Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാകേന്ദുവിന് നാളെ തുടക്കം

Rakendu Logo Col IMG

നിലാവു പോലുള്ള പാട്ടുകളും ഈണങ്ങളുടെ ലോകവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും പാട്ടിന്റെ ചരിത്രം പറയുന്ന ചിത്ര പ്രദർശനവുമൊക്കെയായി വീണ്ടും രാകേന്ദു സംഗീത സാഹിത്യോത്സവം. കോട്ടയത്ത് നടക്കുന്ന പ്രധാന സാംസ്കാരിക പരിപാടികളിലൊന്നാണിത്. ഈ വരുന്ന വ്യാഴാഴ്ച മുതൽ ഞാറാഴ്ച വരെയാണ് ഈ വർഷത്തെ രാകേന്ദു അരങ്ങേറുക.

നിലാവിൻ ചന്തമുള്ള പാട്ടുകളും പരിപാടികളുമാണ് ഇത്തവണത്തെ രാകേന്ദുവിൽ എന്നു തന്നെ പറയാം. നിലാവിനോടു ബന്ധപ്പെട്ട പേരുകളാണ് ഓരോ ദിവസവും നടക്കുന്ന സംഗീത പരിപാടികൾക്കു നൽ‌കിയിരിക്കുന്നത്. കവി ഒഎൻവി കുറപ്പിന് അദരമർപ്പിച്ചു കൊണ്ടുള്ള നിറനിലാവ്, കാവാലം നാരാണയണപ്പണിക്കരുടെ ഓർമകളിൽ നിന്നു കൊണ്ട് നാട്ടുനിലാവ്, മലയാള ചലച്ചിത്രത്തിലെ പ്രണയഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് പ്രണയനിലാവ്, ഹിന്ദി ചലച്ചിത്രത്തിലെ മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ചൗദവി ക ചാന്ദ് എന്നിവയാണ് പ്രധാന സംഗീത പരിപാടികൾ. വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.30ന് പരിപാടികൾ ആരംഭിക്കും. 

വൈക്കം വിജയലക്ഷ്മി, കല്ലറ ഗോപൻ, വിധു പ്രതാപ്,  ഒഎൻവിയുടെ കൊച്ചുമകളായ അപർണ രാജീവ്, പിന്നണി ഗായകൻ ഉദയ് രാമചന്ദ്രൻ, സംഗീത രംഗത്ത് നിരവധി വർഷങ്ങളായുള്ള സുമേഷ് കൃഷ്ണ, ലീലാ ജോസഫ്, സരിത രാജീവ്, വിജേഷ് ഗോപാൽ, സംഗീത്, രോഷ്നി മേനോൻ, കലാഭവൻ സാബു, ജ്യോതി മേനോൻ, കൊച്ചിൻ ആസാദ്,സലിൽ ശ്യാം, ഏക്താ ഷാ തുടങ്ങിയവരാണ് ഗായകർ.

സംഗീത പരിപാടികൾക്കു മുൻപ് പ്രമുഖർ അവതരിപ്പിക്കുന്ന പ്രഭാഷണവുമുണ്ടാകും. സംഗീത-സാഹിത്യ മേഖലകളിലെ ഇന്നലെകളേയും ഇന്നിനേയും നാളെയേയും അവലോകനം ചെയ്യുന്ന ലളിതമായ സംഭാഷണങ്ങളായിരിക്കും അവ. ആലങ്കോട് ലീലാകൃഷ്ണൻ, ഡോ ബി വി ശശികുമാർ, ജമാൽ കൊച്ചങ്ങാടി എന്നിവരായിരിക്കും പ്രഭാഷണങ്ങളുമായി എത്തുക. കാവാലം വായ്ത്താരികളുമായി നാടക സംവിധായകൻ ചന്ദ്രദാസനും സോപാനം ശിവകുമാറും എത്തും. 

ഇത്തവണത്തെ രാകേന്ദു പുരസ്കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കാണ്. പുരസ്കാരം ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമ്മാനിക്കും. സാഹിത്യ-സംഗീതോത്സവത്തിന്റെ ഭാഗമായി സഘടിപ്പിക്കുന്ന ചിത്രപ്രദർശനം ഇന്നലെ ആരംഭിച്ചിട്ടുണ്ട്. വിഗത കുമാരൻ മുതൽ മലയാള ചലച്ചിത്ര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ, അവാർഡുകൾ, ചലച്ചിത്ര പ്രതിഭകളുടെ വിവരങ്ങൾ ഇവ ചിത്രീകരിക്കുന്ന “ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട മലയാളസിനിമ” എന്നതാണ് പ്രദർശനത്തിലെ മുഖ്യഇനം. ചിത്രകാരന്മാരുടെ ചതുരാത്മാ ഗ്രൂപ്പ് ഒരുക്കുന്ന ഓ എൻ വി ചിത്രങ്ങൾ, ഷാജി വാസൻ ഒരുക്കുന്ന കാവാലം കാരിക്കേച്ചർ ഷോ , സംഗീത സംബന്ധിയായ സ്റ്റാമ്പുകൾ, പുസ്തകങ്ങൾ ഇവയും  രാകേന്ദു സംഗീത കാഴ്ചകൾ പ്രദർശനത്തിൽ ഉണ്ടാകും. പ്രദർശനം 12 വ്യാഴം മുതൽ 15 ഞായർ വരെ രാകേന്ദു സംഗീതോത്സവത്തോടൊപ്പം വൈകുന്നേരം 4.30 മുതൽ ഉണ്ടായിരിക്കും. 

സി.കെ ജീവൻ സ്മാരക ട്രസ്റ്റിനൊപ്പം കേരള ചലച്ചിത്ര അക്കാദമി, കേരള സാഹിത്യ അക്കാദമി, ബസേലിയസ് കോളജ്, എം ടി സെമിനാരി ഹയർ സെക്കൻഡ‍റി സ്കൂൾ എന്നിവർ ചേർന്നാണ് രാകേന്ദു സംഗീത സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കോട്ടയത്തെ കുടുംബ പ്രേക്ഷകരുടെ വലിയ പങ്കാളിത്തമാണ് പോയവർഷങ്ങളിൽ രാകേന്ദുവിന് ലഭിച്ചത്. സംഗീത പരിപാടികളിൽ കൊണ്ടുവന്ന വൈവിധ്യം കൂടുതൽ ആളുകളിലേക്കു പരിപാടി എത്തിക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

Your Rating: