Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആത്മാവിൽ മുട്ടി വിളിച്ച പാട്ടുകൾ

ആത്മാവിൽ മുട്ടിവിളിച്ച പാട്ടെഴുതിയാണ് മലയാള ചലച്ചിത്ര ലോകത്തിലൂടെ ഒഎൻവി എന്ന കവിയുടെ കാൽപാടുകൾ പിന്നിട്ടത്. ചലച്ചിത്ര ഗീതങ്ങൾക്കപ്പുറം ഓരോ പാട്ടും ഹൃദ്യമായ കവിത തന്നെയായിരുന്നു. ചലച്ചിത്രത്തിന്റെ സന്ദർഭത്തോട് ഇഴചേർന്നു വരികളെ ഈണങ്ങൾ പോലെ ചേർത്തുവച്ച് ഒഎൻവി രചിച്ച പാട്ടുകൾ തന്നെയാണ് ഇന്നും ഏറ്റവും സുന്ദരമായിട്ടുള്ളത്.

ഒരു വട്ടം കൂടി ആ പുഴയുടെ തീരത്ത് വെറുതെ ഇരിക്കുവാൻ മോഹം

കടന്നുവന്ന കാലത്തെ കുറിച്ചുള്ള ഓർ‌മച്ചില്ലുകളിൽ ആദ്യമോടിയെത്തുന്ന ഗാനങ്ങളിലൊന്ന് ഇതുതന്നെയല്ലേ...ഒഎൻവിയുടെ ഒരു കവിത പാടൂ എന്ന് പറഞ്ഞാൽ ആരും ധൈര്യത്തോടെ മൂളുക ഈ ഈരടികൾ തന്നെ. എത്രത്തോളം ജനകീയമായിരുന്നു കവിയുടെ പാട്ടെഴുത്തെന്ന് വ്യക്തമാക്കുന്ന വരികള്‍.

ബാല്യവും കൗമാരവും തീക്ഷ്ണമായ യൗവനവും പ്രണയവും സമ്മാനിച്ച ഓർമകൾ ഒരു കണ്ണാടി ചില്ലെന്ന പോലെ തെളിഞ്ഞു വരും. തൊടിയിലെ കുയിലും അമ്പലമുറ്റത്തെ രാമായണക്കിളിയും പുന്നെല്ലിൻ പാടത്തെ പുലർവെയിലുമെല്ലാം...ഓടിയെത്തും മനസിലേക്ക്.

ആത്മാവിൽ മുട്ടി വിളിച്ചതു പോലെ

ആത്മാവിലേക്ക് അനുവാദം ചോദിക്കാതെ നടന്നുകയറിയവനെ കുറിച്ചുള്ള ചിന്തകളിലേക്ക് അവൾ പോയപ്പോൾ പ്രകൃതി പാടിയ പാട്ടാണിത്. പാടാനുള്ള വരികൾ ഒഎൻവി എഴുതി നൽകി. രഘുനാഥ് സേത് ഈണമിട്ട് യേശുദാസ് പാടിയ പാട്ടാണിത്. ആരണ്യകമെന്ന ചിത്രത്തിലെ ഗാനം.

