Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപ്പെടുമോ ഈ പാക്ക് ഗായകരെ?

pak-singers

പാക്ക് താരങ്ങൾ അഭിനയിച്ചതിന്റെ പേരിൽ യേ ദിൽ ഹെ മുഷ്കിൽ ഉൾപ്പെടെയുള്ള സിനിമകൾ നേരിട്ട  പ്രശ്നങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇതെല്ലാം കണ്ട് ഏറെ വേദനിക്കുന്നുണ്ട് പാട്ടുലോകം. ബോളിവുഡ് സംഗീതലോകത്ത് ഏറെ തരംഗമായ എത്രയോ പാക്കിസ്ഥാനി പാട്ടുകാർ. പിങ്ക് എന്ന സിനിമയിൽ ഉൾപ്പെടെ കേട്ട പാക്ക് ഗായകരുടെ ശബ്ദം. ഇവരുടെ ഗാനങ്ങൾ ഇനി ബോളിവുഡ് ചിത്രങ്ങളിലെത്തുമോ എന്ന ആശങ്ക സംഗീത പ്രേമികൾ ഉയർത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ നല്ല പാട്ടുകളുടെ, നല്ല ശബ്ദങ്ങളുടെ വലിയൊരു ലോകമാകും നഷ്ടപ്പെട്ടു പോകുക. 

പാക്ക് ഗായകരെ  ഇന്ത്യക്കാർ ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടു വർഷങ്ങളായി. സൂഫി, ഖവാലി സംഗീതത്തിന്റെ  ഉസ്താദുമാർ. ഹൈ പിച്ച് ഗാനങ്ങൾ അനായാസം  പാടിയിരുന്ന  വേറിട്ട ശബ്ദത്തിന്റെ ഉടമകൾ. രേഷ്മയും  നൂർജഹാനും മുതൽ അദ്നാൻ സാമി(അദ്ദേഹം അടുത്തിടെ ഇന്ത്യൻ സിറ്റിസണായെങ്കിലും പാക്കിസ്ഥാനിൽ ജനിച്ചയാളാണ്) വരെയുള്ള പാക്ക് ഗായകരുടെ നീണ്ട നിര. സ്ട്രിങ്സ് ഉൾപ്പെടെയുള്ള പാക്ക് ബാൻഡുകളുടെ പാട്ടുകൾ ഏത്രപേർ ഇന്നും പാടുന്നു. കോക്ക് സ്റ്റുഡിയോ പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആരാധകർ ഒരുപക്ഷെ ഇന്ത്യയിലാകും. 

ഖവാലികളുടെ രാജാവ് നസ്രേത്ത് ഫത്തേ അലി ഖാനെ ആരു മറക്കാൻ. ലോകത്തിലെ ഏറ്റവും മികച്ച ശബ്ദത്തിന്റെ ഉടമ. ബോളിവുഡിൽ പല സിനിമകൾക്കും ഇദ്ദേഹം ഗാനമാലപിച്ചിട്ടുണ്ട്. ഖച്ചേ ദാഗേ, ഓർ പ്യാർ ഹോഗയ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ചർച്ചയായിരുന്നു. 1999ൽ റിലീസ് ചെയ്ത ദില്ലഗി എന്ന സിനിമയിലെ സയ്യ ബി സാത്ത് ജബ്ബ് ചോർ ജിയാ എന്ന ഗാനവും 2000ലെത്തിയ ദഡ്കൻ എന്ന സിനിമയിലെ ദുൽഹേ കാ സെഹറ എന്ന ഗാനവും നസ്രേത്ത് സാഹിബിന്റെ മരണശേഷമെത്തിയ ബോളിവുഡ് ഗാനങ്ങൾ. വർഷങ്ങൾക്കു മുൻപു റിക്കോർഡ് ചെയ്ത ഗാനങ്ങളാണ് സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചത്. 

അദ്നാൻ സാമിയുടെ 2000ൽ പുറത്തെത്തിയ കഭി തോഹ് നസർ മിലാവോ എന്ന ആൽബം ആശാ ഭോസ്‌ലെയ്ക്കൊപ്പമാണ്  ചെയ്തത്. ഇന്ത്യയിൽ ഇദ്ദേഹത്തിന്റെ   പേര് കേട്ടു തുടങ്ങിയത് അങ്ങനെ. പിന്നീട് എത്രയോ ബോളിവുഡ് സിനിമകളിൽ അദ്ദേഹം ശബ്ദം നൽകി. ലക്കിയിലെ സുൻ സര, ബജ്റങി ബായ്ജാനിലെ ബാർ ദോ ഝോലി മേരി, മൈ നെയിം ഈസ് ഖാനിലെ നൂർ ഇ ഖുദാ, ടാക്സി നമ്പർ 9211ലെ മീറ്റർ ഡൗൺ, ഗരംമസാലയിലെ കിസ് മി ബേബി തുടങ്ങി എത്രയോ ഗാനങ്ങൾ അദ്നാൻ സാമിയുടേതായി എത്തി. മലയാളത്തിലും പാടി ഒരു ഗാനം, ചാഞ്ചാടിയാടി ഉറങ്ങൂ നീ. ഇന്ത്യൻ സിറ്റിസൺഷിപ്പ് ലഭിച്ചെങ്കിലും  പാക്കിസ്ഥാനിൽ ജനിച്ച ഇദ്ദേഹം ആ നാടിന്റെ സംഗീതസ്പർശം ഏറെയുള്ളയാളാണ്. 

കഭി അൽവിദാ നാ കെഹന എന്ന ചിത്രത്തിലെ മിത്‌വാ എന്ന ഗാനം ഇന്നും ഹിറ്റ് ചാർട്ടുകളിലുണ്ട്. അതിന്റെ ശബ്ദം ഷഫ്ഹത്ത് അംനത്ത് അലി എന്ന പാക്കിസ്ഥാനി ഗായകന്റേതാണെന്ന് എത്രപേർക്കറിയാം എന്നതാണു സംശയം. രാ വണിലെ ദിൽ ദരാ, ജാനറ്റ് രണ്ടിലെ തു ഹി മേരാ, മർഡർ ത്രിയിലെ തേരി ജുഖി നസർ തുടങ്ങിയ പാട്ടുകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഹിന്ദുസ്ഥാനി സംഗീതപ്രതിഭകളിൽ ഒരാളായ ഇദ്ദേഹം എത്രയോ ആൽബങ്ങൾക്കു വേണ്ടിയും ശബ്ദം പകർന്നു. 

കലിയുഗിലെ ജിയാ ദഡക് ദഡക്, ആജാ നച്ചലെയിലെ ഒരേ പിയാ രേ തുടങ്ങിയ ഗാനങ്ങൾ പാടിയ രഹത്ത് ഫത്തേ അലി ഖാന് ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ വശ്യസുന്ദരമായ വേറിട്ട ശബ്ദം. 2003ൽ പാപ് എന്ന സിനിമയിലെ മൻ കി ലഗാൻ എന്ന പാട്ടിലൂടെയാണു രഹത്ത് ഫത്തേ അലിഖാൻ ബോളിവുഡിലെത്തുന്നത്. പിന്നെ എത്രയോ സൂപ്പർ ഹിറ്റ് ഗാനങ്ങൾ. 

പുതുതലമുറയിലെ ശ്രദ്ധേയരിലുണ്ട് അലി സഫർ. പാട്ടു മാത്രമല്ല ബോളിവുഡ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു ഈ ഗായകൻ. മേരേ ബ്രദർ കി ദുൽഹൻ എന്ന സിനിമയിലെ മധുബാല, കിൽ ദിൽ എന്ന സിനിമയിലെ നഹ്രേലി തുടങ്ങി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ശബ്ദം അലി സഫറിന്റേതാണ്. 

Atif Aslam

ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ആതിഫ് അസ്ലം എന്ന പാക്കിസ്ഥാനി ഗായകൻ. കേരളത്തിലുൾപ്പെടെ പരിപാടികൾക്ക് ഇദ്ദേഹം എത്തിയിട്ടുണ്ട്. പാക്കിസ്ഥാനി ബാൻഡായ ജാലിന്റെ പ്രധാന ഗായകനായാണ് ഇദ്ദേഹത്തെ ഇന്ത്യക്കാർ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നാലെ കലിയുഗിലെ ആദത്ത് എന്ന ഗാനമെത്തി. പിന്നെ എത്രയോ ഗാനങ്ങൾ. സഹറിലെ വോ ലംഹേ, ബദ്‌ലാപൂരിലെ ജീന ജീന, റേസിലെ പെഹലി നസർ മേം, ബസ് ഏക് പല്ലിലെ തേരേ ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റുകളുണ്ട്  ആതിഫ് അസ്ലത്തിനു ബോളിവുഡിൽ. 

ഗസലുകളുടെ രാജകുമാരൻ ഗുലാം അലിയെക്കുറിച്ചു വിശേഷണങ്ങളൊന്നും ആവശ്യമില്ല. 1982ൽ പുറത്തെത്തിയ നിക്കാഹ് എന്ന സിനിമയിലെ ചുപ്കെ ചുപ്കെ രാത്ത് ദിൻ എന്ന പാട്ടിലൂടെയാണ്  ഇദ്ദേഹം  ബോളിവുഡിലെത്തുന്നത്. പിന്നീടു പല സിനിമകളിലും ഇദ്ദേഹത്തിന്റെ ശബ്ദം മധുരമായെത്തി. 

പിന്നെയും എത്രയോ ഗായകർ ആബിദ പർവീൻ, നൂർജഹാൻ, രേഷ്മ തുടങ്ങി പാക്കിസ്ഥാനിന്റെ പ്രിയ ഗായകർ എത്രയോ ബോളിവുഡ് ഗാനങ്ങൾക്കു ശബ്ദമേകി. ഏറ്റവുമൊടുവിൽ പുറത്തെത്തിയ അമിതാബ് ബച്ചന്റെ പിങ്ക് എന്ന സിനിമയെടുക്കാം. അതിലെ കാരി കാരി എന്നു തുടങ്ങുന്ന തീം സോങ് ആലപിച്ചിരിക്കുന്നത് ഖുറാത്തുൽ അൻ ബലൂച്ച് എന്ന ഗായികയാണ്. പാക്കിസ്ഥാനിലെ യുവഗായികമാരിൽ ഏറെ പ്രശസ്തിയുള്ള ഇവർ സംഗീതസംവിധായിക എന്ന നിലയിലും മറ്റും ശ്രദ്ധേയയാണ്. കാരി കാരി എന്നു തുടങ്ങുന്ന പാട്ടുകേട്ടാലറിയാം ഇവരുടെ ശബ്ദത്തിന്റെ വൈവിധ്യം. 

രാഷ്ട്രീയസമവാക്യങ്ങൾ ചേരുപടി ചേരാതെ വരുമ്പോൾ നഷ്ടപ്പെടുന്നത് കലയുടെയും സംസ്കാരത്തിന്റെയും വലിയൊരു വിശാലതയ്ക്കു കൂടിയാണെന്ന് അറിയുക. ഈ നല്ല ഗായകരുടെ പാട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണ് സംഗീതപ്രേമികൾ ശ്രമിക്കേണ്ടത്.