Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലാപനത്തിലെ തേനും വയമ്പും

തേനും വയമ്പും നാവിൽ തൂവും വാനമ്പാടി ...ഈ പാട്ട് പാടിയ ഗായികയെ ഈ വരിയോടല്ലാതെ മറ്റെന്തിനോട് ഉപമിയ്ക്കാനാണ്‌.. ഈണത്തിന്റെ , ശബ്ദത്തിന്റെ മലയാളിത്തം കൊണ്ട് മലയാളിയുടെ ഗൃഹാതുരതയെയും, പ്രണയത്തെയും , വിരഹത്തെയും , മാതൃത്വത്തെയും സംഗീതമാക്കിയ എസ് ജാനകി എന്ന മഹാഗായികയുടെ പേരിൽ ഒരു പുസ്തകം ഇറങ്ങാൻ തയ്യാറെടുക്കുന്നു. "ആലാപനത്തിലെ തേനും വയമ്പും" എന്ന പേരിലെത്തുന്ന ഗായികയുടെ മലയാള ഗാന ജീവിത സമാഹാരം തയ്യാറാക്കിയിരിക്കുന്നത് ജാനകിയമ്മയുടെ ഏറെ പ്രിയപ്പെട്ടൊരാളാണ് .

എസ് ജാനകി എന്ന ഗായികയുടെ ,അവരുടെ പാട്ടുകളുടെ ഇമ്മിണി വല്ല്യോരാരാധകൻ .. ജാനകിയമ്മയ്ക്ക് പുത്ര തുല്യൻ..അഭിലാഷ് പുതുക്കാട് എന്ന അബുദാബിക്കാരനെ ഇതിനു മുൻപേ തന്നെ മനോരമ പരിചയപ്പെടുത്തിയതാണ് .

അഭിലാഷിന്റെ നീണ്ട പത്തു വർഷത്തെ പ്രയത്നമാണ് ആലാപനത്തിന്റെ തേനും വയമ്പും എന്ന പുസ്തകമായി എത്തുന്നത്‌ . ജാനകിയമ്മ മലയാള സിനിമകൾക്കായി ആലപിച്ചിട്ടുള്ള 2500 ലധികം ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുത്തിട്ടുള്ള 2000 ത്തോളം ഗാനങ്ങൾ അവയുടെ ചരിത്രവും ഉൾക്കൊള്ളിച്ചിരിക്കുന്നു പുസ്തകത്തിൽ. ഓരോ പാട്ടിന്റെയും രൂപപ്പെടലും റെക്കോഡിങ്ങിന്റെയും മറ്റും സാങ്കേതിക വശങ്ങളും ഉൾപ്പെടുന്ന പൂർണ ചരിത്രത്തെ "ആലാപനത്തിന്റെ തേനും വയമ്പും " തുറന്നു കാട്ടുന്നു.

നാല് ഘട്ടങ്ങളായാണ് ജാനകിയമ്മയെന്ന പാട്ടുകാരിയുടെ സംഗീത ജീവിതത്തെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്‌. ജാനകിയമ്മക്കൊപ്പം പ്രവർത്തിച്ച സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, ഗായകർ , അഭിനേതാക്കൾ ഇവരിലൂടെ ജാനകീ സംഗീതം പിന്നിട്ട വഴികൾ വായനക്കാരിലേക്കെത്തുന്നു.

s-janaki-abhilash-stills

വിവിധ ഭാഷകളിലായി 40000 ത്തിലധികം പാട്ടുകൾ പാടിയ ഗായിക. നാല് ദേശീയ പുരസ്കാരങ്ങളും , പല ഭാഷകളിലായി 31 സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കിയ എസ് ജാനകിയെന്ന സംഗീത പ്രതിഭയെക്കുറിച്ചോ അവരുടെ സംഗീത യാത്രയെ കുറിച്ചോ വേണ്ട രീതിയിലുള്ള രചനകളൊന്നും ഇല്ലെന്നുള്ള അറിവാണ് അഭിലാഷിനെ ഈയൊരു പുസ്തകത്തിലേക്ക് എത്തിക്കുന്നത് .ഷാർജയിൽ വെച്ച് ജാനകിയമ്മയെ നേരിട്ട് കണ്ടതോടെ കാര്യങ്ങൾ നേരിട്ട് സംസാരിച്ച് അനുവാദവും വാങ്ങി.മലയാള സിനിമാഗാനരംഗത്തെ നിരവധി പ്രമുഖരുമായി സംസാരിച്ചാണ് ഓരോ പാട്ടുകളുടെയും സൃഷ്ടി മുതലുള്ള ചരിത്രം അഭിലാഷ് ശേഖരിച്ചെടുത്തത്‌ .

ശ്രീകുമാരൻ തമ്പി , പൂവച്ചൽ ഖാദർ , എം കെ അർജുനൻ ,ശ്യാം, മങ്കൊമ്പ് ഗോപാലകൃഷ്ണൻ തുടങ്ങിയവരെല്ലാം ഇങ്ങനെയൊരു പുസ്തക രചനയ്ക്ക് വളരെയേറെ പ്രോത്സാഹനങ്ങൾ തന്നതായി അഭിലാഷ് പറയുന്നു. തന്റെ ജീവിതത്തിലെ അടക്കാനാവാത്ത ആഗ്രഹങ്ങളിലൊന്ന് ' പാട്ടോർമകളുടെ ഈ പുസ്തക സമാഹാരത്തെക്കുറിച്ച് അഭിലാഷിന് പറയാനുള്ളത് അതാണ്.

മലയാളത്തിനു ലഭിച്ച അനുഗ്രഹീത ശബ്ദങ്ങളിലൊന്നിന്റെ ഉടമ... അങ്ങനെയൊരു ഗായികയുടെ മനോഹര ഗാനശേഖരത്തെ, ജീവിതയാത്രയെ വരും തലമുറയ്ക്കും പരിചയപ്പെടുത്താൻ ആലാപനത്തിന്റെ തേനും വയന്പും ഉടനെയെത്തുന്നു.. പ്രിയ ഗായികയ്ക്ക് ഒരു സംഗീതാരാധകന് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർത്ഥമായ ആദരവായിരിക്കും ഈ പുസ്തകം..