നീരാടുവാൻ നിളയിൽ നീരാടുവാൻ

പ്രകൃതിയെന്ന സംവിധായകനിലേക്ക് നോക്കിയാണ് ചലച്ചിത്രങ്ങൾക്കായി ഒഎൻവി പാട്ടെഴുതിയത്. സാഹിത്യം പങ്കിടുന്ന ഏറ്റവും മനോഹരമായ വാക്കുകളെ ചേർത്തുവച്ച്. ആരെയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണു നീ എന്ന് മിണ്ടാൻ വയ്യാത്ത കൂട്ടുകാരിയെ നോക്കി അവളുടെ ഉള്ളിലെ പ്രണയമറിയാതെ രാമു പാടുമ്പോള്‍... നിളയോട് നിലാവ് പ്രണയം പങ്കിടാനെത്തുന്ന സമയത്ത് അവൻ അവിടേക്ക് കടന്നുവരുമ്പോള്‍....നീരാടുവാൻ നിളയിൽ നീരാടുവാൻ എന്ന് എഴുതുന്നു കവി. നഖക്ഷതങ്ങളെന്ന ചിത്രത്തിലെ മഞ്ഞൾ‌ പ്രസാദം തൊട്ട പാട്ടുകളെല്ലാം ഒഎൻവിയുടേതായിരുന്നു. പ്രണയവും വിരഹവും സന്തോഷവും ആർപ്പുവിളികളുമെല്ലാം നമുക്ക് ചുറ്റുമുള്ള പ്രകൃതിയിലുണ്ടെന്ന ചിന്ത പകർന്ന പാട്ടെഴുത്ത്.

എന്നൊടുത്തുണരുന്ന പുലരികളേ

കാൻസർ കാർന്നു തിന്നുമ്പോഴും മനസിനുള്ളിലെ കാൽപനിക ചിന്തകളെ മറച്ചുവയ്ക്കുവാൻ രവിശങ്കറിനാകുമായിരുന്നില്ല. ഇനിയുള്ള യാത്രകളിലേക്ക് മണ്ണിനോടും മഴയോടും മഞ്ഞിനോടും അയാൾ യാത്ര ചോദിച്ചപ്പോൾ പിറന്ന പാട്ടായിരുന്നു അത്....

എന്നൊടുത്തുണരുന്ന പുലരികളേ

എന്നൊടുത്തു കിനാവുകണ്ട് ചിരിക്കുമിരവുകളേ

യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ

ഒന്നുചേരുവാനായില്ലെങ്കിലും ഒപ്പംകളിച്ചു വളർന്ന പ്രണയിനിയുടെ ചിന്തകളും അവളും അയാളെ വിട്ടുമാറുന്നുണ്ടായിരുന്നില്ല. അയാൾക്കു മാത്രമല്ല, അവൾക്കും അങ്ങനെ തന്നെ...രോഗം തളർത്തിയ മുഖത്തേക്ക് നോക്കി കടലിന്നഗാധമാം നീലിമയിലെന്ന്...

പാടുമ്പോൾ ഉള്ളിലെ പ്രണയത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് നമുക്ക് അടുത്തറിയുവാനാകും. ഹരിഹരൻ സംവിധാനം ചെയ്ത സുകൃതമെന്ന ചിത്രത്തിലേതാണ് ഈ പാട്ടുകൾ.

വാതിൽ പഴുതിലൂടെൻ മുന്നിൽ

ഇടനാഴിയിൽ ഒരു കാലൊച്ചയെന്ന ചിത്രത്തിലെ ഈ മനോഹര ഗാനവും കാലാതീതമായ ഗാനങ്ങൾ തന്നെയാണ് സമ്മാനിച്ചത്. ആൺ മനസിലേക്ക് ആ ആൺ നോട്ടം കടന്നുവന്നത് ഇടനാഴിയിൽ കേട്ട ചിലുങ്ക കിലുക്കത്തിലൂടെയായിരുന്നു. ഇഷ്ടമാണോയില്ലയോ എന്നറിയില്ലെങ്കിലും അവന്റെ മനസില്‍ അവൾ മറ്റൊരു സന്ധ്യയായിരുന്നു....ഭദ്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇടനാഴിയിൽ ഒരു കാലൊച്ച....

കൂടിക്കാഴ്ചകൾക്കും കാത്തിരിപ്പിനും കാതങ്ങളുടെ അകലം വരുമ്പോൾ അല്ലെങ്കിൽ അടുത്ത് നിന്ന് അവൾ പെട്ടന്നങ്ങ് ദൂരത്തേക്ക് പോകുമ്പോൾ ആരുടെയും മനസിൽ ഒരു നിമിഷത്തേക്കെങ്കിലും ഈ വരികൾ മുഴങ്ങും...

അരികിൽ നീ ഉണ്ടായിരുന്നുവെങ്കിൽ....

പ്രണയത്തിന്റെ ഏറ്റവും വശ്യമായ ഭാവം മാത്രമല്ല വിരഹത്തിന്റെ കൂർത്തമുള്ള് കുത്തിയിറങ്ങുമ്പോഴും പ്രകൃതി ഒപ്പം നിൽക്കുമെന്നും അവൾ മാത്രമേ എന്നെന്നും ഒപ്പ‌മുണ്ടാകുകയുള്ളൂവെന്നും പാടിത്തന്ന പാട്ട്...

എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം

മൗനമെന്ന വികാരത്തിനെ നോക്കി ഒഎൻവി പേന ചലിപ്പിച്ചപ്പോഴാണ് ഈ ഗാനം പിറന്നത്. മൗനം മാത്രം ഇടതിങ്ങിനിൽക്കുന്ന ഒരസ്വസ്ഥമായ മനുഷ്യമനസുമായി എവിടേക്കോ പോകുന്ന ഒരു ഏകാന്ത പഥികനാണീ പാട്ട്. അവനു മാത്രമേ ഈ കവിതയുടെ അര്‍ഥത്തെ മറ്റാരേക്കാളും നന്നായി മനസിലാക്കുവാനാകൂ....

പൂവിൻ ചൊടിയിലും മൗനം... ഭൂമി ദേവിതൻ ആത്മാവിലും മൗനം

നേരം പുലരുമ്പോൾ എന്ന ചിത്രത്തിലേതാണീ ഗാനം. പ്രണയം നൽകുന്ന ദുംഖത്തിന്റെ ആഴം എത്രത്തോളമാണെന്നാണ് ഈ വരികൾ പറഞ്ഞു വയ്ക്കുന്നത്.

ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി

വിണ്ടു കീറിയ മണ്ണിനെ മഴനനയിക്കുവാൻ ഋഷികുമാരനെ തേടി പോയ ദേവദാസി പെണ്‍കൊടിയെ എങ്ങനെ മറക്കും. ഭരതനൊരുക്കിയ ചലച്ചിത്ര ഇതിഹാസം വൈശാലിയിലെ ഗാനങ്ങളെഴുതിയത് ഈ കവി തന്നെ. കരിങ്കാടിനുള്ളിലെ ഋഷികുമാരനെ തേടിയുള്ള യാത്രക്കിടയിലേക്ക് രാവും നിലാവും കൂട്ടുകൂടാനെത്തിയപ്പോൾ ചിത്രത്തോണിക്കുള്ളിലിരുന്നു അവൾക്കു മുന്നേ അവളുടെ വേഷമാടിയ അമ്മ പാടിയ പാട്ട്....

ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി ചന്ദന പൂ പുടവ ചാർത്തിയ രാത്രി...

പ്രിയ കവിയെ തേടി രാജ്യത്തെ ഏറ്റവും മികച്ച ഗാനരചിയിതാവിനുള്ള പുരസ്കാരമെത്തിയത് ഈ പാട്ടിലൂടെയാണ്. ചിത്ര രാജ്യത്തെ ഏറ്റവും മികച്ച ഗായികയുമായി. പതിമൂന്ന് പ്രാവശ്യം ഒഎൻവിക്ക് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഒരു ദലം മാത്രം വിടർന്നൊരു

പൂവിന്റെ ഓരോ ദലങ്ങളും അപൂർവ്വ ഭംഗിയുടെ കൂടാരങ്ങളാണ്. ഒരു പൂവിന്റെ ഓരോ ദലങ്ങളും വിടരുന്നത് പോലെയാണ് പ്രണയത്തിന്റെ ഏടുകളും കടന്നുപോകുന്നത്.

ഒരു ദലം മാത്രം വിടർന്നൊരു

ചെമ്പനീർ മുകുളമായി നീയെന്റെ മുന്നിൽ നിന്നു....

എംജി രാധാകൃഷ്ണൻ സംഗീതം നൽകിയ പാട്ടാണിത്

സാഗരങ്ങളെ പാടിയുണർത്തിയ

പെൺ ശൗര്യത്തിന്റെ കഥപറഞ്ഞ ചിത്രമായിരുന്നു പഞ്ചാഗ്നി. അതിലെ പ്രണയവും അതുപോലെ തീക്ഷ്ണമായിരുന്നു. സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ...എന്ന വരികൾ ഏറ്റവും ഉചിതമാണ്്. അലകടൽ പോലെ പ്രക്ഷുബ്ധമായ മനസായിരുന്നു നായികയ്ക്ക്. പക്ഷേ സാഗരങ്ങളെ പാടിയുണർത്തുവാൻ ആ മനസിലെ നിഷ്കളങ്കമായ സ്നേഹത്തിന് കഴിവുണ്ടെന്ന് കവി പാടുന്നു. എം ടി വാസുദേവൻ നായർ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണിത്.

ആ രാത്രി മാഞ്ഞുപോയി

പഞ്ചാഗ്നിയിലെ മറ്റൊരു സുന്ദര ഗാനമാണിത്. നായികയുടെ ജയിലറക്കുള്ളിലെ ജീവിതവും മുറിവുകളും കറുത്ത രാത്രിപോലെ പോയി മറഞ്ഞുവെന്നാണ് അവളുടെ കൂട്ടുകാരി പാടുന്നത്. ഇങ്ങനെ പാടിയ കൂട്ടുകാരിക്കു വേണ്ടി തന്നെ ജീവിതത്തിലേക്ക് നിറങ്ങളുടെ ശോഭ കടന്നു വരുന്ന വേളയിൽ വീണ്ടുമവൾ അഴികൾക്കുള്ളിലേക്ക് ചെന്നുവെന്നത് മറ്റൊരു സത്യം. ചിത്രവും അതിലെ പാട്ടുകളും ഹൃദയത്തിനുള്ളിൽ മുറിവു വീഴ്ത്തി.

ആദി ഉഷ സന്ധ്യ പൂത്തതിവിടെ

എം ടി എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം മലയാള സിനിമാ ലോകത്തിന്റെ അഭിമാനമുഖങ്ങളാണ്. ചലച്ചിത്ര കാവ്യങ്ങൾ തന്നെയായിരുന്നു അവയെല്ലാം. ഒഎൻവിയുടെ മനോഹരമായ ഒട്ടേറെ പാട്ടുകളും ഈ ചിത്രങ്ങളിലുണ്ട്. പക്ഷേ ഈ കൂട്ടുകെട്ടിന് വലിയൊരു ഇടവേള വന്നതിനു ശേഷം തിരികെ വരുന്നത് പഴശിരാജ എന്ന ചിത്രത്തിലൂടെയാണ്. പഴശിയെന്ന രാജാവിന്റെ ധീരമായ പോരാട്ടങ്ങളെ കുറിച്ചുള്ള ചിത്രത്തിലെ പാട്ടുകളും അതുപോലെ തന്നെയായിരുന്നു....

ആദി ഉഷ സന്ധ്യ പൂത്തതിവിടെ

ആദിസര്‍ഗ താളമാർന്നതിവിടെ...

മലയാളത്തിന്റെ അഭ്രപാളികളിലെ ആദിയുഷ സന്ധ്യയാണ് മാഞ്ഞുപോയിരിക്കുന്നത്. കടലിന്റെ അഗാധമായ നീലിമ പോലുള്ള പാട്ടുകളെഴുതുവാനിനി ഈ കവിയില്ല.

പ്രണാമം....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.