Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേട്ടയിലെ ത്രില്ലർ പാട്ടുകളെത്തി , വേട്ടയാടുമെന്നുറപ്പ്!

manju-indrajith-in-vettah

സൈക്കോളജിക്കൽ‌ ത്രില്ലറുമായെത്തുന്ന വേട്ടയിലെ ത്രില്ലർ പാട്ടുകൾ പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടുകള്‍ വേട്ടയാടുമെന്നുറപ്പ്. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹരിനാരായണനും മനു മഞ്ജിത്തും ആണ് വരികൾ. കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shan-rahman ഷാൻ റഹ്മാൻ

ഗാനങ്ങൾക്കല്ല, പശ്ചാത്തല സംഗീതത്തിനാണ് ചിത്രത്തിൽ പ്രാധാന്യമെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ മനോരമ ഓൺലൈനോട് പറഞ്ഞു. സൈക്കോളജിക്കൽ ത്രില്ലറിന്റെ നിഗൂഢത നിലനിർത്തുന്ന പശ്ചാത്തല സംഗീതമാണ് നിറഞ്ഞു നിൽക്കുന്നത്. ത്രില്ലറിന്റെയും കുടുംബ പശ്ചാത്തലത്തിന്റെയും സ്പന്ദനങ്ങൾ കൂടിക്കലർന്ന സംഗീതം. തിരയെന്ന ചിത്രത്തിലും ഇതുപോലെ പശ്ചാത്തല സംഗീതമൊരുക്കിയിരുന്നു. അതൊരു ത്രില്ലർ ചിത്രമായിരുന്നു. പക്ഷേ ഇതൊരു സൈക്കോളജിക്കൽ ത്രില്ലറാണ്. കഥാപാത്രത്തിന്റെ മനസിനുള്ളിലെ കാര്യങ്ങൾ സംഗീത ഭാഷയിലൂടെ വിവരിക്കുക അത്ര എളുപ്പമല്ല. ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവം വേട്ടയിലേതു തന്നെ. അന്വേഷണാത്മക ചിത്രത്തിന്റെ ഗൗരവ സ്വഭാവം കളയാതെ സംഗീതമൊരുക്കാനായി എന്ന ആശ്വാസത്തിലാണിപ്പോൾ. ചിത്രത്തിൽ രണ്ട് പാട്ടുകളേയുള്ളു. ഈ കോടമഞ്ഞിൽ എന്നു തുടങ്ങുന്ന റോക്ക് സോങും, ഈ രാവ് മായൂമീ എന്നു തുടങ്ങുന്ന ഒരു റൊമാൻറിക് സോങും.

ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ രാജേഷ് പിള്ളയെന്ന സംവിധായകന്റെ പങ്കും എടുത്ത് പറയണം. അത്രത്തോളം ഇൻഡവോൾവ്ഡ് ആയ സംവിധായകനാണ് അദ്ദേഹം. കഥയുടെ ഓരോ തലങ്ങളും നമുക്ക് പറഞ്ഞു തരും. ഞാൻ വേട്ട ആറോ ഏഴോ പ്രാവശ്യം കണ്ടു കഴിഞ്ഞു. കഥയെ അത്രത്തോളം ഉൾക്കൊണ്ടാണ് പശ്ചാത്തല സംഗീതം തീർത്തത്. ഏത് സംഗീതം എവിടെ ശരിയാകും എന്നൊരുപാടു വട്ടം ആലോചിച്ചാണ് പാട്ടുകളൊരുക്കിയത്. നൂറു ശതമാനവും അർപ്പിച്ച്. ഇനി ജേക്കബിന്റെ സ്വർഗരാജ്യത്തിലാണ് പശ്ചാത്തല സംഗീതം ചെയ്യാനുള്ളത്. ഷാൻ റഹ്മാൻ പറഞ്ഞു.

manju-in-vettah

അരുൺലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രമാണിത്. മൂന്ന് ആളുകളുടെ ജീവിതത്തിലെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ മൈൻഡ് ഗെയിം മൂവി ആയിരിക്കുമെന്ന് സംവിധായകൻ രാജേഷ് പിള്ള മനോരമ ഓൺലൈനോട് പറഞ്ഞിരുന്നു. റെഡ്‌റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദും രാജേഷ് പിള്ള ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് പിള്ളയുടെ ആദ്യത്തെ നിർമാണ സംരഭം കൂടിയാണിത്. അനീഷ് ലാൽ ആണ് ഛായാഗ്രഹണം.