Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ക്രിസ്മസിന് കുറച്ചേറെ തിളക്കം

ranjini-jose-784x410

പാട്ടുകാര്‍ക്ക് ഒരു നൂറു വേദികളിലേക്കു ക്ഷണമെത്തുന്ന കാലമാണ് ക്രിസ്മസ്്. തിരക്കിന്റെ നാളുകള്‍. പുതുവത്സരത്തെ വരവേറ്റു കഴിയുമ്പോഴാകും ഒന്നു ഫ്രീ ആകുക. പക്ഷേ രഞ്ജിനി ജോസ് കുറച്ചു വര്‍ഷമായി ആ തിരക്കുകളില്‍ നിന്നൊക്കെ മാറി നില്‍ക്കുകയാണ്. ക്രിസ്മസ് കാലമെന്നാല്‍ വീട്ടില്‍ മമ്മിയോടും അമ്മച്ചിയോടുമൊപ്പം നല്ല ഫുഡ് ഒക്കെ കഴിച്ച് ഇടയ്ക്കിടെ വെറുതെ പാട്ടു മൂളിയും ഇരിയ്ക്കാനുള്ള ദിനമാണ്. കുറച്ചു വര്‍ഷമായി ഈ ദിനത്തില്‍ പ്രോഗ്രാമുകളൊന്നും ഏറ്റെടുക്കാത്തതും അതുകൊണ്ടു തന്നെ...

പിന്നീട് നമുക്ക് തോന്നരുതല്ലോ... അയ്യോ നമ്മള്‍ അതൊക്കെ മിസ് ചെയ്തല്ലോ അല്ലെങ്കില്‍ അമ്മയ്ക്കും അമ്മച്ചിയ്ക്കുമൊക്കെ അങ്ങനെയുള്ള സന്തോഷ ദിനങ്ങളൊന്നും കൊടുക്കാനായില്ലല്ലോ എന്ന്. അതുകൊണ്ടാണ് കുറേ വര്‍ഷമായി പ്രോഗ്രാമുകളൊന്നും ഏറ്റെടുക്കാറില്ല... ഈ ദിനം ഇങ്ങനെ ഇവര്‍ക്കൊപ്പമാണ് എനിക്കിഷ്ടം... രഞ്ജിനി പറയുന്നു.

ചെന്നൈയിലായിരുന്നു രഞ്ജിനിയുടെ കുട്ടിക്കാലം. പിന്നെയായിരുന്നു പാട്ടിനൊപ്പം കേരളത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ക്രിസ്മസ് ആഘോഷങ്ങളുടെ പലതലങ്ങളും രസക്കൂട്ടുകളും രഞ്ജിനിയ്ക്ക് അറിയുവാനായി. ഓരോ ക്രിസ്മസിനും ഓരോ പ്രത്യേകതകള്‍– രഞ്ജിനി പറയുന്നു.

വീട്ടിലൊക്കെയാണെങ്കിലും പാചകത്തോടു രഞ്ജിനിയ്ക്കു വലിയ ഹരമൊന്നുമില്ല. അമ്മച്ചിയും അമ്മയും നല്ല പാചകക്കാര്‍. അവര്‍ക്കിടയിലേക്കു എന്തിനാണ് ചെല്ലുന്നതെന്നാണ് രഞ്ജിനിയുടെ ചോദ്യം. വേറെ നിവൃത്തിയൊന്നുമില്ലെങ്കില്‍ മാത്രമേ അടുക്കളയിലേക്കു കയറാറുള്ളൂ. രഞ്ജിനി പറയുന്നു. ഇത്തവണത്തെ ക്രിസ്മസിന് അമ്മച്ചിയും അമ്മയും വച്ചു നല്‍കിയ പലഹാരങ്ങളൊക്കെ രുചിച്ചിരിക്കുമ്പോള്‍ രഞ്ജിനിയ്ക്ക് സന്തോഷകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. തന്‌റെ ആദ്യ സ്വതന്ത്ര മ്യൂസിക് ആല്‍ബം, അനല്‍ ഹഖ് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ ക്രിസ്മസ് ആണിത്. ഏറെ ആഗ്രഹിച്ചു ചെയ്ത സംഗീത ആവിഷ്‌കാരത്തിന് നല്ല പ്രതികരണം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ ക്രിസ്മസ് ആഘോഷങ്ങള്‍.

മധുരതരമാണ് സ്വരം. രഞ്ജിനിയെ മലയാളത്തിന്റെ പ്രേക്ഷകര്‍ പരിചയപ്പെട്ട അന്നുമുതല്‍ക്കേ കൊതിപ്പിക്കുന്ന ശബ്ദമാധുരിയും ആലാപന ശൈലിയുമുള്ള ഗായിക. മലയാളത്തില്‍ സജീവമാകുമ്പോഴും എ.ആര്‍. റഹ്മാനും ഇളയരാജയും അടക്കമുള്ള പ്രതിഭാധനരുടെ ഗാനം ആലപിക്കാനുള്ള ഭാഗ്യമുണ്ടായി രഞ്ജിനിയ്ക്ക്. മലയാളം പക്ഷേ രഞ്ജിനിയുടെ സ്വരത്തെ അത്രയേറെ ഉപയോഗപ്പെടുത്തിയോ എന്നതു സംശയമാണ്. മലയാളത്തില്‍ ഇടയ്ക്ക് ഇടവേള വന്നില്ലേ എന്നു ചോദിക്കുന്നവര്‍ക്കു പാടിക്കൊടുക്കാന്‍, പറഞ്ഞുകൊടുക്കാന്‍ അടുത്തിടെയിറങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ആലപിച്ച പാട്ടുകളുണ്ട് രഞ്ജിനിയ്ക്ക്.
സിനിമകള്‍ ചിലത് ശ്രദ്ധിക്കപ്പെടാതെ പോയതുമൂലം ചില നല്ല പാട്ടുകള്‍ക്ക് അര്‍ഹിക്കുന്ന പ്രേക്ഷക ശ്രദ്ധയും നേടാനായില്ല. പക്ഷേ അക്കാര്യത്തിലൊന്നും രഞ്ജിനിയക്കു പരിഭവമില്ല. അവസരങ്ങള്‍ എന്നായാലും തേടി വരും. പാട്ടിനായി നന്നായി അധ്വാനിക്കുന്നൊരളാണ്. കഠിനാധ്വാനം നടത്താറുണ്ട്. അതിനു ഇടയ്ക്കിടെ ദൈവം തരുന്ന ഭാഗ്യമാണ് ഏ ആര്‍ റഹ്മാന്‌റെയും ഇളയരാജയുടെയുമൊക്കെ പാട്ടുകള്‍ എന്നാണ് രഞ്ജിനി പറയുന്നത്. സിനിമയ്‌ക്കൊപ്പം എണ്ണിയാലൊടുങ്ങാത്ത ആല്‍ബങ്ങളിലും പാടി. രഞ്ജിനിയക്കു തന്നെ നല്ല തിട്ടമില്ല അതിനെ കുറിച്ച്.

നല്ലൊരു പാട്ടുകാരി എന്നതുപോലെ നല്ലൊരു ആസ്വാദക കൂടിയാണ്. കയ്യില്‍ വൈവിധ്യങ്ങളുടെ ഒരു വലിയ പാട്ടു ശേഖരം തന്നെയുണ്ട്. അതിങ്ങനെ രഞ്ജിനിയ്‌ക്കൊപ്പം മൂളിനടക്കാറുണ്ട് എപ്പോഴും. അതുകൊണ്ടു തന്നെ സിനിമയിലെ അവസരങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അലട്ടാറില്ല ഗായികയെ. സമാന്തര സംഗീതത്തിലേക്കു കുറേ കൂടി വ്യാപരിക്കണമെന്നാണ് ആഗ്രഹം. ഈ ക്രിസ്മസിന് നക്ഷത്രത്തിളക്കം നല്‍കിയ അനല്‍ ഹഖ് പോലെ ഇനിയും ഒരു നൂറ് പാട്ടീണങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാണ് രഞ്ജിനി കൊതിക്കുന്നത്....