Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതാണ് ശരിക്കുള്ള ശ്രേയ എന്ന് കൺഫ്യൂഷനാകും: മെഴുകു പ്രതിമ തയ്യാറാകുന്നു

shreya-ghoshal-wax പ്രതിമ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പിനിടയിൽ

ഗായിക ശ്രേയ ഘോഷാലിനു മെഴുകു പ്രതിമ ഒരുങ്ങുന്നു. പ്രശസ്ത മെഴുകു പ്രതിമ നിർമാതാക്കളായ മഡാം റ്റുഷോഡ്സിന്റെ ‍ഡല്‍ഹിയിലെ കേന്ദ്രത്തിലാണ് ശ്രേയ ഘോഷാലിന്റെയും പ്രതിമ നിർമ്മിക്കപ്പെടുന്നത്. ഗായിക പാടുന്ന രീതിയിലുള്ള പ്രതിമയാണ് ഒരുങ്ങുന്നത്. ഡൽഹിയിലെ ഹോട്ടൽ റീഗൽ പാലസിൽ പ്രതിമ പ്രദർശനത്തിനു വയ്ക്കും. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാൻ എന്നിവരുടെ പ്രതിമകളാണ് നിലവില്‍ ഇവിടെയുള്ളത്. ഷാരുഖോ അമിതാഭ് ബച്ചനോ പ്രതിമയ്ക്കരികെ നിന്നാൽ ഏതാണ് യഥാര്‍ഥത്തിലുള്ളതെന്ന് കണ്ടുപിടിയ്ക്കാൻ കൺഫ്യൂഷനാകും. അത്രയേറെ ജീവസുറ്റതാണു നിർമ്മാണം. 

shreya-ghoshal-wax-statue പ്രതിമ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പിനിടയിൽ

പ്രതിമ ഈ വർഷം തന്നെ തയ്യാറാക്കപ്പെടും. നാലു മാസമാണ് ഒരു പ്രതിമ നിർമ്മാണത്തിന് എടുക്കുന്ന സമയം. ഒരുപാട് ത്രില്ലിലാണ് എന്നായിരുന്നു ശ്രേയ ഘോഷാലിന്റെ പ്രതികരണം. ലോകോത്തര പ്രതിഭകളുടെ മെഴുകു പ്രതിമകള്‍ നിർമിച്ച കമ്പനിയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് വലിയ അംഗീകാരമായാണു കാണുന്നത്. ശ്രേയ ഘോഷാൽ പറഞ്ഞു.

shreya-ghoshal-wax-statue1 പ്രതിമ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പിനിടയിൽ

ശ്രേയയുടെ മെഴുകു പ്രതിമ നിർമ്മിയ്ക്കണമെന്ന് ഒരുപാടു പേർ അഭ്യർഥിച്ചതിനെ തുടർന്നാണ്  മഡാം റ്റുഷോഡ്സ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ആളുകൾ സൃഷ്ടി കാണാനെത്തുന്ന ദിവസത്തെ വലിയ ആകാംഷയോടെ കാത്തിരിക്കുകയാണിവർ. 

150 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയാണ് മഡാം റ്റുഷോഡ്സ‍്. ലണ്ടന്‍ ആസ്ഥാനമായ കമ്പനിയ്ക്കു ലോകമൊട്ടാകെ ശാഖകളുണ്ട്. 20 കലാകാരൻമാരടങ്ങുന്ന സംഘമാണ് പ്രതിമ നിർമ്മിക്കുക. 

സഞ്ജയ് ലീലാ ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ശ്രേയ ഘോഷാൽ സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. ദേശീയ അവാർഡ് നേടിക്കൊടുത്ത ബേരി പിയാ...എന്നതുൾപ്പെടെ ആറു പാട്ടുകളാണു പാടിയത്. മെലഡിയകള്‍ക്കിണങ്ങുന്ന സ്വരമാധുരിയുള്ള ശ്രേയ പതിനഞ്ചു വർഷത്തോളമായി ചലച്ചിത്ര സംഗീത രംഗത്ത് സജീവമാണ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ശ്രേയ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിക്കുന്നുണ്ട്.

Your Rating: