Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ പ്രസ്താവന; മാപ്പ് പറഞ്ഞ് ബോളിവുഡ് ഗായകന്‍

abhijeeth-singer

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി ശിക്ഷിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി എത്തിയ സംഗീതജ്ഞന്‍ അഭിജിത് ഭട്ടാചാര്യ മാപ്പ് പറഞ്ഞു. ''റോഡില്‍ കിടക്കുന്നത് പട്ടികളാണ്. അങ്ങനെ കിടക്കുന്ന പട്ടികള്‍ ചിലപ്പോള്‍ ചത്തെന്നിരിക്കും. റോഡുകള്‍ പാവപ്പെട്ടവന്റെ കുടുംബ സ്വത്തല്ല. തനിക്കും ഒരു വര്‍ഷത്തോളം വീടില്ലായിരുന്നെന്നും എന്നാല്‍ താന്‍ റോഡില്‍ കിടന്നിട്ടില്ലെന്നും''””””” ട്വീറ്റ് ചെയ്ത താരത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലുമുണ്ടായത്. ഇതിനുപിന്നാലെയാണ് താന്‍ ഉപയോഗിച്ച വാക്കുകള്‍ മോശമായിരുന്നെന്നും താന്‍ മാപ്പ് പറയുന്നതായും താരം അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി തന്നെയാണ് താരം മാപ്പപേക്ഷയും നടത്തിയിരിക്കുന്നത്. ഒരു മനുഷ്യന്‍ പട്ടിയെ പോലെ മരണം അര്‍ഹിക്കുന്നില്ല എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന വിശദീകരണത്തില്‍ താന്‍ ഇത്തരത്തില്‍ പ്രതികരിക്കാനുള്ള കാരണം കൂടി അഭിജിത് വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ താന്‍ പൂനെയിലേക്ക് സഞ്ചരിക്കുമ്പോള്‍ ഹൈവേയുടെ മധ്യത്തില്‍ ഒരാള്‍ കിടക്കുന്നത് കണ്ടെന്നും ആയിരകണക്കിന് വാഹനങ്ങള്‍ കടന്നു പോയിട്ടും ആരും തന്നെ അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായില്ലെന്നും അഭിജിത് പറയുന്നു.

തന്റെ ഷെഡ്യുള്‍ ചെയ്ത പരിപാടി കണക്കാക്കാതെ അയാളെ താന്‍ ആശുപത്രിയില്‍ എത്തിച്ചെന്നും തക്കതായ ചികില്‍സ ലഭ്യമാക്കിയെന്നും താരം വ്യക്തമാക്കുന്നു. തന്നെ സോഷ്യല്‍ മിഡിയയില്‍ അസഭ്യം പറയുന്നവരില്‍ ചിലരെങ്കിലും ഇങ്ങനെയൊക്കെ ചെയ്തുകാണും. എന്നാല്‍ എല്ലാരും ചെയ്യില്ല. സല്‍മാന്‍ അദ്ദേഹത്തെ സഹായിക്കുമെന്ന് തനിക്കുറപ്പുണ്ട്. അതിനാല്‍ ഇത്തരം അപകടങ്ങളില്‍ ചെന്നുചാടാതെ സൂക്ഷിക്കുകയെന്നുള്ളതാണ് ആദ്യം എല്ലാവരും ചെയ്യേണ്ടതെന്നും അഭിജിത് ഓര്‍മ്മപ്പെടുത്തുന്നു.

സല്‍മാന്‍ വിഷയത്തില്‍ താന്‍ കുറച്ച് വികാരാധീനനായി പോയെന്നും അപ്പോള്‍ നടത്തിയ ട്വീറ്റിന് മാപ്പ് ചോദിക്കുന്നതായും അഭിജിത് കുറിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ താന്‍ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും ഒഴിവായി നില്‍ക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും താരം പറയുന്നു. അഭിജിതിന്റെ ട്വീറ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മലയാളികള്‍ അദ്ദേഹത്തിന്റെ ഓഫിഷ്യല്‍ പേജുകളില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഈ പൊങ്കാല നന്നായി ഏറ്റതോടെയാണ് താരം മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്.