Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കില്ല ഒരിക്കലും ആ ഈണങ്ങളും മുഖങ്ങളും

musicians-died-in-2015

പാട്ട് പാടാൻ പുതിയ ഈണങ്ങൾ ചിട്ടപ്പെടുത്താൻ ഇനിയിവരില്ല, പോയവർഷത്തിൽ സംഗീത ലോകത്ത് അസാന്നിധ്യം സൃഷ്ടിച്ചവർ ഏറെയാണ്. മരണത്തിന്റെ ശ്രുതി ഭേദങ്ങളിലേക്ക് ഒരുപാട് ഈണങ്ങൾ മൂളിത്തന്നിട്ട് അവർ കടന്നുപോയി. ആ ശബ്ദങ്ങൾ, ആ രാഗങ്ങള്‍, ആ താളങ്ങള്‍ എല്ലാമിനി കാലത്തിന്റെ ഓർമപുസ്തകത്തിൽ. പോയവർഷത്തിലേക്ക് കടക്കും മുൻപ്, എക്കാലത്തേക്കുമായി അവർ പാടിവച്ച പാട്ടുകളെ കാതോർക്കാം....എന്നിട്ട് മനസിനോട് പറയാം...ഒരിക്കലും മറക്കരുത് ഈ ഈണങ്ങളെയെന്ന്...

എം എസ് വിശ്വനാഥൻ

M S Viswanathan

കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കവി ഭാവനയ്ക്ക് ഉച്ഛാസ്ഥായിലുള്ള ഈണമിട്ട എംഎസ് വിശ്വനാഥന്‍. മെല്ലിസൈ മന്നനെന്നും ലളിത സംഗീതത്തിന്റെ ചക്രവർത്തിയെന്നുമൊക്കെ നാം വിളിച്ച ആ വിശ്വനാദം നിലച്ച വർഷമാണ് കടന്നുപോയത്. വിശുദ്ധമായ രാഗങ്ങള്‍ക്കൊപ്പം സഞ്ചരിച്ച എൺപത്തിയേഴു വർഷങ്ങൾ.
നെറ്റി നിറയെ ഭസ്മം പൂശി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ഹാർമോണിയ പെട്ടിയിൽ വിരൽ തൊട്ട് മനയങ്ങത്ത് സുബ്രഹ്മണ്യൻ വിശ്വനാഥൻ പാടിത്തന്ന പാട്ടുകളെല്ലാം ഇതിഹാസ ഗീതങ്ങളായി മാറി. ‌‌‌

ജെയിംസ് ഹോണർ

James Horner

അറ്റ്ലാന്റിക്കിന്റെ ആഴപ്പരപ്പിലേക്ക് മുങ്ങിത്താണ സ്വപ്നങ്ങളുടെ കപ്പലിനെ കുറിച്ചുള്ള ചലച്ചിത്ര കാവ്യം. കണ്ണിനുള്ളിൽ വിസ്മയം തീര്‍ത്ത ജെയിംസ് കാമറൂൺ ചിത്രം ടൈറ്റാനിക്. കാമറ വരച്ചിട്ട ദൃശ്യങ്ങൾക്കപ്പുറം സാങ്കേതികതയുടെ വിശാലതയ്ക്കപ്പുറം പ്രേക്ഷകനെ അതിശയിപ്പിച്ചത് അതിലെ പാട്ടുകളായിരുന്നു. കറുത്ത കടലിനെ നോക്കി നക്ഷത്രഭംഗിയിൽ നീലാകാശം വയലിൻ മീട്ടിയപ്പോൾ പിറന്ന പാട്ട്. അല്ല, ജെയിംസ് ഹോണറുടെ പാട്ട്. അഭ്രപാളിയിലൂടെ ലോകത്തെ വിസ്മയിപ്പിക്കാൻ കാമറൂണിനൊപ്പം നിഗൂഢ ഈണങ്ങളുമായി സഞ്ചരിച്ച സംഗീതജ്ഞൻ. കാലിഫോർണിയയിൽ നടന്ന ആകാശ അപകടത്തിൽ ചിറകടിച്ച് പറന്നകന്ന പാട്ടുപറവ.

യൂസഫലി കേച്ചേരി

kechery

പാട്ടിന് സുറുമയെഴുതിക്കൊടുത്ത കവിസങ്കൽപമാണ് യൂസഫലി കേച്ചേരി. മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഭാവഭേദങ്ങൾക്കൊപ്പം കാലൊച്ച കേൾപ്പിക്കാതെ നടന്നുനീങ്ങിയ അസാധാരണത്വം. കേച്ചേരി ഗീതങ്ങളുടെ ആത്മാവ് കൈവിടാതെ തന്റെ സ്വത്വം നിലനിർത്തിക്കൊണ്ട് കാലഘട്ടത്തിനനുസരിച്ചുള്ള പാട്ടുകളെഴുതിയ യൂസഫലി കേച്ചേരി. കാലം ആവശ്യപ്പെട്ട അനിവാര്യമായ മാറ്റമുൾക്കൊള്ളുവാൻ പോന്ന പ്രതിഭയുണ്ടായിരുന്നു അദ്ദേഹത്തിന്റെ തൂലികയ്ക്ക്.

ആദേശ് ശ്രീവാസ്തവ

adesh

അകാലത്തിൽ പൊലിഞ്ഞ ബോളിവുഡ് സംഗീതജ്ഞൻ. അമ്പത്തിയൊന്നാം വയസിൽ അർബുദതതിന് കീഴടങ്ങി ആദേശ് കടന്നുപോയപ്പോൾ പാട്ടുപെട്ടിയിലുള്ളത് നൂറോളം ഗാനങ്ങള്‍. സംഗീത ലോകത്തെ എല്ലാ മേഖലകളിലും സജീവമായിരുന്ന ആദേശ് ശ്രീവാസ്തവ പുതിയ കാലത്തെ പാട്ടുകാരിലെ പ്രതിഭകളിലൊരാളായിരുന്നു.

രവീന്ദ്ര ജെയിൻ

Ravindra Jain

ജബ് ദീപ് ജലേ ആനാ, ജബ് ശ്യാം ധലേ ആനാ...കണ്ണിനുള്ളിലെ ഇരുട്ടിനോട് സംഗീതം കൊണ്ട് പോരാടിയ, അജ്ഞാതമായ ഈണങ്ങളിലൂടെ ലോകത്തോട് സല്ലപിച്ച രവീന്ദ്ര ജെയിൻ. ഹിന്ദിയില്‍ യേശുദാസിന്റെ ഗന്ധർവ നാദത്തിനുള്ള പാട്ടുകളേറെയൊരുക്കിയത് രവീന്ദ്ര ജെയിനായിരുന്നു. കണ്ണുകൾക്കുള്ളിലേക്ക് വെളിച്ചമൊരു തവണ കടന്നുവരണമെന്ന് അദ്ദേഹം പക്ഷേ ആഗ്രഹിച്ചിരുന്നു...എന്തിനായിരുന്നുവെന്നോ യേശുദാസിനെ കാണുവാൻ.....

രാധികാ തിലക്

radhika

ലളിത ഗാനത്തിന്റെ ആലാപന ഭംഗിയിലൂടെ മലയാളം പരിചയപ്പെട്ട പാട്ടുകാരി. ശാലീനത തുളുമ്പുന്ന മുഖവും സുന്ദരമായ ശബ്ദവുമായി പാട്ടുകളേറെ പാടിത്തന്ന രാധിക. കാലമെത്തും മുൻപേ അർബുദം അവരെ കൊണ്ടുപോയിയെന്ന വാര്‍ത്ത അവിശ്വസനീയതയോടെയാണ് മലയാളം കേട്ടത്. ഓർമകളുടെ തൃസന്ധ്യകളിൽ തിരുമുറ്റത്തെ തുളസിത്തറയ്ക്കു മുന്നിൽ വിളക്കുതെളിയിക്കുമ്പോൾ അങ്ങ് അകലെ പുഴയ്ക്കപ്പുറമുള്ള ഏതോരിടത്തു നിന്നു മനോഹരമായി ചിരിച്ചുകൊണ്ട് ഇപ്പോഴും രാധികാ തിലക് പാടുകയാണ്.