Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭംഗിയേറെ ശ്രേയയുടെ പുതിയ പാട്ടുകൾക്കും ഈ അഭിനയത്തിനും!

shreya-ghoshal-new-songs

പാട്ടുകളെ കുറിച്ച് ശ്രേയ ഘോഷാൽ സംസാരിക്കുന്നത് കേട്ടാലറിയാം ആ പാട്ടിനോടുള്ള അവരുടെ ആകാംക്ഷയെത്രമാത്രമാണെന്ന്; നല്ല ഈണങ്ങൾക്കു സ്വരമായതിന്റെ സംതൃപ്തി എത്രമാത്രമാണെന്ന്. ആ വർത്തമാനം എപ്പോഴും അവർ പാടിയ പാട്ടുകളും ആ സ്വരവും പോലെ ആത്മസ്പർശമുള്ളതായിരുന്നു. മലയാളത്തിന്റെ സ്വന്തം ആമിയിലെ പാട്ടുകളേയും പിന്നെ 2018ലെ തന്റെ ആദ്യ സിംഗിൾ ആൽബത്തേയും കുറിച്ച് ശ്രേയ എഴുതിയതും അതുപോലെയാണ്. നല്ല പാട്ടുകൾ പാടിയതിന്റെ സന്തോഷം മുഴുവൻ ആ എഴുത്തിലുണ്ട്. പാട്ടുകൾക്കാകട്ടെ കാലാതിവർത്തിയാകുവാൻ പോന്ന വശ്യതയും. കാലമെന്നും കേൾക്കാൻ കൊതിക്കുന്ന ക്ലാസിക് തലങ്ങളെ അലങ്കരിക്കുന്ന ഗാനങ്ങൾ.

തേരേ ബിനയിൽ ശ്രേയ പാടി അഭിനയിക്കുകയാണ്. നിലാവിൻ നിറമുള്ള ഫ്രെയിമുകളിൽ അവർ കാലൊച്ചയില്ലാതെ പാടിനടക്കുന്നു. ഭൂമിയിലേക്കു വീണു കിടക്കുന്ന ചുവപ്പൻ ദുപ്പട്ടയണിഞ്ഞ്, ഏകാന്തതയുടെ നിഴലില്‍ നിലകൊള്ളുന്ന പഴയ കൊട്ടാരക്കെട്ടിൽ നിന്നു പാടിയിറങ്ങി താരകം പെയ്യുന്ന മഞ്ഞിൻ മൂടുപടമുള്ള പർവ്വതക്കെട്ടിലേക്കു നോക്കി പാദസരക്കിലുക്കമുള്ള പുഴയരികിലേക്കും ഇലകൾ പൊഴിയുന്ന മരച്ചുവടുകളിലൂടെ നടന്നുനീങ്ങുന്ന ശ്രേയയാണു പാട്ടിൽ. ആ കാഴ്ചയോളം ഭംഗിയുണ്ട് അവരുടെ പാട്ടിനും അത് കേൾവിക്കാരിൽ തീർക്കുന്ന അനുഭൂതിയെ കുറിച്ചു പറയുവാനും വാക്കുകളില്ല. ശ്രോതാവിന്റെ ഓരോ വികാര തലങ്ങളേയും കീഴടക്കുന്ന സംഗീതം പാടുകയാണവർ...

തേരേ ബിന തന്റെ ഹൃദയത്തോട് ഏറെ ചേർന്നു നിൽക്കുന്ന ഗാനമാണെന്നു ശ്രേയ പറയുന്നു. നാലാം വയസിൽ തുടങ്ങിയ ഹിന്ദുസ്ഥാനി പഠനം ഇപ്പോഴും തുടരുന്നുണ്ട് ശ്രേയ. മഴ പോലുള്ള ഹിന്ദുസ്ഥാനി രാഗങ്ങൾ പാടി എത്രയോ വേദികളെ അവർ ധന്യമാക്കിയിരിക്കുന്നു. സിനിമ സംഗീതത്തിനപ്പുറമുള്ള ഇത്തരം സംഗീത യാത്രകൾ അവരുടെ ആലാപന വൈഭവത്തിന്റെ ആഴമെന്തെന്ന് പ്രതിഫലിപ്പിക്കുന്നു. ഹിന്ദുസ്ഥാനി രാഗങ്ങളിലെ പാട്ടുകളാണു തേരേ ബിനയിൽ. തുംരി ശൈലിയിലുള്ള, ട്രെഡീഷണല്‍ വരികളെ ദീപക് പണ്ഡിറ്റ് ആണു ചിട്ടപ്പെടുത്തിയത്. 

മലയാളത്തിൽ ശ്രേയ ഘോഷാലിന്റെ ശബ്ദമാധുരിയേയും ആലാപനത്തിലെ അഴകിനേയും ഏറ്റവും മനോഹരമായി അവതരിപ്പിച്ചത് എം.ജയചന്ദ്രനെന്ന സംഗീത സംവിധായകനാണ്. അദ്ദേഹമാണു ആമിയിലെ രണ്ടു ഗാനങ്ങൾ ശ്രേയ ഘോഷാലിനു സമ്മാനിച്ചതും. താൻ ഏറെ കാത്തിരുന്നൊരു ചിത്രമാണ് ആമി എന്നാണ് ശ്രേയയുടെ പക്ഷം. ഹൃദയത്തിലേക്ക് വിങ്ങലായി എത്തുന്ന പാട്ട് സമ്മാനിച്ചതിനു നന്ദി പറഞ്ഞ ശ്രേയ ആമിയായുള്ള മഞ്ജുവിന്റെ അഭിനയം ഗംഭീരം എന്നു പറയുകയും ചെയ്തു.  

വികാരതീക്ഷ്ണമായ ജീവിത സമസ്യകളിലൂടെ കടന്നുപോകുകയും പ്രണയനൊമ്പരവും വിഷാദവും പ്രണയഭംഗിയും അത്രമേൽ സത്യസന്ധമായി എഴുതുകയും ചെയ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതമാണ് ആമിയിൽ പ്രതിപാദിക്കുന്നത്. ആമിയുടെ ജീവിതം പോലെ ആഴമുള്ള സംഗീതമാണു എം.ജയചന്ദ്രൻ നൽകിയതെന്നു പറയുന്നു ആദ്യ രണ്ടു പാട്ടുകളും. ശ്രേയ ഘോഷാലിന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച ഗാനമായേക്കാവുന്ന രണ്ടു പാട്ടുകൾ തന്നെയാണത്. 

കാലമെത്ര മാറിയാലും പാട്ടിന്റെ പിറവിയുടെ സമവാക്യങ്ങൾ തിരുത്തിക്കുറിക്കപ്പെട്ടാലും മാർക്കറ്റിങ് തന്ത്രങ്ങളെത്ര മാറിവന്നാലും കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾ നല്ല പാട്ടുകാർക്ക് ഇനിയും സമ്മാനിക്കപ്പെടുമെന്നു പറയുന്നു ശ്രേയയുടെ ഈ രണ്ട് ഗാനങ്ങളും. ഒരു രാജ്യത്തിന്റെ രണ്ടറ്റങ്ങളിൽ ജീവിക്കുന്ന, തീർത്തും വ്യത്യസ്തരായ മനുഷ്യരുടെ ആസ്വാദന തലങ്ങളെ ഒരേ സമയം പുതിയ സംഗീതത്തിലൂടെ കീഴ്പ്പെടുത്തുകയാണ് ശ്രേയ.