Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഫീ ഷോപ്പിൽ തുടങ്ങിയ ബാൻഡ്

on-the-rock

ഓൺ ദി റോക്സ് " എന്ന് കേട്ടാൽ, ആദ്യം മനസ്സിലേയ്ക്ക് ഓടിയെത്തുക ഒരു പെഗും ഗ്ലാസുമായിരിക്കും. പക്ഷേ,  പറഞ്ഞു വരുന്നത്  അതിനെക്കുറിച്ചല്ല . മാസ്മരിക സംഗീതത്തിലൂടെ ദുബായിൽ പാട്ടിന്റെ  കുളിർമഴ പെയ്യിക്കുന്ന ഓൺ ദി റോക്സ് എന്ന ബാൻഡിനെക്കുറിച്ചാണ്. മഴവിൽ മനോരമയിലെ കുക്കിങ് റിയാലിറ്റി ഷോയായ ദേ ഷെഫിലൂടെയാണ് ഓൺ ദി റോക്സ്  പ്രേക്ഷകർക്ക് സുപരിചിതമായത് . ബാൻഡിനെക്കുറിച്ചും ഒപ്പം ദേ ഷെഫിൽ വന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങൾ ബാൻഡിലെ അംഗമായ സൂരജ് നമ്മളോട് പങ്കുവയ്ക്കുന്നു.     

എങ്ങനെയാണ് ഓൺ ദി റോക്സ് എന്ന ബാൻഡിന്റെ തുടക്കം ?

ആദ്യം ഞാനും എന്റെ സുഹൃത്തുക്കളും ഒരു കോഫി ഷോപ്പിൽ ഒത്തുകൂടാറുണ്ടായിരുന്നു. ആ കോഫി ഷോപ്പിൽ വച്ചാണ് ഞങ്ങളുടെ ബാൻഡിന് തുടക്കം കുറിച്ചത്. ആദ്യ നാളുകളിൽ വെറും ഒരു ജാമ്മിംഗ് സെഷൻ മാത്രമേ ഉണ്ടായിന്നുള്ളു. പിന്നീടാണ് കൂടുതൽ അംഗങ്ങൾ ഇതിലേയ്ക്കു വന്നുചേർന്നതും ബാൻഡായി മാറിയതും.     

ഓൺ ദി റോക്സ് എന്ന പേര് തിരഞ്ഞെടുക്കാനുള്ള  കാരണം എന്താണ് ?

"ഓൺ ദി റോക്സ്" എന്നാൽ ഐസ് ക്യൂബ്സ് മാത്രം ഇട്ട് മദ്യം വെള്ളം ചേർക്കാതെ വിളമ്പുക എന്നാണല്ല ? മദ്യം വെള്ളം ചേർക്കാതെ വിളമ്പുന്നത് പോലെ തന്നെ, ഞങ്ങളുടെ പാട്ടുകളും ഇലക്ട്രോണിക് ഐറ്റംസ് ഉപയോഗിക്കാതെ ആളുകൾക്ക് മുൻപിൽ പച്ചയ്ക്ക് വിളമ്പാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. അകൗസ്റ്റിക് ഗിത്താറും കഹൂണും ഷേക്കറും മാത്രമാണ് ഞങ്ങൾ പതിവായി ഉപയോഗിക്കുന്നത്. കൂടാതെ, കേട്ടാൽ ആകർഷണം തോന്നുന്ന ഒരു പേര് കൂടി ആയിരിക്കണം എന്ന നിർബന്ധവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് അവസാനമായി ഓൺ ദി റോക്സ് എന്ന പേരിലേയ്ക്ക് എത്തിച്ചേർന്നത്.

സെലിബ്രിറ്റി  ജാമ്മിംഗ് ഉണ്ടാകാറുണ്ടോ ?

തീർച്ചയായും. മാസത്തിൽ ഒരു തവണയെങ്കിലും സെലിബ്രിറ്റി ജാമ്മിംഗ് ഉണ്ടാകാറുണ്ട്. സിനിമാ ലോകത്ത് നിന്നും ഗോപിസുന്ദർ, ശ്രീനാഥ് ഭാസി, തുടങ്ങി മറ്റ് ചില സെലിബ്രിറ്റികളുമായി ഞങ്ങൾക്ക് നല്ല അടുപ്പമുണ്ട്. അവരിൽ പലരും ദുബായിൽ വരുമ്പോൾ ചില ഓപ്പൺ ജാമ്മിംഗ് സെഷൻസിനായി ഞങ്ങളെ ക്ഷണിക്കാറുണ്ട്

ദേ ഷെഫ് എന്ന ഷോയുടെ ഭാഗമാകാൻ സാധിച്ചതിൽ എന്ത് തോന്നുന്നു ?

ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെ ആയിരുന്നു. ഇങ്ങനെ ഒരു പ്ലാറ്റഫോം ഞങ്ങൾക്ക് ലഭിക്കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ ഒരു വിഡിയോ കണ്ടിട്ടാണ് ഞങ്ങളെ ദേ ഷെഫിലേയ്ക്ക് ക്ഷണിച്ചത്. ആ ഷോയിലേയ്ക്ക് ക്ഷണിച്ച സന്തോഷത്തിന്റെ ഭാഗമായി,  ഓൺ ദി റോക്സ് കമ്മ്യൂണിറ്റിയുടെ വക ഒരു ഉപഹാരവും ഞങ്ങൾ നൽകിയിരുന്നു..

എന്താണ് ഈ വർഷത്തെ പുതിയ പദ്ധതികൾ?

ഞങ്ങൾക്ക് രണ്ട് മൂന്ന് ട്രാക്സ് ഉണ്ട്. അതിൽ ഒന്നാണ് ഞങ്ങൾ മഴവിൽ മനോരമയിലെ ദേ ഷെഫ് എന്ന ഷോയിൽ വന്നപ്പോൾ പെർഫോം ചെയ്തത്. ഞങ്ങളുടെ നാല് ഓൺ കോമ്പോസ്‌ കൂട്ടിച്ചേർത്ത് ഈ വർഷം ഒരു ആൽബം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.

Your Rating: