്ട് എത്ര കേട്ടാലും കണ്ടാലും മലയാളിക്കു മതിവരില്ല. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക് ആണ് ഈണം പകർന്നത്. എം ജി ശ്രീകുമാറും ശ്രേയാ ജയദീപും ചേർന്നാണു പാടിയത്.

കാടണിയും കാൽചിലമ്പേ

കാൽചിലമ്പണിഞ്ഞ് കാടുകയറുന്ന പെൺചന്തം പോലൊരു പാട്ട്. കെ.ജെ യേശുദാസും കെ.എസ് ചിത്രം ഒന്നിച്ചു പാടിയ പാട്ട്. പുലിമുരുകൻ എന്ന സിനിമയിലേതാണ്. പാട്ടിന്റെ വരികൾ‌ ശ്രദ്ധിച്ചാൽ കാട്ടിനുള്ളിൽ‌ പഴുത്തു പെയ്ത ഞാവൽക്കായ രുചിക്കും പോലെ തോന്നും നമുക്ക്. ‌കാടിന്റെ ഭംഗിയും അതിനൊപ്പമുള്ള പുലിമുരുകന്റെ യാത്രയും ദൃശ്യവൽക്കിരിച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്കു ഗോപീ സുന്ദറിന്‍റേതാണു സംഗീതം. 

നടവാതിൽ തുറന്നില്ല

കെ.എസ് ചിത്ര പണ്ടെങ്ങോ പാടിയൊരു മെലഡിയാകാമിത്. എന്നേ നടവാതിൽ തുറന്നില്ല എന്ന പാട്ടു കേൾക്കുമ്പോൾ നമുക്കു തോന്നൂ. ഒഎൻവി കുറുപ്പ് അവസാനമായി വരികളെഴുതിയ കാംബോജി എന്ന ചിത്രത്തിലേതാണിത്. ചിത്ര പാട്ടിനു നൽകിയ ഭാവവും സ്വരവും നമ്മുടെ മനസിലേക്കങ്ങ് ആഴ്ന്നിറങ്ങും. എം ജയചന്ദ്രൻ ഈണമിട്ട എക്കാലത്തേയും നല്ല പാട്ടുകളിലൊന്നാണിതെന്ന് നിസംശയം പറയാം.

Your Rating: