Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നെരുപ്പല്ല കട്ട കലിപ്പ്; കിടിലൻ ഗാനം കേൾക്കാം

kattakalipp

കോളെജ് രാഷ്ട്രീയത്തിന്റെ വീര്യത്തിൽ ചുവന്നു തുടുത്തൊരു കലക്കൻ പാട്ട്. ഉള്ളംതുറന്നൊരു പാട്ട്. കട്ട കലിപ്പ് പാട്ട്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ഗാനത്തിന് ഇങ്ങനെ ആമുഖം പറയാം. പാട്ടിന്റെ പ്രൊമോ വിഡിയോ പുറത്തിറങ്ങി. കലിപ്പ് പാട്ടിന്റെ കലിപ്പ് ദൃശ്യങ്ങൾ. 

മനോരമ ഓൺലൈനാണ് പാട്ടു പുറത്തുവിട്ടത്. ടൊവീനോ തോമസും രൂപേഷ് പീതാംബരനും വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാക്കളായി ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. പഴയ കാലത്തെ അതേപടി പുനർസൃഷ്ടിച്ച പാട്ടിനു കാഴ്ച ഭംഗി മാത്രമല്ല കാൽപനിക ചന്തവുമുണ്ട്. 

കബാലിയിലെ നെരുപ്പ്ഡാ പാട്ടിലൂടെ ശ്രദ്ധേയനായ അരുൺ രാജ കാമരാജ് പാടുന്ന ആദ്യ മലയാളം ഗാനം കൂടിയാണിത്. അതിനേക്കാളുപരി ഇതുവരെ നമ്മൾ കേട്ട ഏറ്റവും ഊർജ്ജസ്വലമായ റാപ് സോങും. കലിപ്പ് കട്ട കലിപ്പ് എന്ന വരികൾ പോലെ തന്നെയുണ്ട് അതിനുള്ളിലെ ഊർജ്ജവും. മണികണ്ഠന്റേതാണ് ഈണം. 

രാഷ്ട്രീയവും പ്രണയവും വിപ്ലവവും ചിന്തകളിൽ ജ്വലിച്ച കലാലയ ജീവിതങ്ങളെ കുറിച്ചുള്ള സിനിമകള്‍ ഒരുപാടു വട്ടമെത്തിയിട്ടുണ്ട്. ഒരു മെക്സിക്കൻ അപാരത എന്ന സിനിമ വേറിട്ടു നിൽക്കുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ചയെ കുറിച്ച് നേരിട്ടു സംവദിക്കുന്നതു കൊണ്ടാണ്. പാട്ടിലും ആ ആർജ്ജവമുണ്ട്. 

മണികണ്ഠന്റേയും ആദ്യ ചിത്രം കൂടിയാണിത്. നവാഗത സംവിധാനയകനായ ടോം ഇമ്മട്ടിയുടെ ചിത്രമാണിത്. ജൂഡ് ആന്റണിയുടേതാണു തിരക്കഥ. അനൂപ് കണ്ണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് കണ്ണനാണ് നിർമാണം. ജവാൻ ഓഫ് വെള്ളിമല എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനൂപിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ലിന്റോ തോമസ് ആണ് കോ പ്രൊഡ്യൂസർ. 

മഹാരാജാസ് കോളെജിൽ എസ്എഫ്ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ച എങ്ങനെയായിരുന്നുവെന്നു പറയുന്ന സിനിമയാണിത്. മലയാളത്തിന്റെ യുവത്വത്തിനിടയിൽ അതുകൊണ്ടു തന്നെ ഇതിനോടകം ചിത്രം ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തിന്റേതായി ആദ്യം പുറത്തെത്തിയ പോസ്റ്ററും ഇപ്പോഴിതാ പാട്ടും അതുപോലെ ശ്രദ്ധേയമാകുന്നു.

Your Rating: