Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടുകാര്യം ഇവിടെ വീട്ടുകാര്യം

siblings-in-malyalam-film

സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ പ്രശസ്തരുടെ മക്കള്‍ പിന്തുടര്‍ച്ചക്കാരാകുന്നത് നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. സംഗീത രംഗത്തും ഈ പതിവുണ്ട്. ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജയും യേശുദാസിന്റെ മകന്‍ വിജയ് യേശുദാസും സുജാതയുടെ മകള്‍ ശ്വേത മോഹനും സംഗീതവഴിയില്‍ മാതാപിതാക്കളുടെ പിന്തുടര്‍ച്ചക്കാരും സ്വന്തമായും ഇടം കണ്ടെത്തിയവരുമാണ്. എന്നാല്‍ മലയാളത്തിലെ പുതിയ ട്രെന്‍ഡ് പെങ്ങമ്മാരെ കൊണ്ടു പാടിക്കുക എന്നതാണ്. പ്രശാന്ത് പിള്ള, രാഹുല്‍ സുബ്രമണ്യന്‍, സച്ചിന്‍ വാരിയര്‍ എന്നീ യുവസംഗീത സംവിധായകരാണ് സഹോദരിയുടെ ശബ്ദം സ്വന്തം പാട്ടുകളില്‍ പരീക്ഷിച്ചു വിജയിച്ചത്. പെങ്ങളായി പോയി എന്നതുകൊണ്ട് ഒരു ചാന്‍സ് കൊടുത്തേക്കാം എന്നു കരുതിയല്ല ഇവരാരും ഈ ശബ്ദങ്ങള്‍ പരീക്ഷിച്ചത് മറിച്ച് ഗായികയുടെ പ്രതിഭയിലുള്ള ആത്മവിശ്വാസം തന്നെയാണ് അവസരം നല്‍കാന്‍ ഇവരെ പ്രേരിപ്പിച്ചത്. സഹോദരന്‍മാരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്ന ഇവരുടെ ആലാപനവും അതു സാക്ഷ്യപ്പെടുത്തുന്നു. 

അരങ്ങിലും അണിയറയിലും പുതുമുഖങ്ങളെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയായിരിന്നിരിക്കണം ആനന്ദത്തിന്റെ ഷൂട്ടിങിലും പോസ്റ്റ് പ്രൊഡക്ഷനിലും. കേന്ദ്രകഥാപാത്രങ്ങളും സംഗീത സംവിധായകനും എല്ലാവരും നവാഗതരാണ് ഗണേശ് രാജിന്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദത്തില്‍. നിര്‍മ്മാതാവ് എന്ന നിലയില്‍ വിനീത് ശ്രീനിവാസന്റെയും ആദ്യത്തെ അനുഭവം. ആനന്ദത്തിന്റെ സംഗീത സംവിധായകന്‍ സച്ചിന്‍ വാരിയരുടെ അനുജത്തി സ്‌നേഹ വാരിയരാണ് ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. 

സ്‌നേഹയെ കൊണ്ടു പാടിക്കാന്‍ പരിപാടിയൊന്നുമില്ലായിരുന്നെന്നും സഹോദരി ഗായികയായത് യാദ്യചികമായിട്ടാണെന്നും സച്ചിന്‍. ആ കഥ സച്ചിന്‍ പറയും 'ആനന്ദത്തിന്റെ കംപോസിഷന്‍ നടക്കുന്ന സമയത്ത് അനിയത്തി വീട്ടില്‍ ഉണ്ടായിരുന്നു. പയ്യേ വീശും കാറ്റില്‍ എന്ന പാട്ടിനു വേണ്ടി ഞാനും സ്‌നേഹയും ചേര്‍ന്നാണ് റഫ് ട്രാക്ക് പാടിയത്. ഇത് പിന്നീട് വിനീത് ശ്രീനിവാസനേയും ഷാന്‍ റഹ്മാനേയും കേള്‍പ്പിച്ചപ്പോള്‍ അവര്‍ക്ക് സ്‌നേഹയുടെ ശബ്ദം ഒരുപാട് ഇഷ്ടപ്പെട്ടു. ആ പാട്ട് സ്‌നേഹ തന്നെ പാടിയാല്‍ നന്നാകുമെന്നു നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് സ്‌നേഹയെ കൊണ്ടു ആ ഗാനം പാടിക്കുന്നത്.' സിനിമയുടെ ഓഡീയോ ജൂക്‌ബോക്‌സ് പുറത്തും വരുന്നതു വരെ വീട്ടിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. സ്‌നേഹയും അശ്വിന്‍ ഗോപകുമാറും ചേര്‍ന്നു ആലപിച്ച ഗാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. സച്ചിനൊപ്പം കോളെജിൽ പഠിച്ച അനു എലിസബത്തിന്റെതാണ് വരികള്‍.

സഹോദരന്റെ സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത്തിന്റെ റെക്കോര്‍ഡ് ഒരുപക്ഷേ പ്രീതി പിള്ളയ്ക്കാകും. അതും വ്യത്യസ്ത ഭാഷകളില്‍. ഹിന്ദിയിലും തമിഴിലും മലയാളത്തിലുമായി സഹോദരന്‍ പ്രശാന്ത് പിള്ളയുടെ സംഗീതത്തില്‍ ഒരു ഡസനോളം പാട്ടുകള്‍ പ്രീതി പാടി കഴിഞ്ഞു. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജീവനക്കാരെ ജര്‍മനും ഇംഗ്ലീഷും പരിശീലിപ്പിക്കുന്ന ഭാഷ വിദഗ്ധ, ഓണ്‍ലൈനില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട 'സ്‌ട്രെയിഞ്ചര്‍ വേയ്‌സിന്റെ' കര്‍ത്താവ്, ഗായിക അങ്ങനെ വിശേഷണങ്ങളും മേല്‍വിലാസങ്ങളും ഏറെയുണ്ട് പ്രീതിക്ക്. ആമേനിലെ 'ഈ സോളമനും ശോശന്നയും' എന്നു തുടങ്ങുന്ന പ്രണയഗാനത്തിന്റെ പിന്നണിയില്‍ മുഴങ്ങി കേട്ട ശബ്ദം പ്രീതിയുടേതായിരുന്നു. പശ്ചാത്തലത്തില്‍ സംഗീതത്തിന്റെ അകമ്പടിയില്ലാതെ റെക്കോര്‍ഡ് ചെയ്ത ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിനു ഉണ്ടായിരുന്നു. പ്രണയവും ലാളിത്യവും നിറയുന്ന വരികളുടെ തീവ്രത നഷ്ടപ്പെടാന്‍ പാടില്ലെന്നു നിര്‍ബന്ധമുള്ളതുകൊണ്ടാവാം സംഗീത സംവിധായകന്‍ പശ്ചാത്തലത്തില്‍ സംഗീതം ഒഴിവാക്കിയത്. സംഗീതത്തിന്റെ അകമ്പടിയില്ലാതെ ഗായികയുടെ ശബ്ദത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു പ്രശാന്തിനു മുന്നിലുണ്ടായിരുന്നത്. പക്ഷേ ഗായികയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനു രണ്ടാമാത് ആലോചിക്കേണ്ടി വന്നില്ല. സംഗീത വഴിയില്‍ തനിക്കൊപ്പം സഞ്ചരിച്ച അനിയത്തിക്കുട്ടിയുടെ കയ്യില്‍ ആ പാട്ട് സുരക്ഷിതമായിരിക്കുമെന്നു പ്രശാന്തിനു ഉറപ്പായിരുന്നു. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള ആൾ സഹോദരനാണെന്ന് പ്രീതിയും സാക്ഷ്യപ്പെടുത്തുന്നു. ആദ്യ നോവല്‍ പ്രീതി സമര്‍പ്പിക്കുന്നതും സഹോദരനാണ്. 

നായികയായും ഗായികയായും പേരെടുത്ത ശേഷമാണ് രമ്യ നമ്പീശന്‍ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യന്റെ സംഗീതത്തില്‍ പാടിയത്. 'ആണ്ടെ ലോണ്ടെ', 'വിജന സുരഭി', 'മുത്തുച്ചിപ്പി പോലൊരു', 'ഈ മഴമേഘം' തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത ഗായികയാണ് രമ്യ. തമിഴില്‍ യുവന്‍ ശങ്കര്‍രാജയുടെ സംഗീതത്തിലും രമ്യ അടുത്തിടെ പാടി. രാഹുല്‍ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ഫിലിപ്പ്‌സ് ആന്‍ഡ് ദി മങ്കിപെന്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് ചേച്ചിയെ കൊണ്ടു ആദ്യം പാടിച്ചത്. ചിത്രത്തിന്റെ പ്രൊമോ ട്രാക്കായിരുന്ന 'ബാല്യത്തില്‍ നാം കണ്ട' എന്ന ഗാനമായിരുന്നു അത്. വിജയ് ബാബു-കാവ്യ മാധവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ആകാശവാണി'യിലെ 'മായും സന്ധ്യേ അണയാക്കിരണം' എന്ന ഗാനമാണ് രമ്യ അനുജന്റെ സംഗീതത്തില്‍ അവസാനം പാടിയ ഗാനം.