Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പു നാടകളഴിച്ച് രവീന്ദ്രസ്മാരകം ഉയരണം

raveendran-master

നിലയ്ക്കാത്ത ഈണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് രവീന്ദ്രൻ മാസ്റ്റർ കടന്നുപോയിട്ട് പതിനൊന്നു വർഷം കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിനായുള്ള സ്മാരകം ഇപ്പോഴും പാതിവഴിയിൽ മുടങ്ങി പോയ ഗാനം പോലെ കിടക്കുകയാണ്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്‌ രാഗസരോവരം എന്ന പേരില്‍ 2009 ജനുവരി 31നാണു സ്‌മാരക മന്ദിരനിര്‍മാണം തുടങ്ങിയത്‌. എന്നാല്‍ നിര്‍മാണത്തിലും നടത്തിപ്പിലും അഴിമതി ആരോപണം ഉയർന്നതോടെ പിന്നീട് വന്ന പഞ്ചായത്ത്‌ ഭരണസമിതി ഇത് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമെത്താതെ നിലനിൽക്കുന്ന സ്ഥിതി മാറണമെന്നും സ്‌മാരകമന്ദിരം ഉടൻതന്നെ ഉയരണമെന്നും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഉത്തരവിട്ടിരിക്കുകയാണ്. പുനലൂർ ജി. വൈശാഖാണ് രവീന്ദ്രന്റെ സ്മാരകം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അവഗണമൂലം പണി പൂർത്തിയാകാതെ 2009 മുതൽ അവഗണിക്കപ്പെട്ടു കിടക്കുന്നതായി കാണിട്ട് കമ്മീഷനിൽ ഹർജി തന്നത്.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരം 2009-2010 സാമ്പത്തിക വർഷത്തിൽ 55 ലക്ഷം രൂപ വകയിരുത്തി പണികളുടെ ആദ്യഗഡുവായ 18 ലക്ഷം രൂപ സാംസ്കാരിക വകുപ്പിൽ നിന്നും 3 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും നൽകിയതാണ്. ശിൽപിയായ രാജീവ് അഞ്ചലിെനയാണ് സ്മാരക നിർമ്മിതി ഏൽപ്പിച്ചത്. പലപ്പോഴായി പുതുക്കിയ എസ്റ്റിമേറ്റുകൾ തയാറാക്കി സർക്കാരിനെ സമീപിച്ച പ‍ഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായുള്ള സ്മാരക നിർമ്മിതി ചുമതലയുള്ളവരുടെ കൃത്യവിലോപത്താൽ പണി എങ്ങുമെത്താതെ ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് ആരോപണം.

നീണ്ട 7 വർഷക്കാലം രവീന്ദ്രനെപ്പോലെ മഹാനായ കലാകാരനോട് കാണിക്കുന്ന അവഗണനയാണ് ഈ പദ്ധതിയുടെ പിന്നിലെന്ന് കമ്മീഷൻ വിലയിരുത്തി. മലയാളത്തിന് അതുല്യമായ സംഭാവനയാണ് ഈ കലാകാരൻ നൽകിയത്. കലകൾക്ക് പിന്നോക്ക മുന്നോക്ക വിഭാഗങ്ങളില്ല. രവീന്ദ്രൻ മാഷുമായി ബന്ധപ്പെട്ട് എന്തുതരം സ്മാരകമാണ് പണിയുന്നതെന്നുപോലും കമ്മീഷനെ ധരിപ്പിക്കാൻ എതിർകക്ഷികൾക്ക് കഴിഞ്ഞിട്ടില്ല. ആറ് മാസത്തിനുള്ളിൽ ചുവപ്പു നാടകളുടെ കെട്ടഴിച്ച് രവീന്ദ്രസമാരകം പൂർത്തിയാക്കുന്നതിന് കമ്മീഷൻ ഉത്തരവിട്ടു. 

Your Rating: