Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹമുള്ള മകളുടെയും ഏറെ കരുതലുള്ള സുഹൃത്തിന്റെയും ഓർമയ്ക്ക്...

SHAN-IN-THIRSSUR

ചെന്നൈ ∙ ചേതനയറ്റ ആ മുഖം കാണുന്നതു വരെ കേട്ടതൊന്നും സത്യമാകരുതേ എന്നു വെറുതെയെങ്കിലും സുഹൃത്തുക്കൾ ‌പ്രാർഥിച്ചു. കാരണം, പ്രസരിപ്പാർന്ന ചിരിയായി ഷാൻ അവരുടെയെല്ലാം മനസ്സിൽ എപ്പോഴുമുണ്ട്. നിറഞ്ഞ ചിരിയോടെയല്ലാതെ അവർക്കാർക്കും ഷാനിനെ ഓർമിക്കാനാകുമായിരുന്നില്ല. ഇങ്ങനെയൊരു വിടപറയൽ ആരും കരുതിയതേയില്ല.

സംഗീത മേഖലയിലെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും രാവിലെ തന്നെ റോയപ്പേട്ട സർക്കാർ ആശുപത്രിയിലെത്തിയിരുന്നു. മോർച്ചറിക്കു മുന്നിൽ കാത്തുനിന്നവർ കരച്ചിലടക്കാൻ പാടുപെട്ടു. സംഗീതലോകത്ത് എന്നെങ്കിലും തന്റെ പേര് രേഖപ്പെടുത്തുമെന്നു ഷാൻ ഉറച്ചു വിശ്വസിച്ചിരുന്നു. അതിനു വേണ്ടി കഠിനമായി ശ്രമിക്കുകയും ചെയ്തു. ഒപ്പം, കൂട്ടുകാരുടെ വിഷമത്തിലും സന്തോഷത്തിലുമെല്ലാം കൂടെ ചേർന്നു.

ചെന്നൈയായിരുന്നു ഷാനിന്റെ പ്രിയ നഗരം. സംഗീത സംവിധാനം, ആലാപനം, ഗാനരചന തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന ഷാനിന്റെ ഫെയ്സ്ബുക്ക് സുഹൃത്തുക്കൾക്കും വിയോഗവാർത്ത അവിശ്വസനീയമായി. ‘വേട്ട’ എന്ന പുതിയ സിനിമയിലെ ഗാനത്തിനായി ഹിന്ദി വരികൾ എഴുതിയതിനെക്കുറിച്ചായിരുന്നു അവസാന ഫെയ്സ്ബുക്ക് പോസ്റ്റ്.

പോസ്റ്റ്മോർട്ടത്തിനു ശേഷം പന്ത്രണ്ടരയോടെയാണു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മൃതദേഹം കാണാൻ അവസരം ലഭിച്ചത്. മോർച്ചറിക്കുള്ളിലെത്തി മൃതദേഹം കണ്ടു പുറത്തേക്കിറങ്ങുമ്പോൾ അമ്മ റാണിക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം കണ്ടു നിന്നവരുടെ കണ്ണിലേക്കും പടർന്നു കണ്ണീരിന്റെ നനവ്. ആശ്വാസ വാക്കുകൾക്ക് അർഥമില്ലാതെ പോയ നിമിഷങ്ങൾ.

ഷാനിന്റെ മൃതദേഹവും വഹിച്ചു നാട്ടിലേക്കു പുറപ്പെട്ട ആംബുലൻസിനു മുകളിൽ പതിച്ച കടലാസിൽ സുഹൃത്തുക്കൾ ഇങ്ങനെ കുറിച്ചിരുന്നു: ‘സ്നേഹമുള്ള മകളുടെയും ഏറെ കരുതലുള്ള സുഹൃത്തിന്റെയും ഓർമയ്ക്ക്; നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും’.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.