Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനാണോ പാടിയതെന്ന് നിങ്ങൾ സംശയിക്കും

shreya ghoshal

സോഷ്യൽ മീഡിയകളിൽ സെലിബ്രിറ്റികളുടെ, പ്രത്യേകിച്ച് പാട്ടുകാരുടെ പേജുകളെ നമ്മൾ പിന്തുടരുന്നതിന്റെ പ്രധാന ഉദ്ദേശ്യം അവരുടെ പാട്ടു കേൾക്കുകയെന്നത് തന്നെ. ആ ആഗ്രഹത്തിൽ ഒരിക്കലും നിരാശ പടർത്തിയിട്ടില്ല ശ്രേയാ ഘോഷാൽ. ശ്രേയയുടെ പാട്ടു കേൾക്കാൻ നമുക്കെത്രയേറെ ഇഷ്ടവും ആകാംക്ഷയുമാണോ അതിന്റെ നൂറിരട്ടിയാണ് ശ്രേയയ്ക്ക് തന്നെ തേടിവരുന്ന ഓരോ പാട്ടുകളോടും. ഇപ്പോഴിതാ റോക്കി ഹാൻസം എന്ന ചിത്രത്തിലെ ഒരു പാട്ട് പാടിക്കഴിഞ്ഞിന്റെ ത്രില്ലിലാണ് ശ്രേയ. ഞാൻ തന്നെയാണോ പാടിയതെന്ന് നിങ്ങൾക്ക് സംശയം തോന്നാം എന്നാണ് ശ്രേയ പറയുന്നത്.

കാരണം മറ്റൊന്നുമല്ല എപ്പോഴും താൻ പതിഞ്ഞ സ്വരത്തിലാണ് പാടുന്നത്. പക്ഷേ ഇവിടെ ഹൈ നോട്സിലൂടെയാണ് താൻ തന്റെ ശബ്ദത്തെ കൊണ്ടുപോയത്. തന്റെ ശബ്ദത്തിന്റെ മറ്റൊരു വശ്യതയാണ് ഈ പാട്ടിലുള്ളതെന്നാണ് ശ്രേയയുടെ പക്ഷം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രേയ പുതിയ പാട്ടനുഭവം പങ്കുവച്ചത്. പാട്ടിന്റെ രണ്ടു വരികളും ശ്രേയ പാടിയിട്ടുണ്ട് വിഡിയോയിൽ. മേരെ രെഹനുമാ എന്ന ഗാനത്തിന് സണ്ണി- ഇന്ദർ ബവ്റ ടീമാണ് ഈണമിട്ടത്. ഇത്രയും ഉയർന്ന സ്ഥായിയിലുള്ള പാട്ട് പാടാനായി തന്നെ പറഞ്ഞു സമ്മതിപ്പിച്ചതിന് ഇവർക്കു ശ്രേയ നന്ദിയും പറഞ്ഞു. ഫേസ്ബുക്കില്‍ ശ്രേയ പങ്കുവച്ച വിഡിയോ ഒരു ലക്ഷത്തോളം പ്രാവശ്യമാണ് ആരാധകർ കണ്ടുകഴിഞ്ഞത്.

വാക്കുകളൊരുക്കുന്ന കുടുക്കുകളെ ശബ്ദത്തിന്റെ മാധുര്യംകൊണ്ട് മറികടന്ന നാദവിസ്മയമാണ് ശ്രേയാ ഘോഷാൽ. കുറേ ഭാഷകളും അതിലേറെ ഭാഷാ ശൈലികളുമുള്ള ഇന്ത്യൻ മണ്ണിലെ ജനതയുടെ മനസിൽ കുറഞ്ഞ കാലയളവിനിടയിൽ സ്നേഹംപൊതിഞ്ഞൊരിടം നേടിയെടുത്ത ഗായികയാണ് ശ്രേയ. ഭാഷ തീര്‍ക്കുന്ന അതിർവരമ്പുകളെ പ്രതിഭയുടെ നിലാവിലൂടെ സുന്ദരമായി മറികടന്നു ശ്രേയ.

റിയാലിറ്റി ഷോ ഇന്ത്യൻ സംഗീതത്തിന് കൈമാറിയ അത്ഭുതമാണ് ഈ ഗായിക. ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് കടമെടുത്ത് ചലച്ചിത്രത്തിൽ ഇതിഹാസമൊരുക്കിയ സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ കണ്ടെത്തലാണ് ശ്രേയ. അദ്ദേഹത്തിന്റെ ദേവ്ദാസ് എന്ന ചിത്രത്തിലെ ബേരി പിയാ എന്ന ഗാനത്തിലൂടെയാണ് ശ്രേയയുടെ പാട്ട് ആദ്യം ലോകം കേട്ടത്. ഈ പാട്ടിലൂടെ പതിനാറാം വയസിൽ ദേശീയ പുരസ്കാരവും നേടി. എം ജയചന്ദ്രൻ ഈണമിട്ട പാട്ടുകൾ പാടിക്കൊണ്ട് മലയാളത്തിലേക്കു വന്ന ശ്രേയയെ നമുക്കും ഏറെയിഷ്ടം.

Your Rating: