Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം പൂത്തു തുടങ്ങി!

Premam

"...ആദ്യമായി ഉളളിനുളളിൽ പൂത്തപൂവല്ലേ... സമ്മതം തന്നാൽ നിന്നെ താലി കെട്ടി കൊണ്ടുപോകില്ലേ.." ജീവിതം പ്രണയസുരഭിലമാകുന്ന കാലഘട്ടത്തിൽ ആൺകുട്ടികൾ പറയാനും പെൺകുട്ടികൾ കേൾക്കാനും ആഗ്രഹിക്കുന്ന വരികൾ! അൽഫേൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തിയിരിക്കുന്നത് പ്രേമത്തിന്റെ ആ ഒരു ഫീലും ആയിട്ടാണ്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലുളള ഒരു പ്രണയത്തിന്റെ ഹൃദ്യമായ പ്രകടനമാണ് ആലുവാപ്പുഴയുടെ തീരത്ത് എന്നാരംഭിക്കുന്ന ഗാനരംഗം ദൃശ്യവത്ക്കരിക്കുന്നത്.

Aluva Puzhayude Theerathu song

ലോകസിനിമാ ചരിത്രത്തിലെ പുതുമയൊന്നും ഇല്ലാത്ത രണ്ടാമത്തെ മലയാള ചിത്രം എന്ന ടാഗ്ലൈനോടെയാണ് നേരം എന്ന തരംഗ ചിത്രത്തിന്റെ സംവിധായകൻ ഇത്തവണ എത്തിയിരിക്കുന്നത്. എന്നാൽ ഗാനരംഗത്തിലാകെ നിറഞ്ഞു നിൽക്കുന്നത് പുതുമ തന്നെ. ചിത്രത്തിലെ നായിക അനുപമ പരമേശ്വരൻ തന്നെയാണ് ഏറ്റവും വലിയ പുതുമ. പതിവു നായികാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ ഒരു യഥാർത്ഥ നായികയെ ഗാനരംഗത്തിൽ കാണാം. സിനിമയിലെ നായിക എന്നതിനപ്പുറം നമ്മൾ പതിവായി കാണുന്ന പ്രിയമുളള ഒരു പെൺകുട്ടിയുടെ മാനറിസങ്ങളും അഴകുമാണ് അനുപമയിൽ കാണുന്നത്. അനുപമയുടെ ചുരുണ്ടമുടിയും ചാരുതയുളള ചിരിയും ഗാനരംഗത്തന്റെ സ്വാഭാവികത കൂട്ടുന്നു. നായികയുടെ പിന്നാലെ പ്രണയം വെളിപ്പെടുത്താൻ പഠിച്ചപണി പതിനെട്ടും പൈങ്കിളിയുമായി നടക്കുന്ന നായകനെ മലയാള സിനിമ ഏറെ കണ്ടിട്ടുണ്ടെങ്കിലും നിവിൻ പോളി ഇത്തരം വേഷങ്ങൾ ചെയ്യുമ്പോൾ അതൊരു പഞ്ച് ആണ്! നോട്ട് ഒൺലി പൈങ്കിളി ബട്ട് ഓൾസോ നൊസ്റ്റാൾജിക് - അതാണ് സമാനമായ കാമുക വേഷങ്ങളിൽ നിവിനെ പ്രിയപ്പെട്ടതാക്കുന്നത്. ഗാനരംഗത്തിനിടിയിൽ നിവിൻ കൈവിരലുകൾ ചുരുട്ടി ചേർത്തുപിടിച്ചു കാണിക്കുന്ന താളം പുതിയൊരു പ്രണയ അറിയിക്കൽ സിംബൽ ആയി മാറിയേക്കും.

ആലുവ പുഴയുടെ തീരത്തെ...

പുതുമയൊന്നും ഇല്ല എന്നു പറയുന്ന ചിത്രത്തിന്റെ ഇനിയുളള പുതുമ സംഗീതം തന്നെ. സിനിമയുടെ പേരു പോലെ തന്നെ പ്രേമം തുളുമ്പി നിൽക്കുന്ന ഇൗണം ഒരുക്കിയിരിക്കുന്നത് രാജേഷ് മുരുകേശൻ ആണ്. ശബരീഷ് വർമ്മയുടെ വരികൾ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. വെറുതെയൊന്നു മൂളിയാലും അതിൽ പ്രേമത്തിന്റെ പരൽമീനുകൾ ഉണ്ടാവും, വിനീതിന്റെ ശബ്ദത്തിന്റെ ഇൗ ഹൈലൈറ്റ് ഇൗ പാട്ടിനും അനുകൂല ഘടകമായി. ലളിതസുന്ദരമായി ഒഴുകിപ്പോകുന്ന വരികൾക്കിടയിലൂടെ "ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോര..." എന്നു വരികളിലൂടെ ആത്മീയത കൂടി കടന്നുവരുന്നു. പളളിയും അമ്പലവുമൊക്കെ അറിയാത്ത പ്രണയങ്ങളൊന്നും യഥാർത്ഥ ജീവിതത്തിലും നമുക്കില്ലല്ലോ എന്നോർക്കുമ്പോൾ ഹഹ.... ഹഹ്ഹാാ... എന്ന് ആർത്തു ചിരിച്ചൊരു നൊസ്റ്റാൾജിയ കൂടി ഇൗ പാട്ടിനെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു.

Aluva Puzhayude Theerathu song

കഥ, തിരക്കഥ, സംവിധാനത്തിനൊപ്പം അൽഫോൻസ് പുത്രൻ മനോഹരമായി എഡിറ്റിങ് കൂടി നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ലൊക്കേഷൻ ആണ്. മലയാളികൾ കണ്ടുമടുത്ത ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് മാറ്റിപ്പിടിച്ചിരിക്കുന്ന ക്യാമറ ആലുവ പുഴ എന്ന ഗാനത്തെ ഒരു കവിതപോലെ മനോഹരമാക്കിയിരിക്കുന്നു. ആനന്ദ് സി. ചന്ദ്രൻ ആണ് പ്രേമത്തിന്റെ ഛായാഗ്രഹകൻ. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.