Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എസ്. ചിത്ര എന്റെ പ്രചോദനം, ഈ ആശംസ അംഗീകാരം: ശ്രേയ ഘോഷാൽ

shreya-ghoshal-k-s-chithra

കെ.എസ്. ചിത്രയെന്ന ഗായികയോട് വളരെ അടുത്ത ഒരാള്‍ എന്ന പോലുള്ള സ്നേഹമാണ് മലയാളത്തിന്. നാലു ദശാബ്ദക്കാലമായി മലയാളത്തെയും തെന്നിന്ത്യയും സ്വരമാധുരികൊണ്ട് അതിശയിപ്പിക്കുന്ന ഗായിക. ബോളിവുഡിന്റെ  ശ്രേയ ഘോഷാൽ അടക്കം മറുനാട്ടിൽ നിന്ന് പല ഗായികമാർ വന്നപ്പോഴും ചിത്രയോടു മലയാളിയ്ക്കൊരു പ്രത്യേക സ്നേഹമായിരുന്നു. എന്നാൽ പലവട്ടം ശ്രേയ ഘോഷാലിനേയും കെ.എസ് ചിത്രയേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകളും പൊന്തിവന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ശ്രേയ ഘോഷാലിന്റെ പിറന്നാൾ ദിനത്തില്‍ ചിത്ര ആശംസ നേർന്നപ്പോൾ ശ്രേയ നൽകിയ മറുപടി അത്തരം ആരോപണങ്ങളെല്ലാം അനാവശ്യമാണെന്നു പറയുന്നു. 

 "ശ്രേയയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകള്‍. അതിമനോഹരമായ ആലാപന ശൈലിയിലൂടെ എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമായി. സന്തോഷവും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നൽകി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. സംഗീത ജീവിതം ഒരിക്കലം അവസാനിക്കാത്തതുമാകട്ടെ. എന്നായിരുന്നു ചിത്രയുടെ ട്വീറ്റ്".  അതിനു മറുപടിയായി ശ്രേയ ഘോഷാല്‍ പറഞ്ഞ ഉത്തരം പാട്ടു പോലെ മനോഹരമായിരുന്നു.

"എത്ര വലിയ അംഗീകാരമാണിത്. കെ.എസ്.ചിത്ര എന്നെന്നും എനിക്കു പ്രചോദനമാണ്. ഈ വാക്കുകളും അനുഗ്രഹവും മറ്റെന്തിനേക്കാളും വിലമതിക്കുന്നു. നന്ദി. " ഇങ്ങനെയായിരുന്നു ശ്രേയയുടെ മറുപടി. ശ്രേയ ഘോഷാലിനെയും കെ.എസ്. ചിത്രയേയും താരതമ്യപ്പെടുത്തി സംസാരിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ട്വീറ്റും റീട്വീറ്റും. താരതമ്യങ്ങൾക്കും അപ്പുറമാണ് ഇരുവർക്കുമിടയിലെ സ്നേഹമെന്നും.

സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണനാണു കെ.എസ്. ചിത്രയെ സംഗീത രംഗത്തേയ്ക്കു കൈപിടിക്കുന്നത്. കുമ്മാട്ടി എന്ന ചിത്രത്തിലെ മുത്തശ്ശിക്കഥയിലെ എന്നു തുടങ്ങുന്ന പാട്ടിലായിരുന്നു ചിത്രയുടെ സ്വരം ആദ്യമായി കേട്ടത്. ആലാപനത്തിലെ സ്വരഭംഗിയും ഭാവസാന്ദ്രതയും കെ.എസ്. ചിത്രയുടെ ജൈത്രയാത്രയ്ക്കു കുതിപ്പേകി.  തമിഴിലെയും മലയാളത്തിലേയും പ്രഗത്ഭരായ സംഗീത സംവിധാന നിരയുടെ പ്രിയ ഗായികയായി മാറിയതും പെട്ടെന്നായിരുന്നു. പത്മശ്രീയും ആറു പ്രാവശ്യം ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ഗായികയാണവർ. സംസ്ഥാന സർക്കാർ പതിനാറു പ്രാവശ്യവും പുരസ്കാരം നൽകി ആദരിച്ചു. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ സർക്കാരുകളുടെ പുരസ്കാരം നിരവധി പ്രാവശ്യവും കെ.എസ്.ചിത്രയെ തേടിയെത്തി. 25000ൽ അധികം ചലച്ചിത്ര-ആൽബം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്.

കെ.എസ്.ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗാനം. ഇളയരാജ ഈണമിട്ട പാട്ട് സിന്ധുഭൈരവി എന്ന ചിത്രത്തിലേതാണ്.

ഒരു റിയാലിറ്റി ഷോയില്‍ പാടുന്നത് കണ്ടാണ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി തന്റെ അടുത്ത ചിത്രത്തിലേക്ക് പാട്ടു പാടാൻ ശ്രേയ ഘോഷാലിനെ ക്ഷണിക്കുന്നത്.  ദേവദാസായിരുന്നു ചിത്രം. പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിക്ക് അഞ്ച് ഗാനങ്ങളാണ് ആ ചിത്രത്തില്‍ ആലപിക്കാനായത്. നുസ്രത് ബാദർ എഴുതിയ വരികൾക്ക് ഇസ്മയിൽ ദർബാർ ഈണമിട്ട ബേരി പിയാ...എന്ന ഗാനത്തിലെ ആലാപനത്തിന് ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി ശ്രേയ. പിന്നീട് ബോളിവുഡിൽ ശ്രേയ ഘോഷാൽ ഗാനങ്ങളുടെ വലിയ നിരയായിരുന്നു. നാലു പ്രാവശ്യം ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ആലാപന ഭംഗിയും ഉച്ഛാരണ ശുദ്ധിയും കൊണ്ട് മറ്റു ഭാഷകളിലെ പാട്ടുകളിലും വിസ്മയമൊരുക്കി ശ്രേയ. ബിഗ് ബി എന്ന ചിത്രത്തിൽ അല്‍ഫോൺസ് ജോസഫ് ഈണമിട്ട വിടപറയുകയാണോ എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു മലയാളത്തിലേക്കെത്തിയത്. നാലു പ്രാവശ്യം സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കി.