Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദു ഭക്തിഗാനം പാടിയതിനു മുസ്‍ലിം ഗായികയ്ക്കെതിരെ ഭീഷണി

suhana-syed

ഹിന്ദു ഭക്തിഗാനം പാടിയതിനു കർണാടകത്തിലെ മുസ്‌ലിം പെണ്‍കുട്ടിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഭീഷണിയും ട്രോളും. പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ സരിഗമപയുടെ കന്നഡ പതിപ്പിലാണ് സംഭവം. സുഹാന സെയ്ദെന്ന 22 കാരിക്കെതിരെയാണ് അപമാനകരമായ പ്രസ്താവനകളും ഭീഷണികളും ഉണ്ടായത്.

ഗജ എന്ന ചിത്രത്തിലെ  ഒരു ഭക്തിഗാനമാണ് സുഹാന ഷോയിൽ പാടിയത്. പാട്ടിന് വിധികർത്താക്കൾ മികച്ച അഭിപ്രായമാണ് പറഞ്ഞതും. ഈ മാസം നാലിനു പരിപാടി പ്രക്ഷേപണം ചെയ്തതിനു ശേഷം മാംഗ്ലൂർ മുസ്‌ലിംസ് എന്ന പേജിൽനിന്ന് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നു. അന്യജാതിയിൽപ്പെട്ട പുരുഷൻമാർക്കു മുൻപിൽ സിനിമാപ്പാട്ട് പാടുകയും സൗന്ദര്യ പ്രദർശനം നടത്തുകയും ചെയ്യുകവഴി എന്തൊക്കെയോ നേടാമെന്നാണ് സുഹാന ചിന്തിക്കുന്നതെന്നായിരുന്നു അവര്‍ ഫെയ്സ്ബുക്കിൽ എഴുതിയത്. ആറു മാസം കൊണ്ടു ഖുറാൻ പഠിച്ചെടുക്കുന്ന കുട്ടികളെ വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. അന്യരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സൗന്ദര്യം പ്രദർശിപ്പിക്കുന്ന സുഹാനയും അതു പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും ഒരിക്കലും സ്വര്‍ഗത്തിലെത്തില്ലെന്നും അവർ പറഞ്ഞു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.

ഇത്തരം ഭീഷണികളെ ഭയമില്ലെന്നും മുന്നോട്ടു പോകുമെന്നുമാണ് സുഹാനയുടെ നിലപാട്. സ്വന്തം കഴിവിനനുസരിച്ച് ഒരിടം കണ്ടെത്താനാകാതെ പോകുന്ന ഒരുപാടു പേരുണ്ട് നമുക്കിടയിൽ. അതിനൊരുപാടു കാരണങ്ങളുമുണ്ട്. സമൂഹത്തിന്റെ ചില കടുംപിടിത്തങ്ങളും അതിനു കാരണമാണ്. തന്റെ നിലപാടിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ പേർ മുന്നോട്ടു വരുമെന്നാണു പ്രതീക്ഷയെന്നും അവൾ വ്യക്തമാക്കി.

സുഹാനയുടെ കുടുംബത്തിനു വേണ്ട പിന്തുണ നൽകണമെന്ന് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയ ഗായകൻ വിജയ് പ്രകാശ് കർണാടകയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.