Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ മകൻ, എല്ലാ അർഥത്തിലും

siddharth-shankar-mahadevan

ഇരുപത്തിമൂന്ന് വയസേയുള്ളൂ സിദ്ധാർഥിന്. ഈ ചുരുങ്ങിയ കാലയളവിൽ സിനിമാ ലോകത്ത് സിദ്ധാര്‍ഥ് മഹാദേവൻ എന്ന പേര് ആവര്‍ത്തിക്കപ്പെട്ടത് ഗായകൻ ശങ്കർ മഹാദേവന്റെ മകന്‍ എന്ന ലേബലിൽ മാത്രമല്ല. ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ ഹിറ്റുകൾ ആവർത്തിക്കുന്ന സിദ്ധാർഥിന്റെ  തീൻ ഗവാ ഹേ ഇഷ്ഖ് കെ എന്ന പുതിയ ഗാനവും ആസ്വാദകഹൃദയങ്ങളെ കീഴടക്കി മുന്നേറുകയാണ്. 

ഗുൽസാറിന്റെ അതിമനോഹരമായ വരികൾക്ക് സിദ്ധാർഥിന്റെ ആഴമുള്ള സ്വരം പ്രണയ ഭംഗിയേകിയ ഗാനം ചാർട്ട് ബീറ്റുകളിലും ഒന്നാമതാണ്. മിർസിയ എന്ന ചിത്രത്തിൽ‌ അച്ഛനും കൂട്ടുകാരും ചേർന്ന് (ശങ്കർ-ഇഷാൻ-ലോയ് കൂട്ടുകെട്ട്) ഈണമിട്ട ഗാനം വീണ്ടും പാടിയാണ് സിദ്ധാർഥ് ഹിറ്റ് ചാർട്ടിൽ വീണ്ടും ഇടം പിടിച്ചത്. 

ശങ്കർ-ഇഷാൻ-ലോയ് സഖ്യം ഇന്ത്യൻ സംഗീത ലോകത്തെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണിത്. അവരുടെ സംഗീതം കേട്ടും അറിഞ്ഞും പഠിച്ചും വളർന്നതാണ് സിദ്ധാർഥിന്റെ ബാല്യം. ആ പഠനം തന്നെയാണ് സിദ്ധാർഥിന്റെ സംഗീത ജീവിതത്തിന്റെ ബലവും. ഏറ്റവും ആത്മവിശ്വാസത്തോടെയാണ് അവരുടെ സംഗീതം പാടിയതെന്ന് സിദ്ധാർഥ് പറയുന്നു.  മനസിൽ വിരിയുന്ന ചെറിയ ഈണങ്ങളെ കുറിച്ച് ആദ്യം സംസാരിക്കുന്നതും ഇവരോടാണ്. ഇഷാൻ ഞാൻ വെറുതെ മൂളുന്ന ഈണങ്ങളിൽ പോലും ഗിത്താർ വായിക്കും. പിന്നെ എന്തിനാണ് ഭയപ്പെടുന്നത്. ലോയ്‍യും അങ്ങനെ തന്നെ. 

പിന്നെയുള്ളത് അച്ഛനാണ്. തന്റെ കഴിവും ന്യൂനതയുമൊക്കെ വ്യക്തമായി അറിയാവുന്ന ഒരേ ഒരാൾ. പെർഫെക്ഷൻ എന്ന വാക്കിന് ഏറ്റവും പ്രാധാന്യം കൊടുക്കുന്നയാൾ. എനിക്ക് പാടുവാൻ കഴിയുന്നതിന്റെ പരമാവധിയിലേക്ക് അദ്ദേഹം കൊണ്ടുപോകും എന്നെനിക്കുറപ്പുണ്ട്. മറ്റൊരു സംഗീത സംവിധായകനായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാൻ നന്നായി പാടി എന്നു പറഞ്ഞ് അവർ റെക്കോ‍ഡിങ് നിർത്തുമായിരിക്കും. പക്ഷേ അച്ഛൻ അങ്ങനെ ചെയ്യില്ല. എന്നിൽ നിന്ന് ഏറ്റവും സുന്ദരമായ ആലാപനം കിട്ടുന്നതു വരെ അദ്ദേഹം പാടിക്കും. സിദ്ധാർഥ് പറഞ്ഞു. 

shankar-eshaan-loy

സിദ്ധാർഥ് ആദ്യമായി പാടിയ വേദിയിൽ അത് കേട്ടവർ അന്നേ പറഞ്ഞിട്ടുണ്ടാകും ഇവനും അച്ഛന്റെ മകന്‍ തന്നെയെന്ന്. അച്ഛന്റെ വഴിയേ സഞ്ചരിച്ചു പ്രതിഭയറിയിച്ചു മകൻ തിളങ്ങുമെന്ന്. തന്റെ സ്വരം തേടി വരുന്ന ഈണങ്ങളെ പാടി അനുവാചകനെ ആസ്വാദനത്തിന്റെ ഏറ്റവും മനോഹരമായൊരിടത്തേയ്ക്കു കൊണ്ടുപോകുന്നയാളാണ് ശങ്കർ മഹാദേവൻ. ഒരിക്കലെങ്കിലും അദ്ദേഹം പാടിയ വേദിയില്‍ ഇരുന്നിട്ടുണ്ടെങ്കിൽ വീണ്ടും വീണ്ടും ഈ ഗായകന്റെ അടുത്ത വേദിയേതെന്ന് തേടിപ്പോകും നമ്മള്‍. ലൈവ് സ്റ്റേജ് ഷോകളിലും, സിനിമകളിലെ പാട്ടുകളിലും, സംഗീത സംവിധാനത്തിലും സിദ്ധാർഥ് അച്ഛന്റെ മകൻ തന്നെയെന്ന് തെളിയിക്കുകയാണ്.  ഹിന്ദിയിലും മറാത്തിയിലും ആറു ചിത്രങ്ങൾക്കാണ് സിദ്ധാർഥ് ഈണമിട്ടത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാഠി എന്നീ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലായിരുന്നു സിദ്ധാർഥിന്റെ പാട്ടു കേട്ടത്. 

ഭാഗ് മിൽഖാ ഭാഗിലെ സിന്ദാ എന്ന ഗാനമാണ് സിദ്ധാര്‍ഥിന് ബോളിവുഡിലേക്കു വഴിതുറന്നത്. അതോടെ തിരക്കേറിയ സംഗീത ജീവിതത്തിലേക്ക് സ്വതന്ത്രമായ യാത്രയാരംഭിച്ചു സിദ്ധാര്‍ഥ്. സംഗീത സംവിധാനവും ആലാപനവും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ഒരുമിച്ചു കൊണ്ടുപോകുവാനാണ് താൽപര്യമെന്നും സിദ്ധാർഥ് പറയുന്നു. അച്ഛനെ പോലെ സങ്കീർണമായ ഈണങ്ങൾ പാടുന്നതിൽ രസംകണ്ടെത്തുന്നയാളാണ് സിദ്ധാർഥും. മൂന്നാം വയസിലേ തുടങ്ങിയതാണ് ഈ ഇഷ്ടത്തോടൊപ്പമുള്ള യാത്ര. ഹിന്ദുസ്ഥാനിയും കർണാടിക് സംഗീതവും പഠിച്ചുകൊണ്ട് നല്ല പാട്ടുകാരനും സംഗീത സംവിധായകനുമായി മുന്നോട്ടു പോകുവാനാണ് സിദ്ധാർഥ് ആഗ്രഹിക്കുന്നതും. 

Your Rating: