Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏ.ആർ.റഹ്മാന്റെ സ്റ്റുഡിയോയിലാണ് ഈ കട്ടക്കലിപ്പ് പാട്ട് പിറന്നത്

ആവേശമായാലും സങ്കടമായാലും സന്തോഷമായാലും തമാശയായാലും ഇനിയിപ്പോ കട്ട ചളി ആയാലും സിനിമയുടെ ഉൾത്തലങ്ങളിലേക്കു പ്രേക്ഷകനെ നയിക്കുക എന്നതാണല്ലോ ഒരു പ്രൊമോഷണല്‍ ഗാനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും ചുമതല. അങ്ങനെ നോക്കിയാൽ കലിപ്പ് കട്ട കലിപ്പ് എന്ന പാട്ടിന് നൂറിൽ നൂറു മാർക്ക് കൊടുക്കണം. വിദ്യാർഥി രാഷ്ട്രീയത്തിന്റെ ചൂടും ചൂരും ക്യാംപസിന്റെ ആവേശവും അവിടത്തെ സൗഹൃദങ്ങളുടെ നന്മയും എല്ലാം ഒത്തിണങ്ങിയ സിനിമയിലേക്ക് പ്രേക്ഷകന്റെ ആസ്വാദന തലത്തെ രസച്ചരടു പൊട്ടാതെ എത്തിച്ചത് ഈ പാട്ടാണ്. അതേ ആരവം തന്നെ പിന്നീടു വന്ന പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനുമുണ്ടായിരുന്നു. മനോരമ ഓൺലൈനായിരുന്നു ഈ ഗാനം പുറത്തുവിട്ടത്.

മണികണ്ഠൻ അയ്യപ്പയും രഞ്ജിത് ചിറ്റാടെയും ചേര്‍ന്നായിരുന്നു പാട്ടുകളൊരുക്കിയത്. അഞ്ചു ഗാനങ്ങളിൽ ഏമാന്‍മാരെ എന്നതൊഴികെ ബാക്കിയെല്ലാം മണികണ്ഠനായിരുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദറും. കലിപ്പ് കട്ട കലിപ്പ് എന്ന പാട്ട് കബാലി പാട്ടുകാരന്‍ അരുൺ രാജ കാമരാജിനെ കൊണ്ട് പാടിച്ച് മലയാള ചലച്ചിത്ര സംഗീതത്തിലേക്കുള്ള വരവിനൊരു കട്ട കലിപ്പ് ലുക്ക് നേടി മണികണ്ഠൻ. മോഹൻ സിത്താരയുടെ ശിഷ്യനായ മണികണ്ഠൻ. ഒരു മെക്സിക്കൻ അപാരത എന്ന തലക്കെട്ടു പോലെ അപാരമായ ഊർജമുള്ള നാലു പാട്ടുകളാണ് മണികണ്ഠൻ ചിട്ടപ്പെടുത്തിയത്. ആരവങ്ങളോടെ ഏറ്റെടുത്ത് ആവർത്തിച്ചു കണ്ട ട്രെയിലറിലെയും ടീസറിലെയും സംഗീതവും ഈ മിടുക്കന്റേതാണ്.

താള മേള വാദ്യത്തിന്റെ അതിഗംഭീരമായ ഒന്നുചേരലിന്റെ ആകാശ കുട നിവരുമ്പോൾ എന്ന പാട്ട്. പാട്ടിന്റെ ഊർജ്ജം ഓരോ പ്രേക്ഷകനിലേക്കുമെത്തും. അത്രമാത്രം അത്യുന്നതിയിൽ നില്‍ക്കുകയാണ് ഓർക്കസ്ട്ര. നിതിന്‍ രാജും സുൽഫിഖും ചേർന്നുള്ള കോമ്പിനേഷൻ തകര്‍പ്പനാണ്. തന്നാന നന താനന്നനേ എന്നുള്ള ബാക്കിങ് വോക്കലിനു പിന്നാലെ ആകാശക്കുട നിവരും... എന്നു പാടിത്തുടങ്ങുമ്പോൾ തന്നെ ആകാശംമുട്ടും ആവേശവും. പാട്ടിനിടയിലെ ഗദ്യ ഭാഗം അനിൽ പനച്ചൂരാന്‍ ആണു പറഞ്ഞിരിക്കുന്നത്. ആദ്യമായി ക്യാംപസിലേക്കു കടന്നുചെന്ന വേളയിൽ ആദ്യമായി കേട്ടൊരു കിടിലം പ്രസംഗം പോലെ ജീവസുറ്റ വരികളാണത്. അതേപോലെ തന്നെ സുൽഫിഖ് പറഞ്ഞിരിക്കുന്നത്. ക്യാംപസ് കാലം കഴിഞ്ഞു കാലമേറെ പിന്നിട്ടിട്ടും മനസിൽ നിന്നു പ്രസംഗിക്കുന്നൊരു സീനിയർ വിദ്യാർഥി നമുക്കുമുണ്ടാകില്ലേ. അദ്ദേഹത്തെ കൂടി ഓർമിപ്പിക്കുന്നു പാട്ട്. ഗദ്യ ഭാഗത്തിനു പിന്നാലെയെത്തുന്ന ഓർക്കസ്ട്രയിൽ തെളിയുന്നത് മണികണ്ഠൻ എത്രമാത്രം ആത്മവിശ്വാസത്തോടെയാണ് ഈ പാട്ട് തീർത്തിരിക്കുന്നത് എന്നതാണ്.

പ്രണയമില്ലാതെന്ത് ക്യാംപസ് കാലം. അല്ലേ. ഇവളാരോ എന്ന പാട്ട് അങ്ങനെയുള്ളൊരു ഗാനമാണ്. വിജയ് യേശുദാസ് പാടി മറ്റൊരു തലത്തിലേക്കെത്തിച്ചൊരു പാട്ട്. ചെണ്ടത്താളത്തിന്റെ പിൻബലത്തിലുള്ള കോറസും അനുപല്ലവിയുമാണ് പാട്ടിന്റെ ഹൈലൈറ്റ്. കഥകളി പദം കൂടി ചേർത്ത് പാട്ടിന് വിഭിന്നതയുടെ മുഖഭംഗി കൂടി നല്‍കിയിരിക്കുന്നു. വരികളുടെ ഭംഗിയ്ക്കും മേലെയാണീ പാട്ടിന്റെ താളം എന്നു പറയാതെ വയ്യ.

മുന്നേറാൻ സമയമായി എന്നതാണ് സിനിമയിലെ മറ്റൊരു ആവേശപ്പാട്ട്. ഫ്രാങ്കോയുടെ ഉറച്ച സ്വരത്തിൽ പാട്ട് കുറേക്കൂടി പ്രൗഢമായി. ഒരിക്കലെങ്കിലും ക്യാംപസിന്റെ വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനത്തെ നെഞ്ചോടു ചേര്‍ത്തിട്ടുള്ള ഏതൊരാളും ഏറ്റെടുക്കും ഈ പാട്ട്. മുന്നേറാൻ സമയമായി സഖാവേ...ലാൽസലാം എന്നു പറയുന്ന പാട്ട് ഇതിനോടകം ക്യാംപസുകൾ ഏറ്റെടുത്തു കഴിഞ്ഞു. ക്യാംപസിലെ രാഷ്ട്രീയ കാഴ്ചകള്‍ മാത്രം മനസിൻ ക്യാംപസില്‍ നിറയ്ക്കുന്ന പാട്ട്.

കടൽ രണ്ടായി പിളരട്ടേ...എന്ന കോറസ് എത്ര കേട്ടാലും മതിവരില്ല. ക്യാംപസുകളിൽ മുഴങ്ങിക്കേട്ട ഇന്നും കേൾക്കുന്ന താളം. അതിനെ സിനിമയുടെ സാഹചര്യത്തോടു മണികണ്ഠൻ വൈവിധ്യത്തോടെ ചേർത്തു നിർത്തുന്നു. മണികണ്ഠനും അരുൺരാജ കാമരാജും ചേർന്നാണീ ഗാനം പാടിയിരിക്കുന്നത്. സംവിധായകൻ ടോം ഇമ്മട്ടിയുേടതാണു രചനയും. ഏ ആർ റഹ്മാന്റെ ചെന്നൈയിലുള്ള സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ മിക്സിങ് പൂർത്തിയാക്കിയത്.

നമ്മൾ ഏറ്റുപാടേണ്ട ഇഴകീറി പഠിക്കേണ്ട പാട്ടാണ് ഏമാൻമാരേ എന്നത്. ഷെബിൻ മാത്യുവാണ് രഞ്ജിത് ചിറ്റാ‍ടെ എഴുതി ഈണമിട്ട പാട്ട് പാടിയത്. അനാവശ്യമായി ഭരണകൂടം സാധാരണ മനുഷ്യന്റെ ചിന്തകളിലേക്കും ക്രിയാത്മകതയിലേക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കും കടന്നുകയറ്റം നടത്തുന്ന സാഹചര്യത്തിൽ നമുക്കു പറയാനുള്ള മറുപടിയാണീ പാട്ടിലുള്ളത്. നമ്മൾ ഏറ്റുപാടേണ്ട പാട്ടാണിത്. അങ്ങനെതന്നെയാകുകയും ചെയ്തു.

സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്ന രീതിയിലൊരുക്കുന്ന പാട്ട് കാലത്തിന്റെ പാട്ടായി മാറുന്ന കാഴ്ചയാണ് മെക്സിക്കൻ അപാരതയിലൂടെ ദർശിച്ചത്. സമകാലീന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ സംഗീത രൂപത്തിൽ അവതരിപ്പിക്കുമ്പോൾ ഈ പാട്ടുകളുടെ താളമോ വരികളോ ഇനി നിത്യസാന്നിധ്യമായേക്കാം. ആദ്യ സിനിമയിലൂടെ തന്നെ അത്തരം പാട്ടുകൾ ആത്മവിശ്വാസത്തോടെ തീർക്കാനായി എന്നത് മണികണ്ഠനെന്ന സംഗീത സംവിധായകനോടുള്ള പ്രതീക്ഷകൾക്ക് ഉയരം നൽകുന്നു.

ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ടൊവിനോ തോമസും രൂപേഷ് പീതാംബരനും നീരജ് മാധവും ഗായത്രി സുരേഷുമൊക്കെ അഭിനയിച്ച ചിത്രം കൊട്ടകങ്ങളിൽ ആവേശക്കടലായി മുന്നേറുകയാണ്. ഈ പാട്ടുകളും. എങ്ങനെയുണ്ട് സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാം...

കട്ടക്കലിപ്പ്....കയ്യടിക്കണം മണികണ്ഠന് എന്നും കൂടി ചേർക്കണം.

Your Rating: