Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കവിതയെ ഇത്രയ്ക്കു വിമർശിക്കണോ?

rafeeq-ahammed-and-sakhavu-poem

സഖാവ്... എങ്ങു നിന്നോ കേട്ടൊരു കവിത. ആലാപനഭംഗികൊണ്ടും, കവിതയുടെ കാൽപനികമായ മനോഹാരിത കൊണ്ടും അത്രയേറെ ശ്രദ്ധ നേടി. പക്ഷേ കവിതയുടെ മരച്ചില്ലകളിൽ, പീതപുഷ്പങ്ങളാറിക്കിടന്ന ഇടവഴികളിൽ, എല്ലാം ചർച്ചകളാണ്. കവിതയുടെ അവകാശത്തെച്ചൊല്ലിയും അതിന്റെ കാൽപനികതയെ കുറിച്ചും. കവിത ആരെഴുതിയതാണെന്ന തർക്കം അവിടെ നിൽക്കട്ടെ. പീത പുഷ്പങ്ങൾ എന്ന വാക്കും കൊല്ലപ്പരീക്ഷ മാറിയതു കവി അറിഞ്ഞില്ലേ ഇത്രയും പൈങ്കിളി എഴുതണോ എന്നൊക്കെയാണ് സാം മാത്യുവിന്റെ കവിത നേരിടുന്ന വിമർശനങ്ങൾ. എന്നാൽ മറ്റു ചിലതു കേൾക്കുമ്പോൾ ഒന്നു ചോദിക്കാതെ വയ്യ‌. ഇത്രയേറെ വിമർശിക്കേണ്ടതുണ്ടോ ഈ ക്യാംപസ് കവിതയെ. ഇത്രയും വലിയൊരു പോസ്റ്റ്മോര്‍ട്ടം അതിനോടു ചെയ്യണോ?

കവി റഫീഖ് അഹമ്മദിനു പറയുവാനുള്ളതും അതാണ്. 

"ഉത്തരക്കടലാസിൽ പരീക്ഷ എഴുതുന്നതു പോലെ കവിതെയഴുതുവാനാകില്ല. സഖാവ് ഉദാത്തമായ കവിതയൊന്നുമല്ല. പക്ഷേ നല്ല കവിതയാണ്. എഴുതി നന്നാക്കാൻ ഇനിയുമുണ്ട്. പക്ഷേ ഇത്രയേറെ ഇഴകീറി മുറിച്ച് ഇങ്ങനെ ഈ കവിതയെ പറയേണ്ടതുണ്ടോ? കവിത ഒരു വികാരത്തെ, ഒരു മാനസികാവസ്ഥയെ വ്യക്തമാക്കുന്നുണ്ട്. ഏത് കവിതയും കേൾക്കുന്ന ആളിന്റെ മാനസിക തലത്തെയും ആസ്വാദന തലത്തേയും ആശ്രയിച്ചിരിക്കും.  ഞാനെഴുതുന്ന എല്ലാ കവിതകളും എല്ലാവർക്കും ഇഷ്ടമാകണമെന്നുണ്ടോ? ഇല്ല ഒരിക്കലുമില്ല. അതൊക്കെ വ്യക്തിപരമായ അഭിരുചികളെ കാവ്യാനുശീലത്തെ‌യും ആശ്രയിച്ചിരിക്കും.

 

പൂശകനാമീ പൂശകൻ ഞാൻ...എന്നു നമ്പ്യാർ പാടിയപ്പോൾ പൂച്ചയ്ക്കു പൂശകൻ എന്നർഥമുണ്ടോ എന്നു ചോദിച്ചവരോട് അതു പൂച്ചയെ കുറിച്ചാണു പാടുന്നതെന്നു മനസിലായില്ലേ. അത്രയേയുള്ളൂ എന്നായിരുന്നു കവിയുടെ പ്രതികരണം. അത്ര തന്നെയേയുള്ളൂ ഇവിടെയും. കൊല്ലപ്പരീക്ഷ എന്നു പറഞ്ഞപ്പോൾ സെമസ്റ്റർ പരീക്ഷയാണെന്നു കേൾക്കുന്നവർക്കു മനസിലായില്ലേ. കവിതയിൽ നിയമങ്ങൾ കൊണ്ടുവരാനാകില്ല. അതൊരു ആശയത്തെയാണ് മുന്നോട്ടുവയ്ക്കുകയാണ്, ആവിഷ്കരിക്കുകയാണ്. അതു മനസിലാകുന്നുണ്ടോ എന്നതാണ് പ്രധാനം. കൊല്ലപ്പരീക്ഷയാണോ, സെമസ്റ്ററിലെ മൂന്നാമത്തെ പരീക്ഷയാണോ എന്നെങ്ങനെ കൃത്യമായി പറയുവാനാകും. അത് ബോറായിപ്പോകില്ലേ?

 

ഇന്നത്തെ തലമുറ വളരെ കാര്യങ്ങളെ ആഴത്തിൽ ചിന്തിച്ചു കാണുന്നില്ല. സമൂഹമാധ്യമങ്ങളുണ്ടാക്കിയ അവസ്ഥയാണ്. പെട്ടെന്നു കുറേ വിഷയങ്ങൾ വരിക പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുക. കടൽത്തിരമാലകളെ പോലെ വന്നും പോയുമിരിക്കുന്ന വിഷയങ്ങൾ. അത് അത്രകണ്ടു കാര്യമാക്കേണ്ടതായി ഞാൻ കരുതുന്നില്ല. പിന്നെ വിമർശനങ്ങൾ നല്ലതാണ്. എഴുത്തുകാർക്കും ചെറിയ പേടിയുണ്ടായിരിക്കുന്നതു നല്ലതാണ്. പക്ഷേ  പേടിച്ചു പിൻമാറുന്നവരല്ല‌ എഴുത്തുകാർ. എഴുത്തിനോട് അർപ്പണബോധമുണ്ടെങ്കിൽ അവർ അത് തുടരുക തന്നെ ചെയ്യും.

 

സഖാവ് എന്ന കവിത കേട്ടിട്ട് എല്ലാവരും വിപ്ലവകാരികളുവാൻ ഇറങ്ങിപ്പുറപ്പെടുമെന്നു ഞാൻ കരുതുന്നില്ല. ഒരുകാലത്തു മുകുന്ദന്റെ കൃതികൾ വായിച്ചാൽ എല്ലാവരും കഞ്ചാവടിക്കുമെന്ന് പറഞ്ഞിരുന്നു. ഒരു കവിതയോ നോവലോ വായിച്ചിട്ട് ഒരാള്‍ വിപ്ലവകാരിയായാൽ അത് അയാളുടെ കുഴപ്പമോ ഗുണമോ ആയിരിക്കാം. 

 

അതികാൽപനികത എന്ന വിഷയം. വൈകാരികതയെ കുറിച്ചോ കാൽപനികതയോ പറയുന്നെങ്കിൽ അത് പൈങ്കിളി എന്നു പറയുന്ന രീതിയാണ് ഇപ്പോഴുള്ളത്. വളരെ ബുദ്ധിപരമായി എഴുതപ്പെടുന്നത് മാത്രമാണ് ഗൗരവതരമായിട്ടുള്ളത്. മനുഷ്യന് ബുദ്ധി മാത്രമല്ല, മനസു കൂടിയുണ്ട്. പൈങ്കിളി എന്നു പറയുന്നതു ആപേക്ഷികമാണ്. ആധുനികമായിട്ടുള്ള പല കവിതകളും ഗദ്യത്തിലുള്ളവയാണ് അതുപോലെ അതികാൽപനികതയുള്ളവയാണ്. പക്ഷേ അതിന്റെ രൂപഘടനകൊണ്ട് ചില പ്രത്യേകതകള്‍ കൊണ്ട് വളരെ ബൗദ്ധികമായി തോന്നിയെന്നു വരാം. എത്രയോ കവിതകളുണ്ട്. കവി ചോദിക്കുന്നു.

 

എന്റെ കലാലയ കാലത്തെ കുറിച്ചോർക്കുമ്പോഴും ഓര്‍മയിലെത്തുന്നതു മരങ്ങളാണ്. ക്ലാസുകളിൽ അധികം കയറിയിട്ടേയില്ല. സാംസ്കാരികപരമായി ഏറെ കാര്യങ്ങൾ നടന്നിരുന്ന എഴുപതുകളുടെ ഒടുക്കമായിരുന്നു എന്റെ കോളെജ് കാലഘട്ടം. സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും കടമ്മനിട്ടയും കലാലയങ്ങളിൽ പാടിക്കേള്‍ക്കുന്ന കാലത്ത്. എന്നെയും അവര്‍ ആകര്‍ഷിച്ചുവെങ്കിലും ഞാൻ പഴയ കവികളെ പഠിക്കുവാനാണ് ശ്രമിച്ചത്. എന്താണു മുന്‍കാല കവിതളെന്നു നോക്കുവാനുള്ള തിരിച്ചറിയപ്പെടാനുള്ള കാലമായിരുന്നു അത്. എന്നെയും എന്റെ എഴുത്തിനെയും ഏറെ സ്വാധീനിച്ച കാലം. റഫീഖ് അഹമ്മദ് പറഞ്ഞു.

മരങ്ങളുടെയും സായന്തനങ്ങളുടെയും പഴമയുടെ കെട്ടിടങ്ങളുടെയും നിഴലുകളുള്ള കലാലയങ്ങൾ, അതു ലോകത്തെവിടെയുള്ളതായാലും കലയുടെയും എഴുത്തിന്റെയും കേന്ദ്രങ്ങളാണ്. യൗവന തീക്ഷ്ണതയുടെ ഇടങ്ങളാണ്. അവിടെ എഴുതപ്പെടുന്നതും പറയുന്നതും ചിന്തിക്കുന്നതും വരച്ചു കൂട്ടുന്നതുമെല്ലാം കൂടിയാണു നാളെകളെ തീരുമാനിക്കുന്നതും. ക്രിയാത്മകതയുടെ തുറന്നെഴുത്തിന്റെ കലാലയങ്ങൾ തന്നെയാണ് എല്ലാ തലത്തിലും ലോകത്തിന്റെ കുതിപ്പിനു നിർണായകമായത്. അപ്പോൾ അവിടെ നിന്നു പിറവി കൊള്ളുന്നത് അതെന്തായാലും, ഒരു സാമാന്യം മികവുള്ളതാണെങ്കിൽ നമ്മളതിനെ മനസുതുറന്ന് അംഗീകരിക്കുകയും മടുപ്പിക്കാത്ത വാക്കുകളിലൂടെ തിരുത്തുകയും പ്രോത്സാഹിപ്പിക്കുകയുമല്ലേ വേണ്ടത്.

Your Rating: